അഹമ്മദാബാദ്: ഗുജറാത്തില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് മുഖാവരണം ധരിക്കാത്തവര്‍ക്ക് ശിക്ഷയായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം ചെയ്യിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചതായും വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നിരവധി പരിപാടികള്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 800 രൂപയായി കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.  രോഗിയെ വീട്ടിലെത്തി പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് 1,100 രൂപയാണ് നല്‍കേണ്ടത്. നേരത്തെ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി 1,500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു. 

സംസ്ഥാനത്തെ വലിയ നാല് നഗരങ്ങളായ അഹമ്മദാബാദ്, രാജ്‌കോട്ട്, സൂററ്റ്, വഡോദര എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നവംബര്‍ 23 മുതല്‍ തുറക്കാനിരുന്ന സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറക്കുന്നതും ഗുജറാത്ത് മാറ്റിവച്ചിരുന്നു.

സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ ഇതുവരെ 211095 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 192,209 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,001 പേര്‍ മരിച്ചു. 14,885 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. 50,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അഹമ്മദാബാദ്, രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങളിലൊന്നാണ്.

Content Highlights: ‘Compulsory community service’ at Covid-19 centres for those not wearing masks, rules Gujarat high court