ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. തയ്യാറെടുക്കാന്‍ ഒരു വര്‍ഷമുണ്ടായിട്ടും ഇന്ത്യ കാത്തുനിന്നെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. വാക്‌സിന്‍ സ്വീകരിക്കാവുന്ന കുറഞ്ഞ പ്രായപരിധി 25 ആയി കുറക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് സോണിയയുടെ വിമര്‍ശം.

കോവിഡ് മഹാമാരി രാജ്യംനേരിടുന്ന വെല്ലുവിളിയാണെന്നും രാഷ്ട്രീയത്തിന് അതീതമായാണ് ഇതിനെ നേരിടേണ്ടതെന്നും അവര്‍ പറഞ്ഞു. "കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചുവെന്ന വസ്തുത കാണാതിരിക്കാനാകില്ല. തയ്യാറെടുക്കാന്‍ ഒരു വര്‍ഷമുണ്ടായിട്ടും ഖേദകരമെന്നു പറയട്ടെ, നമ്മള്‍ വീണ്ടും കാത്തു നിന്നു", അവര്‍ പറഞ്ഞു.

വാക്‌സിന്‍, മരുന്നുകള്‍, കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയുടെ ലഭ്യതക്കുറവിലും സോണിയ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. മെഡിക്കല്‍ ഉപകരണങ്ങളുടെയും കിടക്കകളുടെയും ലഭ്യതക്കുറവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് അവര്‍ പറഞ്ഞു. വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചും മരുന്നുകളുടെ കുറവിനെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. 

വിഷയത്തില്‍ പ്രധാനമന്ത്രി തുടരുന്ന മൗനത്തെയും സോണിയ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കാവുന്ന കുറഞ്ഞ പ്രായപരിധി 25 ആയി കുറക്കണമന്നെും അവര്‍ ആവശ്യപ്പെട്ടു. കുറഞ്ഞ പ്രായം 25 ആക്കി കുറച്ച് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നവരുടെ മുന്‍ഗണന സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും മറ്റ് അസുഖങ്ങളുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

Content Highlights: "Despite A Year To Prepare...": Sonia Gandhi Slams Centre Over Covid