കൊല്‍ക്കത്ത: വിജയ ദശമി ദിനത്തില്‍ ആയുധങ്ങള്‍ പൂജിക്കുമെന്ന വിശ്വഹിന്ദു പരിക്ഷത്തിന്റെ പ്രഖ്യാപനത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ടു കളിക്കരുതെന്ന് മമത മുന്നറിയിപ്പ് നല്‍കി. 

ആയുധങ്ങളുമേന്തിയുള്ള ഒരു റാലിയും അനുവദിക്കില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മമത വ്യക്തമാക്കി. ആയുധമേന്തിയുള്ള റാലിക്കെതിരെ ബംഗാള്‍ പോലീസ് മേധാവിയും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചു. 

ബംഗാളിന്റെ സമാധാനം ഇല്ലാതാക്കി സംസ്ഥാനത്തിന്റെ സംസ്‌കാരത്തെ വേദനിപ്പിക്കാമെന്ന് ആര്‍എസ്എസ്സോ ബജ്രംഗ്ദള്ളോ വിഎച്ച്പിയോ ചിന്തിക്കുന്നുണ്ടെങ്കില്‍ തീ കൊണ്ടു കളിക്കരുതെന്ന് അവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്ന് നബന്നയില്‍ ചേര്‍ന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ മമത പറഞ്ഞു. 

രാമനവമി ആഘോഷങ്ങളില്‍ക്കിടെ കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘം ആയുധങ്ങളും വഹിച്ചു കൊണ്ട് ബംഗാളില്‍ റാലി നടത്തിയിരുന്നു. ഇതിനു പിന്നാലെ വിജയദശമി ദിനത്തില്‍ ആയുധ പൂജ നടത്തുമെന്ന് വിഎച്ച്പിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൂജ ആഘോഷങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മമത രംഗത്തെത്തിയത്. 

അതേസമയം ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇസ്ലാം വിഭാഗക്കാരുടെ മുഹറം ചടങ്ങുകളുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 30 വൈകുന്നേരം ആറ് മണിക്ക് പൂജാ ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അല്‍പ്പം അയവ് വന്നിട്ടുണ്ട്. ഗണപതി വിഗ്രഹ നിമഞ്ജന ആറ് മണി വരെ എന്നുള്ളത് രാത്രി പത്ത് മണി വരെയെന്ന് നീട്ടിയിട്ടുണ്ടെന്നും സെക്രട്ടറിയേറ്റില്‍ അവര്‍ വ്യക്തമാക്കി.