മുംബൈ: ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തെ അപലപിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. പ്രതിഷേധിക്കുന്ന കര്‍ഷകരെല്ലാം പഞ്ചാബിലെ കര്‍ഷകരാണെന്ന കേന്ദ്ര നിലപാടിനെ പവാര്‍ വിമര്‍ശിച്ചു. പഞ്ചാബ് എന്താ പാകിസ്താനാണോയെന്ന് ചോദിച്ച പവര്‍ അവരും നമ്മുടെ ഭാഗമാണെന്നും ഓര്‍മപ്പെടുത്തി. 

ഡല്‍ഹിയില്‍ കഴിഞ്ഞ 60 ദിവസമായി തണുപ്പ്, ചൂട്, മഴ എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാതെ യുപി, ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. ഇവരെല്ലാം പഞ്ചാബിലെ കര്‍ഷകരാണെന്നാണ് കേന്ദ്രം പറയുന്നത്. പഞ്ചാബ് എന്താ പാകിസ്താനാണോ? അവരും നമ്മുടെ ഭാഗമാണെന്നും പവാര്‍ വ്യക്തമാക്കി. 

ഈ സര്‍ക്കാര്‍ കര്‍ഷകരെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമെന്ന് നിങ്ങളുടെ ശക്തികൊണ്ട് തെളിയിച്ചുവെന്നും പവാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമരം നയിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈ ആസാദ് മൈതാനത്ത് ഒത്തുകൂടിയ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. 

നിയമത്തിനെതിരേ നിവേദനം സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള കര്‍ഷകരുടെ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച പവാര്‍ ഗോവയിലേക്ക് തിരിക്കുന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷ്‌യാരിയേയും വിമര്‍ശിച്ചു. മഹാരാഷ്ട്ര ഇതിനുമുമ്പ് ഇത്തരമൊരു ഗവര്‍ണറെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന് നടി കങ്കണയെ കാണാന്‍ സമയമുണ്ട്, എന്നാല്‍ കര്‍ഷകരെ കാണാന്‍ മാത്രം സമയമില്ലെന്നും പവാര്‍ പറഞ്ഞു. 

മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചകളില്ലാതെയാണ് പാസാക്കിയത്. നിയമങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും മോദി സര്‍ക്കാര്‍ ചെവികൊണ്ടില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലാതെ നിയമം പാസാക്കുമെന്നാണ് കേന്ദ്രം പറഞ്ഞതെന്നും പവാര്‍ വ്യക്തമാക്കി. 

content highlights: "Governor Has Time To Meet Kangana Ranaut, But Not Farmers": Sharad Pawar