ഹനുമാന്‍ഗഡ് (രാജസ്ഥാന്‍): കോണ്‍ഗ്രസ് നേതാക്കളുടെ വീക്ഷണമില്ലായ്മയും പിടിപ്പുകേടും കാരണമാണ് സിഖ് ഗുരുദ്വാരയായ കര്‍ത്താര്‍പൂര്‍ പാകിസ്താനിലായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാരണത്താല്‍ ഇന്ത്യയിലെ സിഖ് മത വിശ്വാസികള്‍ക്ക് വേണ്ടി നിര്‍മിച്ച ഗുരുദ്വാരയിലേക്ക് പോകാന്‍ അവര്‍ക്ക് 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നെന്ന് മോദി പറഞ്ഞു. 

കോണ്‍ഗ്രസിന് ഗുരു നാനാകിന്റെ പ്രാധാന്യം അറിയില്ലെന്നും സിഖ് വികാരങ്ങളോട് ബഹുമാനമില്ലെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്താനാണ് തന്റെ വിധിയെന്നും ഹനുമാന്‍ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മോദി പറഞ്ഞു. 

കര്‍ത്താര്‍പൂര്‍ ഇടനാഴി നേരത്തെ തുറന്നു കൊടുക്കേണ്ടതായിരുന്നുവെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്ത് വന്നിരുന്നു. അതിര്‍ത്തി നിര്‍ണയിച്ചവര്‍ ചെയ്ത മൗലികമായ തെറ്റിന്റെ ഫലമായാണ് കര്‍ത്താര്‍പൂര്‍ പാകിസ്താനിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച കര്‍ത്താര്‍പൂര്‍ ഗുരുദ്വാര പാക് അതിര്‍ത്തിക്കുള്ളില്‍ രവി നദിക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഗുരു നാനാക് 18 വര്‍ഷത്തോളം ചെലവഴിച്ച ഗുരുദ്വാര സിഖുകാര്‍ പരിപാവനമായി കണക്കാക്കുന്ന സ്ഥലമാണ്‌.

നവംബര്‍ 27നാണ് ഇടനാഴി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്...

Content Highlight: "Correcting Congress' Mistakes Was My Destiny," Says PM Modi On Kartarpur