ലഖ്‌നൗ:  പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ച അമരീന്ദര്‍ സിങ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ വിഭജനനയത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. 

വിശ്വാസത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ഭിന്നത ഉണ്ടാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ഇപ്പോള്‍ മാലേര്‍കോട്‌ല  ജില്ല രൂപീകരിക്കുന്നത് കോണ്‍ഗ്രസിന്റെ വിഭജിപ്പിക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു. 

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്‌ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലയായ മലെര്‍കൊട്‌ലയെ ഒരു സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കുക എന്നത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. 

ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മാലേര്‍കോട്‌ലയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. 

ജില്ലാ ആസ്ഥാനം ഒരുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കാന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ നവാബ് ഷേര്‍ മുഹമ്മദ് ഖാന്റെ പേരില്‍ 500 കോടി രൂപയുടെ മെഡിക്കല്‍ കോളേജ് നിര്‍മിക്കുമെന്ന് അമരീന്ദര്‍ സിങ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 25 ഏക്കര്‍ അനുവദിച്ചു. റോഡ് വികസനത്തിനായി 25 കോടിയും പുതിയ ബസ് സ്റ്റാന്റ് നിര്‍മാണത്തിനായി പത്ത് കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

നേരത്തെ സംഗ്രുര്‍ ജില്ലയുടെ ഭാഗമായിരുന്നു മാലേര്‍കോട്‌ല. സംഗ്രൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മാലേര്‍കോട്‌ലയെ ജില്ലയായി ഉയര്‍ത്തുമെന്ന് തിരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നു. പ്രദേശത്തെ ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മുബാറക് മന്‍സില്‍ പാലസ് നവീകരിക്കുമെന്നും പുതിയ ജില്ല നിലവില്‍ വന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: "Divisive Policy": Yogi Adityanath Slams Creation Of New Punjab District