ചെന്നൈ: സാമ്പത്തികത്തട്ടിപ്പുകേസില്‍ തഞ്ചാവൂരിലെ 'ഹെലികോപ്റ്റര്‍' സഹോദരങ്ങളുടെ പേരില്‍ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് കേസെടുത്തു. സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിവന്ന കുംഭകോണം സ്വദേശികളായ എം.ആര്‍. ഗണേഷ്, എം.ആര്‍. സ്വാമിനാഥന്‍ എന്നിവരുടെ പേരിലാണ് കേസ്. ഹെലികോപ്റ്റര്‍ സ്വന്തമായുള്ളതിനാലാണ് ഇവര്‍ ആ പേരില്‍ അറിയപ്പെടുന്നത്.

തുക ഇരട്ടിയായി തിരിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സഹോദരങ്ങള്‍ ജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാല്‍, കോവിഡിന്റെ പേരുപറഞ്ഞ് ഇവര്‍ പലര്‍ക്കും പണം തിരിച്ചുനല്‍കാതായി. 15 കോടി രൂപ നഷ്ടപ്പെട്ടെന്ന് ദുബായില്‍ വ്യവസായികളായ ദമ്പതിമാര്‍ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ആ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 

എന്നാല്‍, തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നാണ് കണക്കുകൂട്ടുന്നത്. പണം നഷ്ടമായ ചിലര്‍ചേര്‍ന്ന് കുംഭകോണത്തും പരിസരങ്ങളിലും 600 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് നടപടിയെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗണേഷും സ്വാമിനാഥനും കുംഭകോണത്ത് സ്ഥിരതാമസമാക്കിയത്. ആദ്യം ഡയറി വ്യവസായം തുടങ്ങി. വിക്ടറി ഫിനാന്‍സ് എന്ന സാമ്പത്തിക സ്ഥാപനവും നടത്തിവന്നു. 2019ല്‍ അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഏവിയേഷന്‍ കമ്പനിയും രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് ഒരുവര്‍ഷത്തിനകം പണം ഇരട്ടിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചത്. തുടക്കത്തില്‍ വാഗ്ദാനം പാലിച്ചെങ്കിലും കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടതോടെ ഇവര്‍ കൈയൊഴിയുകയായിരുന്നു. 

കഴിഞ്ഞദിവസം പ്രതികളുടെ ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം മാനേജരെ അറസ്റ്റുചെയ്തു. എന്നാല്‍, പ്രധാനപ്രതികളായ ഗണേഷും സ്വാമിനാഥനും രക്ഷപ്പെട്ടു. ഇരുവരുടെയും 12 കാറുകള്‍ പോലീസ് പിടിച്ചെടുത്തു. സഹോദരങ്ങളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചതായി പോലീസ് അറിയിച്ചു. 

ബി.ജെ.പി.യുടെ വ്യവസായ വിഭാഗത്തിന്റെ തഞ്ചാവൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു ഗണേഷ്. തട്ടിപ്പുകേസ് പുറത്തുവന്നതോടെ ഇയാളെ സ്ഥാനത്തുനിന്ന് നീക്കി.

content highlights: 'Helicopter brothers' of Tamil Nadu's Kumbakonam fly off with Rs 600 crore in get-rich-quick swindle