ബെംഗളൂരു: കര്‍ണാടകത്തില്‍ അനധികൃതമായി നിര്‍മിച്ച മതസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതിനെതിരേ ഹിന്ദുമഹാസഭ. ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഇവിടെയുളളിടത്തോളം സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുമഹാസഭ സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഹിന്ദുക്കളെ സംരക്ഷിക്കാനായി മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തി. അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മന്ത്രി ശശികല ജോളെ എന്നിര്‍ക്കെതിരേ ആയിരുന്നു ധര്‍മേന്ദ്രയുടെ പരസ്യഭീഷണി. 

ചിത്രദുര്‍ഗയിലും ദക്ഷിണ കന്നഡയിലും മൈസൂരുവിലുമുള്ള ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ തകര്‍ത്തു. ഹിന്ദു സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ആരാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്?  കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്താണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍  സ്ഥിതി സമാനമാകുമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഹിന്ദു മഹാസഭ ഉള്ളിടത്തോളം കാലം, ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ലെന്ന് ധര്‍മേന്ദ്ര പറഞ്ഞു.

ക്ഷേത്രങ്ങള്‍ തകര്‍ത്തതുപോലെ സമാനമായ ഉദാഹരണങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയുമോ? ക്ഷേത്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. നമ്മുടെ ഭരണഘടന തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

കര്‍ണാടകയില്‍ 2009 സെപ്റ്റംബര്‍ 29 ന് ശേഷം നിര്‍മ്മിച്ച പൊതുസ്ഥലങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പൊതുസ്ഥലങ്ങളില്‍ ഏകദേശം 6,395 അനധികൃത മതസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.