ബെംഗളൂരു: ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ അവഹേളനം നേരിടേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയ കനിമൊഴിക്ക് പിന്തുണയുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ദക്ഷിണേന്ത്യയില്‍നിന്നുള്ള പല നേതാക്കളും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടഞ്ഞത് ഹിന്ദി രാഷ്ട്രീയമാണെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനായ അദ്ദേഹം ആരോപിച്ചു. 

കരുണാനിധിയും കാമരാജും ഇത്തരത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്താന്‍ കഴിയാതിരുന്ന പ്രമുഖരാണ്. തടസങ്ങള്‍ മറികടന്ന് തന്റെ പിതാവ് ദേവഗൗഡയ്ക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞുവെങ്കിലും ഭാഷയുടെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തു. 

ഹിന്ദി അറിയില്ലെന്നും, അതിനാല്‍ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട താന്‍ ഇന്ത്യക്കാരിയാണോ എന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ചോദിച്ചുവെന്നാണ് കനിമൊഴി വെളിപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടമായതിനെപ്പറ്റി പറയാനുള്ള ഉചിതമായ സമയമാണ് ഇത്. നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന ചോദ്യമാണ് കനിമൊഴിക്ക് നേരിടേണ്ടി വന്നത്. കനിമൊഴി എന്ന സഹോദരിക്ക് നേരിടേണ്ടിവന്ന അവഹേളനത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തും. 

ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കളുടെ അവസരങ്ങള്‍ തട്ടിയെടുത്തതിനെയും അവരോട് വിവേചനം കാട്ടിയതിനെക്കുറിച്ചും തുറന്നു പറയാനുള്ള സമയമാണിത്. പ്രധാനമന്ത്രി ആയിരിക്കെ 90-കളില്‍ തന്റെ പിതാവ് ദേവഗൗഡ സ്വാതന്ത്ര്യ ദിനത്തില്‍ ഹിന്ദിയില്‍ പ്രസംഗിക്കാന്‍ നിര്‍ബന്ധിതനായി. ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള കര്‍ഷകരെ ഓര്‍ത്താണ് തന്റെ പിതാവ് അന്ന് സമ്മര്‍ദ്ദത്തിന് വഴങ്ങിയത്. ഹിന്ദി രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആ സംഭവം. ഭരണവര്‍ഗം ദക്ഷിണേന്ത്യക്കാരെ അവഗണിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഹിന്ദി രാഷ്ട്രീയക്കാര്‍ മറ്റുള്ള നേതാക്കളെ ബഹുമാനിക്കാറില്ല. 

ബാങ്കുകള്‍ അടക്കമുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി കിട്ടുന്നതിനുള്ള പരീക്ഷയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് തിരഞ്ഞെടുക്കാന്‍ കഴിയുക. കന്നഡക്കാര്‍ അടക്കമുള്ളവര്‍ക്ക് ഇതുമൂലം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടതുണ്ട്. ഹിന്ദിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലും വിദേശത്തും ചിലവഴിക്കുന്നത്. രാജ്യത്തെ എല്ലാ ഭാഷകള്‍ക്കും ബഹുമാനം ലഭിക്കുന്നതിനായി പോരാട്ടംതന്നെ ആവശ്യമായിരിക്കുന്നുവെന്നും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

Content Highlights: 'Hindi politics prevented many South Indians from becoming PM'