ദേവരിയ/ഉത്തര്‍പ്രദേശ്: ബിഹാറിന് പിന്നാലെ യുപിയിലും സംരക്ഷണകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ലൈംഗികവൃത്തിക്ക് ഉപയോഗിച്ച വാര്‍ത്ത യുപിയിലും.  ദേവരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് 24 പെണ്‍കുട്ടികളെ തിങ്കളാഴ്ച മോചിപ്പിച്ചു.

സംരക്ഷണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.  ഇവരുടെ മകളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ആദ്യകാലങ്ങളില്‍ സംരക്ഷണകേന്ദ്രത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നുവെങ്കിലും നടത്തിപ്പിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സഹായം നിര്‍ത്തലാക്കുകയും സംരക്ഷണകേന്ദ്രം അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ ഉത്തരവ് നടപ്പിലാവാത്തതിനെ തുടര്‍ന്ന് നിയമവിരുദ്ധമായി ഈ കേന്ദ്രം നടത്തിവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 

ആകെ 42 പെണ്‍കുട്ടികളാണ് കണക്കുപ്രകാരം ഇവിടെയുള്ളത്. പക്ഷെ 18 പെണ്‍കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവിടെ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരിയായ പെണ്‍കുട്ടി പോലീസിനെ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. 15നും 18നും ഇടയിലുള്ള പെണ്‍കുട്ടികളെ ലൈംഗികവൃത്തിയ്ക്കും വീട്ടുപണിയ്ക്കും നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കി. 

ബീഹാറിലെ മുസാഫര്‍പുറില്‍ 30 ഓളം പെണ്‍കുട്ടികള്‍ സര്‍ക്കാറിന് കീഴിലുള്ള സംരക്ഷണകേന്ദ്രത്തില്‍ ലൈംഗികചൂഷണത്തിന് വിധേയരായി എന്ന വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് സമാനമായ മറ്റൊരു വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച തന്നെ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന് അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.