മുംബൈ: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നേതാക്കളെ ഉപദ്രവിക്കാതിരിക്കാന്‍ പാര്‍ട്ടി വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംഎല്‍എ. ഇക്കാര്യം ഉന്നയിച്ച് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചു.

മുംബൈ, താനെ അടക്കമുള്ള കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നു. കൂടുതല്‍ വൈകുന്നതിന് മുമ്പ് ബിജെപിയുമായി വീണ്ടും കൈകോര്‍ക്കണം- പ്രതാപ് സര്‍നായിക് കത്തില്‍ കുറിച്ചു.

ശിവസേനയും ബിജെപിയും സഖ്യമില്ലെങ്കിലും പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ നല്ലബന്ധമുണ്ട്‌. നമ്മളത് ഉപയോഗപ്പെടുത്തണമെന്നും താനെയിലെ ഓവാല മജിവാഡ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന സര്‍നായിക് വ്യക്തമാക്കി.

'തന്നേയും ശിവസേന നേതാക്കളായ അനില്‍ പരബ്, രവീന്ദ്ര വൈകര്‍, എന്നിവരേയും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുണ്ട്. കുടുംബങ്ങളെ ഉപദ്രവിക്കുകയാണ്' ജൂണ്‍ 10ന് ഉദ്ധവ് താക്കറെയുടെ ഓഫീല്‍ ലഭിച്ച കത്തില്‍ പറഞ്ഞു.

നേതാക്കളെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് ശിവസേന പ്രവര്‍ത്തകര്‍ കരുതുന്നു. അതിന് നല്ലത് പ്രധാനമന്ത്രി മോദിയുമായി വീണ്ടു കൈകോര്‍ക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കഴിഞ്ഞ വര്‍ഷം സര്‍നായികിന്റേയും മകന്‍ വിഹാങ് സര്‍നായികിന്റേയും വിവിധ ഓഫീസുകളിലും കേന്ദ്രങ്ങളിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റെയ്ഡ് നടത്തിയിരുന്ന. ഇരുവരേയും ഇ.ഡി.ചോദ്യം ചെയ്യകയുമുണ്ടായി.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡി സഖ്യത്തിലെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു സഖ്യകക്ഷിയായ എന്‍സിപി ശിവസേനയുടെ എംഎല്‍എമാരെ കാലുമാറ്റാന്‍ നടക്കുകയാണെന്നും സര്‍നായിക് കത്തില്‍ ആരോപിച്ചു. സഖ്യത്തില്‍ കോണ്‍ഗ്രസും എന്‍സിപിയും വളരുകയാണെന്നും അദ്ദേഹം കുറിച്ചു.

ജയിലില്‍ കഴിയേണ്ടി വരുമെന്ന ഭയത്തിലാണ് ശിവസേന എംഎല്‍എയുടെ പ്രതികരണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു.