ന്യൂഡല്‍ഹി: രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഡല്‍ഹിയില്‍ കോവിഡിനെതിരേ ഒന്നിച്ച് പോരാടണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തകര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. ദേശീയ തലസ്ഥാന പ്രദേശത്തെ കോവിഡ് സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

"രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ മഹാമാരിയെ ചെറുക്കാന്‍ നാമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണം."- അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും ഡല്‍ഹിയിലെ കോവിഡ് സ്ഥിതി സാധാരണ സാധാരണ നിലയിലാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി, എഎപി, കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ കൊറോണ വൈറസ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ഭരണകൂടത്തെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടണമെന്ന് ഷാ നാല് പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹിയിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്ന് അമിത് ഷായും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഒപ്പം ഡല്‍ഹിയോട് അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലുള്ളവര്‍ക്കും പരിശോധന നടത്തും. ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് പരിശോധന അടുത്ത ദിവസങ്ങളില്‍ 18,000ല്‍ എത്തുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പുതിയ പരിഹാരങ്ങള്‍ അവലംബിച്ചുകൊണ്ട് ഡല്‍ഹിയില്‍ കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് ഷാ പറഞ്ഞു. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലെ കോവിഡ് പ്രതിസന്ധിയെ ചെറുക്കുന്നതിനുള്ള നടപടികളും കേന്ദ്രം പ്രഖ്യാപിച്ചു.

Content Highlights: 'Bury differences, unite and work to fight Covid-19 in Delhi’: Amit Shah tells political parties