ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്ത്. കള്ളം പറയുന്നത് രാഹുലിന് ശീലമായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും രാഹുലിനെ പ്രസ്താവനകളെ പരിഹസിക്കാറുണ്ട്. പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും വേദന എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. നിലനില്‍പ്പിനുവേണ്ടി കളളങ്ങള്‍ പറയുന്നത് അദ്ദേഹം ഒരു ശീലമാക്കിയിരിക്കുകയാണ്'- തോമര്‍ പറഞ്ഞു. 

കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് അന്നും കള്ളം പറഞ്ഞു. ഇന്നും അവര്‍ അതുതന്നെ തുടരുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം കാര്യങ്ങള്‍ വ്യക്തമായി പറയുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Content Highlights: 'He lies habitually'- Agriculture minister Tomar takes on Rahul Gandhi for stand on farm laws