ന്യൂഡല്‍ഹി: കാലാവധി കഴിഞ്ഞ പോളിയോ പ്രതിരോധമരുന്ന് കുട്ടികള്‍ക്കായി വിതരണം ചെയ്‌തെന്ന് ആരോപണം. സിആര്‍പിഎഫിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഗ്രൂപ്പിലുള്ള സൈനികരുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാണ് കാലാവധി കഴിഞ്ഞ പ്രതിരോധമരുന്ന് എത്തിച്ചതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. 

ഒന്നു മതല്‍ നാലു മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കായി മെയ് 16-ന് എസ്ഡിജി കമാന്‍ഡന്റ് റാങ്കിലുള്ള ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ ഡല്‍ഹി പുഷ്പ് വിഹാറിലാണ് വാക്‌സിന്‍ ക്യാമ്പ് നടത്തിയത്. മരുന്ന് നല്‍കുന്നതിന് ഒരാള്‍ക്ക് 300 രൂപ വീതം ഈടാക്കുകയും ചെയ്തു. 

അതേസമയം, സിആര്‍പിഎഫ് മെഡിക്കല്‍ ഡയറക്ടറേറ്റിന്റെ അനുമതി ഇല്ലാതെയാണ് കമാന്‍ഡന്റ് ക്യാമ്പ് നടത്തിയതെന്ന് ആരോപണമുണ്ട്. ഇത്തരം ക്യാമ്പുകള്‍ നടത്തുന്നതിന് മുന്നോടിയായ പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ അനുമതി കൂടി വാങ്ങേണ്ടതുണ്ട്. ഇവരുടെ മേല്‍നോട്ടത്തിലാവണം വാക്‌സിന്‍ വിതരണം. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഹര്‍ഷ വര്‍ധന സ്വകാര്യ ഡോക്ടറുടെ സഹായത്തോടെ ക്യാമ്പില്‍ വാക്‌സിന്‍ വിതരണം നടത്തിയത്. 

രക്ഷിതാക്കളാണ് കിറ്റിനു പുറത്തുള്ള തീയ്യതി കാലാവധി കഴിഞ്ഞതാണെന്ന് പറഞ്ഞത്‌. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. കിറ്റുകള്‍ തിരിച്ചുനല്‍കാനായിരുന്നു ലഭിച്ച പ്രതികരണം. എല്ലാം കാലാവധി കഴിഞ്ഞ മരുന്നല്ലെന്നും കമാന്‍ഡന്റ് പറഞ്ഞു. സംഭവം പുറത്തുവന്നതോടെ സിആര്‍പിഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: ‘Expired’ polio vaccine given to 50 children of CRPF jawans at Delhi camp, probe ordered