പനാജി:  സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെ ഭയന്ന് താന്‍ ബീച്ചിലൂടെയുള്ള പ്രഭാത നടത്തം പോലും ഒഴിവാക്കിയെന്ന് ഗോവ ഫിഷറീസ് വകുപ്പ് മന്ത്രി വിനോദ് പലിയേങ്കര്‍.പുറത്തിറങ്ങിയാല്‍ തന്നെ പലരും പിന്തുടരുന്നുവെന്നും തന്റെ ജീവന് ഭീഷണി നിലനില്‍ക്കുന്നുവെന്നും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എംഎല്‍എ ആയ പലിയേങ്കര്‍ പറഞ്ഞു. 

എന്നെ ആരൊക്കെയോ പിന്തുടരുകയാണ്. ഞാന്‍ എവിടെ പോകുന്നുവെന്ന് അവര്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കുന്നുണ്ട്.വീടിനു സമീപത്ത് അഞ്ചുന, ചപോര തുടങ്ങിയ ബീച്ചുകളിലേക്കുള്ള പ്രഭാത നടത്തം പോലും ഭീഷണിയെ തുടര്‍ന്ന് ഞാന്‍ ഒഴിവാക്കി. ഇപ്പോള്‍ വീടിന്റെ ടെറസ്സിലൂടെയാണ് താന്‍ നടക്കുന്നതെന്നും പലിയേങ്കര്‍ പറഞ്ഞു. 

ജീവന് ഭീഷണി ഉളളതായി ഗോവ ചീഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര ശര്‍മ്മയെ അറിയിച്ചിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും പല്ലേയന്‍കര്‍ പറഞ്ഞു. 

ഗോവയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നേരത്തെ തന്നെ പലിയേങ്കര്‍ രംഗത്തെത്തിയിരുന്നു. അഞ്ചുന, ചപോര തുടങ്ങിയ തീരപ്രദേശങ്ങള്‍ ഇത്തരം മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 

രാജ്യത്തെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം മേഖലയായ ഗോവ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് മാഫിയകള്‍ സജീവമാകുന്നുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോള്‍ മയക്കു മരുന്ന് മാഫിയയെ കുറിച്ച് മന്ത്രിസഭാംഗത്തിന്റെ തന്നെ തുറന്നു പറച്ചില്‍ പ്രതിപക്ഷത്തിനും പുതിയ ആയുധം നല്‍കിയിരിക്കുകയാണ്.സംസ്ഥാനത്തെ മയക്ക്മരുന്ന് മാഫിയയെ തടയുന്നതില്‍ സര്‍ക്കാര്‍ നിര്‍ജ്ജീവമാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

ഒരു ക്യാബിനറ്റ് മന്ത്രിക്ക് പോലും ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ അനുഭവപ്പെടുന്ന തരത്തിലേക്ക് ഗോവയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആം ആദ്മി വക്താവ് ആഷ്‌ലേ ഡോ റോസാരിയോ അഭിപ്രായപ്പെട്ടു.