കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കെത്തിയതാണെന്നതിന് കൂടുതല്‍ വിശദീകരണം നല്‍കി ഗവേഷകര്‍. മനുഷ്യനില്‍ വ്യാപിക്കാനുള്ള കഴിവും രൂപം മാറാനുള്ള കഴിവും ലഭിച്ചതോടെയാണ് വ്യാപനം തുടങ്ങിയതെന്ന് ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകസംഘം പറയുന്നു. 

മനുഷ്യരെ ബാധിക്കുന്ന കൊറേണ വൈറസിന്റെ ജനിതക വിശകലനം നടത്തിയതായും മൃഗങ്ങളില്‍ ഇതിന്റെ സമാന വകഭേദങ്ങളില്‍ കണ്ടെത്തിയതായും സംഘം പറയുന്നു. വവ്വാലുകളിലാണ് ഏറ്റവും അടുത്ത് സാമ്യത കണ്ടെത്തിയത്.  സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, മനുഷ്യരെ ബാധിക്കാനുള്ള SARS-CoV-2 എന്ന വൈറസിന്റെ കഴിവ് പാംഗലിന്‍ എന്നറിയപ്പെടുന്ന സസ്തനികളില്‍നിന്നു ലഭിച്ചതാണെന്ന് പറയുന്നു. 

ജനിതകഘടകങ്ങളില്‍ മാറ്റം വരുത്താനുള്ള കഴിവ് ആര്‍ജിച്ചതിലൂടെയാണ് ജന്തുക്കളില്‍നിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമറ്റം ചെയ്യപ്പെട്ടു തുടങ്ങിയത്. ഏത് ജീവിയിലേക്കാണോ പ്രവേശിക്കേണ്ടത് അതിന്റെ കോശത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഘടന ഉണ്ടാക്കാന്‍ വൈറസുകള്‍ക്ക് സാധിക്കുന്നു. ഇത് ഏത് കോശത്തിലേക്കുമുള്ള പ്രവേശനം സാധ്യമാക്കുന്നു. 

മനുഷ്യരിലെ കോവിഡ് വൈറസിനാവട്ടെ ഉപരിതലത്തില്‍ കാണുന്ന പ്രോട്ടീന്‍ ആണ് രോഗബാധ ഉണ്ടാക്കുന്നത്. ഇപ്രകാരം വവ്വാലുകളില്‍നിന്നു വെരുകിലേക്ക് പിന്നെ മനുഷ്യനിലേക്ക്,  അല്ലെങ്കില്‍  വവ്വാലുകളില്‍നിന്നു ഒട്ടകങ്ങളിലേക്കും പിന്നീട് മനുഷ്യനിലേക്കും എത്താനാണ് സാധ്യതയെന്ന് പഠനം പറയുന്നു.

Content Highlights: 'How coronavirus jumped from animals to humans decoded