ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും കോവിഡ് വാക്‌സിനുകളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ണായക പ്രതിരോധമരുന്നായി കണക്കാക്കപ്പെടുന്ന റെംഡെസിവിര്‍ തടഞ്ഞു വെക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഭ്യമായ റെംഡെസിവിറിന്റെ  വിതരണത്തിനായി അപേക്ഷിക്കുകയും ഓരോ വയലിനും വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുമ്പോള്‍ സുപ്രധാന പദവിയിലിരിക്കുന്ന ഒരു വ്യക്തി അതിന്റെ പൂഴ്ത്തിവെയ്പ് നടത്തുന്നത്  മനുഷ്യവര്‍ഗത്തിനെതിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് പ്രിയങ്ക പറഞ്ഞു. 

ഫഡ്‌നാവിസ് ഉള്‍പ്പെടുന്ന ഒരു വീഡിയോ ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് പ്രിയങ്ക രൂക്ഷവിമര്‍ശനം നടത്തിയത്. രാജ്യത്തിന്റെ ഓരോ കോണിലും ജനങ്ങള്‍  ജീവന്‍ രക്ഷാമരുന്നായി റെംഡെസിവിറിനെ കണക്കാക്കുകയും റെംഡെസിവിര്‍ ലഭ്യമാക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പ്രമുഖ ബിജെപി നേതാവിന്റെ പ്രവൃത്തി മനുഷ്യത്വത്തിനെതിരെയുള്ള അതിക്രമമാണെന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

റെംഡെസിവിറിന്റെ കയറ്റുമതിയില്‍ നിരോധനം നിലവിലുള്ളപ്പോള്‍ മുംബൈയില്‍ നിന്ന് വന്‍തോതില്‍ വയലുകള്‍ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്‌നാവിസിന്റെ വീഡിയോയാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. മരുന്ന് നിര്‍മാണക്കമ്പനിയുടെ പ്രതിനിധികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പോലീസ് നടപടിയെ ഫഡ്‌നാവിസ് രൂക്ഷമായി വിമര്‍ശിക്കുന്നത് വീഡിയോയിലുണ്ട്. 

എന്നാല്‍, ഗുജറാത്ത് സര്‍ക്കാര്‍ ചെയ്ത പോലെ റെംഡെസിവിര്‍ വയലുകള്‍ ലഭ്യമാക്കി മഹാരാഷ്ട്രയില്‍ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് ഫഡ്‌നാവിസിനെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. രോഗവ്യാപന സമയത്ത് സംസ്ഥാനസര്‍ക്കാര്‍ അനാവശ്യമായി രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിക്കുകയും ചെയ്തു. സര്‍ക്കാരിന് മാത്രം വിതരണാനുമതിയുള്ളപ്പോള്‍ ഒരു സ്വകാര്യവ്യക്തിയ്ക്ക് എത്തരത്തിലാണ് വാക്‌സിന്‍ വിതരണം നടത്താനാവുന്നതെന്ന് ബിജെപിയുടെ ന്യായീകരണത്തോട് പൊതുപ്രവര്‍ത്തകനായ സാകേത് ഗോഖലെ പ്രതികരിച്ചു. 

 

 

Content Highlights: 'Crime Against Humanity'Priyanka Gandhi Accuses Fadnavis of Hoarding Remdesivir