ദിസ്പുര്‍: ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരാണ് ദുരിതമനുഭവിക്കുന്നത്. വിളവെടുപ്പിന് സമയമായിട്ടും വിപണി ഇല്ലാതെ പഴുത്തുചീഞ്ഞു പോവുകയാണ് ഈ കര്‍ഷകരുടെ പ്രതീക്ഷകള്‍. സാമ്പത്തികനഷ്ടവും ജീവിതപ്രതിസന്ധികളും കണ്ണീരിലാഴ്ത്തുകയാണ് ഇവരെ.

ലോക്ക്ഡൗണ്‍ മൂലം മാസങ്ങളോളം അധ്വാനിച്ച് വളര്‍ത്തിയ പച്ചക്കറികള്‍ വില്‍ക്കാനാവതെയായി. വിളവെല്ലാം നശിച്ചു തുടങ്ങി. സാമ്പത്തികപ്രശ്‌നം വേറെയും. ഓര്‍ത്തിട്ട് ഉണ്ണാനോ ഉറങ്ങാനോ ആവുന്നില്ലെന്ന് അസ്സമിലെ ബോകോവാമരി ഗ്രാമത്തില്‍ നിന്നുള്ള റഹീസുദ്ദീന്‍ എന്ന കര്‍ഷകന്‍ പറയുന്നു. 

നല്ല വിളവ് ലഭിച്ച വര്‍ഷമായിരുന്നു റഹീസിന്‌ ഇത്. എന്നാല്‍ ദുരന്തം പ്രതീക്ഷകളെ ഒന്നാകെ മൂടി. സ്വന്തമായി ഭൂമി ഇല്ലാത്തത് കൊണ്ട് പാട്ടത്തിനെടുത്താണ് റഹീസ്‌ കൃഷി ചെയ്തത്. ഇതിനുള്ള പ്രതിഫലം കൊടുക്കാന്‍ പോലും ഇപ്പോള്‍ സാധിക്കുന്നില്ല. 

tomatoe

പാവയ്ക്ക്, പടവലങ്ങ, വെള്ളരി, റാഡിഷ് തുടങ്ങിയ പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്തത്. എല്ലാം കൃത്യമായി നടന്നാല്‍ 50,000 രൂപയുടെ ലാഭം പ്രതീക്ഷിച്ചതാണ്. എന്നാല്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ എല്ലാം തകര്‍ന്നു. വാഹനങ്ങളോ യാത്രാ അനുമതിയോ ഇല്ലാത്തതിനാല്‍ പച്ചക്കറികള്‍ വിളവെടുക്കാനോ മാര്‍ക്കറ്റിലെത്തിക്കാനോ സാധിക്കുന്നില്ല. പച്ചക്കറികള്‍ പാകമായതോടെ സ്വന്തം വീട്ടിലും അയല്‍വീടുകളിലും വിതരണം ചെയ്തു. കുറേയധികം പച്ചക്കറികള്‍ നിത്യവും പശുക്കള്‍ക്ക് നല്‍കും. ബാക്കിയുള്ളവ ജൈവമാലിന്യമായി സംസ്‌കരിക്കും. അര ലക്ഷത്തോളം രൂപ ലാഭം പ്രതീക്ഷിച്ച ഈ കര്‍ഷകന് ഇന്ന് ഒരു രൂപ പോലും കൃഷിയില്‍ നിന്നും ആദായമായി ലഭിക്കുന്നില്ല.   

റഹീസ്‌ മാത്രമല്ല, ഈ പ്രദേശത്തെ ഇരുന്നൂറോളം കര്‍ഷകര്‍ സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. ആഴ്ച്ചയില്‍ 12500 മെട്രിക് ടണ്‍ പച്ചക്കറിയാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം 20,000 രൂപയുടെ വരെ നഷ്ടമാണ് ഓരോ കര്‍ഷകനും നേരിടുന്നത്. 

എന്നാല്‍ ഇത്തരം ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. പച്ചക്കറികള്‍ നശിച്ചു  പോവാതിരിക്കാന്‍ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനമെങ്കിലും ഒരുക്കിയാല്‍ അല്‍പമെങ്കിലും ആശ്വാസമാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

അസ്സമില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി നടത്തി വിപണി കാത്തിരിക്കുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ലോക്ക്ഡൗണിലൂടെ നേരിടേണ്ടി വന്നിരിക്കുന്നത്.

Content Highlights: ‘I cannot eat or sleep’: In Assam, farmers grown anxious as vegetables go unsold amid lockdown