ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്കെതിരേ നിശിത വിമര്‍ശനവുമായി കോണ്‍ഗ്രസ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം വളരെ 'ദൃശ്യമായിരുന്നെ'ന്ന് നേരത്തെ മോദി നടത്തിയ 'അദൃശ്യമായ ശത്രു' പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി, പി. ചിദംബരം തുടങ്ങിയവരടക്കം നിരവധി നേതാക്കള്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

'ഒരുപക്ഷേ, ശത്രു അദൃശ്യമായിരിക്കാം. പക്ഷേ, പ്രധാനമന്ത്രീ, താങ്കളുടെ ഭരണത്തിന്റെ പരാജയങ്ങള്‍ വളരെയധികം ദൃശ്യമാണ്', ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. അദൃശ്യനായ ശത്രുവിനെതിരെയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നതെന്ന് കോവിഡ് വ്യാപനത്തിന്റെ സാഹചര്യം ചൂണ്ടിക്കാട്ടി മോദി ഇന്ന് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടാണ് ജയ്‌റാം രമേശിന്റെ വിമര്‍ശനം.

'പ്രധാനമന്ത്രീ, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ രാജ്യത്തെ പോരാളികള്‍ കഷ്ടപ്പെടുകയാണ്. പക്ഷേ, താങ്കള്‍ എന്തുകൊണ്ടാണ്‌ അവരെ പിന്തുണയ്ക്കാത്തത്? നിങ്ങള്‍ അപ്രത്യക്ഷനായിരിക്കുന്നു', കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വിമര്‍ശിക്കുന്നു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. വാക്‌സിന്‍ വാങ്ങുന്നത് കേന്ദ്രീകൃതമായി ആയിരിക്കണമെന്നും വിതരണം വികേന്ദ്രീകരിച്ച് നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

കോവിഡ് മാഹാമാരി ദിനംപ്രതി ആയിരങ്ങളുടെ ജീവനെടുക്കുമ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരേ പി. ചിദംബരം രൂക്ഷവിമര്‍ശനവുമായി രംഗത്തിത്തിയിരുന്നു. ഇന്ത്യയിലെ 60 ശതമാനംവരുന്ന ജനങ്ങളുടെ ജീവന്റെ വിലയ്ക്കു തുല്യമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. '18 വയസ്സിന് മുകളിലുള്ള 120 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 35,000 കോടി രൂപയാണ് വേണ്ടത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചെലവ് 20,000 കോടി രൂപയാണ്, ചിലപ്പോള്‍ അതിലും കൂടും. ഒരു വ്യക്തിയുടെ പൊങ്ങച്ചത്തിന് 60 ശതമാനംവരുന്ന ഇന്ത്യന്‍ ജനതയുടെ വിലയുണ്ട്', ചിദംബരം ട്വീറ്റില്‍ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനാവാതെ രാജ്യം ദാരുണമായ സ്ഥിതിയിലൂടെ കടന്നുപോകുന്നതിനിടെ മഹാമാരിയില്‍ വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 'കൊറോണ വൈറസ് കാരണം നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നമ്മളില്‍ പലരും അനുഭവിച്ച ആ വേദന എനിക്ക് അതുപോലെ തന്നെയാണ് അനുഭവപ്പെടുന്നത്. നിങ്ങളുടെ പ്രധാന സേവകനെന്ന നിലയില്‍ ഞാനത് പങ്കിടുന്നു. രാജ്യം അദൃശ്യനായ, രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു ശത്രുവിനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നൂറു വര്‍ഷത്തിനിടയിലെ ലോകം അഭിമുഖീകരിച്ച ഏറ്റവും മോശമായ മഹാമാരി ഓരോ ചുവടിലും ലോകത്തെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് മുന്നിലുളളത് അദൃശ്യനായ ശക്തിയാണ്', പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: 'Enemy may be invisible, your governance failures are very visible': Congress