അമേഠി (യു.പി): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ അമേഠിയില്‍ അദ്ദേഹത്തിനെതിരെ മുദ്രാവാക്യങ്ങളുമായി കര്‍ഷകരുടെ പ്രതിഷേധം. അമേഠിയിലെ ഗൗരിഗഞ്ജ് നഗരത്തിലായിരുന്ന കര്‍ഷകരുടെ പ്രതിഷേധം. രാജീവ് ഗാന്ധി ഫണ്ടേഷന്റെ പക്കലുള്ള  ഭൂമി തിരിച്ച് നല്‍കുക. അല്ലെങ്കില്‍ ജോലി നല്‍കുക എന്നതായിരുന്ന കര്‍ഷകരുടെ ആവശ്യം. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ കഴിഞ്ഞ ദിവസം അമേഠി സന്ദര്‍ശിച്ചിരുന്നു. അതിനിടയിലായിരുന്നു പ്രതിഷേധം. ഞങ്ങള്‍ നിരാശരാണ്. അദ്ദേഹം ഇറ്റലിയിലേക്ക് തിരിച്ച് പോകണം. അദ്ദേഹം അമേഠിക്ക് യോഗ്യനല്ല. ഞങ്ങളുടെ ഭൂമി തിരിച്ച് നല്‍കുകയും വേണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

അമേഠി എംപിയായിരുന്നപ്പോള്‍ രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്കു മുന്നിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

1980-ല്‍ ജയിന്‍ സഹോദരന്മാരാണ് കസൂറിലെ വ്യാവസായിക മേഖലയില്‍ 65.57 ഏക്കര്‍ ഏറ്റെടുത്തത്. സൈക്കിള്‍ കമ്പനി നഷ്ടത്തിലായതോടെ വായ്പ തിരിച്ചുപിടിക്കാന്‍ ഭൂമി ലേലം ചെയ്തു. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ് ഒന്നരലക്ഷം രൂപയ്ക്ക് ലേലം പിടിച്ചത്. എന്നാല്‍ ലേലം റദ്ദാക്കിയ കോടതി ഭൂമി യുപി വ്യവസായ വികസന കോര്‍പ്പറേഷനു തിരികെ നല്‍കാനും ഉത്തരവിട്ടു. അന്നുമുതല്‍ രേഖകളില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനാണെങ്കിലും ഭൂമി കൈയാളുന്നത് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റാണ്.

ട്രസ്റ്റിന്റെ മറവില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആരോപിച്ചിരുന്നു.

Content Highlights: "Go Back To Italy": Farmers Protest As Rahul Gandhi Visits Amethi