ന്യൂഡല്‍ഹി: കോവിഡ് ദൈവത്തിന്റെ പ്രവൃത്തിയാണെന്നും അത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെന്നുമുള്ള ധനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രനയങ്ങള്‍ക്കെതിരെ ചിദംബരം വീണ്ടും രംഗത്തെത്തിയത്. മനുഷ്യനുണ്ടാക്കിയ ഒരു ദുരന്തത്തിന് ദൈവത്തെ പഴിക്കരുത് എന്നാണ് ചിദംബരം പരിഹസിച്ചത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ ജിഡിപി 24 ശതമാനം ഇടിവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്‍ധനമന്ത്രി കൂടിയായ ചിദംബരത്തിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് വെറും തമാശ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"ദൈവത്തെ പഴിക്കുന്നതിന് പകരം നിങ്ങള്‍ ദൈവത്തിന് നന്ദി പറയുക. രാജ്യത്തെ കര്‍ഷകരെ ദൈവം അനുഗ്രഹിച്ചു. മഹാമാരി സ്വാഭാവിക ദുരന്തമാണ്. എന്നാല്‍ നിങ്ങളിപ്പോള്‍ ഒരു സ്വാഭാവിക ദുരന്തത്തെ മനുഷ്യനിര്‍മിത ദുരന്തവുമായി കൂട്ടിചേര്‍ക്കുന്നു", മുന്‍ധനമന്ത്രി എന്ന നിലയ്ക്ക് നിലവിലെ ധനമന്ത്രിക്ക് എന്ത് ഉപദേശം നല്‍കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങളില്‍ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവുമെന്ന മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്റെ വാദങ്ങളേയും ചിദംബരം ചോദ്യംചെയ്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതീക്ഷ പങ്കുവെയ്ക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ വാദങ്ങളേയും റിപ്പോര്‍ട്ടുകളേയും തള്ളിക്കളയുന്നതായിരുന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി നേരിടാന്‍ കറന്‍സികള്‍ അച്ചടിക്കാമെന്നും അത് സര്‍ക്കാരിന്റെ അധികാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇത് പണം വാങ്ങാനും ചെലവഴിക്കാനും ഡിമാന്‍ഡ് വര്‍ധിപ്പിക്കാനുമുള്ള സമയമാണ്. സാധാരണക്കാരന്റെ കൈകളിലേക്ക് പണം എത്തണം. ഉപഭോഗം വര്‍ധിക്കണം. പകരം പ്രധാനമന്ത്രി മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വെറും കോമാളിത്തരമാണ്.'
'ദൈര്‍ഘ്യമേറിയ ഒരു തുരങ്കത്തിലൂടെ നോക്കുകയാണ് നാം ഇപ്പോള്‍. ചിലപ്പോള്‍ ഏറ്റവും അറ്റത്ത് ഒരു പ്രകാശം കണ്ടേക്കാം. അത് കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ നോക്കിയില്ലെങ്കില്‍ ഒരിക്കലും അവസാനം കാണാത്ത ഒരു തുരങ്കമായി അത് മാറിയേക്കാം', അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ (ജിഡിപി) റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 23.9 ശതമാനം ഇടിവാണ് സംഭവിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലാണ് ഇടിവ്. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്.
Content Highlights: "Don't Blame God For Man-Made Disaster"- P Chidambaram's Dig At Centre