മുംബൈ: ഗുരുതര കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും കിടക്കകള്‍ കൈവശം വെക്കുന്നതാണ് മുംബൈ ആശുപത്രികളില്‍ കിടക്കകളുടെ കുറവിന് കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് കളിക്കാരും പ്രധാന സ്വകാര്യ ആശുപത്രികളിലെ കിടക്കകള്‍ നീണ്ട കാലത്തേക്ക് കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

" ചില സിനിമാ താരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും നേരിയ നേരിയ രോഗലക്ഷണള്‍ മാത്രമാണുള്ളത്. ചിലര്‍ക്ക് ലക്ഷണങ്ങളുമില്ല. എന്നാല്‍ അവര്‍ സ്വയം സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കുകയും നീണ്ട കാലത്തേക്ക് കിടക്കകള്‍ കൈവശപ്പെടുത്തിയിക്കുകയുമാണ്." - അസ്ലം ഷെയ്ഖ് പറഞ്ഞു.

ഇവര്‍ ആശുപത്രികളില്‍ പ്രവേശിക്കുന്നത് ഒഴിവാക്കിയാല്‍ കിടക്കകള്‍ ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് അവ ലഭിക്കുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. പല ആശുപത്രികളില്‍ രോഗികള്‍ക്ക് വേണ്ട കിടക്കകള്‍ നല്‍കാന്‍ പോലും സാധിക്കുന്നില്ല. ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കോവിഡ് രോഗികളില്‍ പലര്‍ക്കും ഓക്‌സിജന്‍ നല്‍കിയത് വീല്‍ച്ചെയറുകളില്‍ ഇരുത്തിയാണ്.

ഇതിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച 51,751 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാംദിവസമാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അര ലക്ഷം കവിയുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34.58 ലക്ഷമായി. 5.64 ലക്ഷംപേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Content Highlights: ‘Film stars, cricketers occupying hospital beds despite mild COVID-19 symptoms, leading to shortage'