ജയ്പുര്‍: എംഎല്‍എമാര്‍ അസ്വസ്ഥരായതും അതിന് പിന്നാലെ നടന്ന സംഭവങ്ങളും സ്വാഭാവികമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ ഒടുവില്‍ തിരിച്ചെത്തിയതായും സംസ്ഥാനത്തിന്റെ നേട്ടത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് അശോക് ഗെഹ്‌ലോത്ത് പറഞ്ഞു. പാര്‍ട്ടിവിട്ടുപോയ സുഹൃത്തുക്കള്‍ തിരിച്ചെത്തി. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സംസ്ഥാനത്തെ സേവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എംഎല്‍എമാര്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ നടന്ന സംഭവങ്ങളും ഒരു മാസത്തോളം അവര്‍ താമസിച്ചതും സ്വാഭാവികം മാത്രം. രാഷ്ട്രത്തെയും സംസ്ഥാനത്തെ ജനങ്ങളെയും സേവിക്കുന്നതിനും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനും നാം ചിലപ്പോള്‍ സഹിഷ്ണുത കാണിക്കേണ്ടതുണ്ടെന്ന് അവരോട് വിശദീകരിച്ചു. - ഗെഹ്‌ലോത്ത് പറഞ്ഞു.
എംഎല്‍എമാര്‍ ഇത്രയും കാലം ഒരുമിച്ചു നിന്നുവെന്നും ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യത്തെ രക്ഷിക്കുന്നതിനായാണ് തന്റെ പോരാട്ടമെന്നും എന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Friends who had gone away are back, will work together: Ashok Gehlot