റായ്പുര്‍: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തമ്മില്‍ തര്‍ക്കമുണ്ടെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. രാജ്യം മുഴുവന്‍ ആ തര്‍ക്കത്തിന്റെ വില നല്‍കുകയാണെന്നും ഭൂപേഷ് ബാഘേല്‍ കുറ്റപ്പെടുത്തി. റായ്പുരില്‍ വെച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ കാലക്രമത്തില്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുമ്പോള്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നു. ആരാണ് ഇവിടെ സത്യം പറയുന്നത്, ആരാണ് കള്ളം പറയുന്നത്? ഇക്കാര്യത്തില്‍ രണ്ടു നേതാക്കന്‍മാരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് രാജ്യം ദുരിതം അനുഭവിക്കുന്നത്, '' ഭൂപേഷ് ഭഘേല്‍ വ്യക്തമാക്കി 
 
മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ബിജെപി ഭരണത്തിന്റെ ആദ്യ അഞ്ചുവര്‍ഷങ്ങളില്‍ നരേന്ദ്ര മോദി നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നടപ്പാക്കി. കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസങ്ങളായി അമിത്ഷാ ആണ്  തീരുമാനങ്ങളെടുക്കുന്നത്. 370-ാം അനുച്ഛേദം റദ്ദാക്കിയത് അമിത് അമിത് ഷായാണ്. പിന്നാലെ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. 

ദരിദ്രര്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും എങ്ങനെ ഹാജരാക്കാന്‍ കഴിയുമെന്ന ആശങ്കയും  ഭൂപേഷ് ബാഘേല്‍ മുന്നോട്ട് വെച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തുടനീളം നടപ്പിലാക്കിയാല്‍ അതില്‍ ഒപ്പിടാത്ത ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് ഭൂപേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight:"Conflict between Amit Shah, Modi": Bhupesh Baghel