ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷനാകാന്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുവേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും അദ്ദേഹം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പ്രിയങ്കയും പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. 

ഉത്തരവാദിത്തസംസ്‌കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചത് ആ സംസ്‌കാരത്തിന്റെ തുടക്കമാണ്. തന്റെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ രാഹുലിന്റെ നിലപാടിനോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

'ഞങ്ങള്‍ അധ്യക്ഷ പദം ഏല്‍ക്കേണ്ട എന്നാണ് രാഹുല്‍ പറഞ്ഞത്. അതിനോട് ഞാനും പൂര്‍ണമായും യോജിക്കുന്നു പാര്‍ട്ടിക്ക് അതിന്റെ ദിശ കണ്ടെത്തേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' പ്രിയങ്ക പറഞ്ഞു. 'നാളത്തെ ഇന്ത്യ' എന്ന വിഷയത്തില്‍ രാഷ്ട്രീയത്തിലെ പുതുതലമുറ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ് പ്രിയങ്കയുടെ പരാമര്‍ശം. 

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ നേതാവായി അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രിയങ്ക പറയുന്നു' യുപിയില്‍ നിങ്ങളെ ആവശ്യമില്ല, ആന്‍ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ ഞാന്‍ അവിടേക്ക് പോകും.' പ്രിയങ്ക പറയുന്നു. 

തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചൊഴിഞ്ഞത്. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി സോണിയാഗാന്ധി ചുമതലയേറ്റിരുന്നു. താത്കാലിക അധ്യക്ഷയായി സോണിയയും ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ്‌ പാര്‍ട്ടി അധ്യക്ഷന് വേണ്ടിയുളള മുറവിളി വീണ്ടും ശക്തമായത്. 

Content Highlights:'I am in full agreement with him' says Priyanka Gandhi Vadra