ലഖ്‌നൗ: താന്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് ഉത്തര്‍പ്രദേശില്‍ പെണ്‍മക്കളും സഹോദരിമാരും കാളകളും പോത്തും ഒന്നും സുരക്ഷിതരല്ലായിരുന്നുവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 

എന്തായിരുന്നു ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ?  മക്കളും സഹോദരിമാരും സുരക്ഷിതരല്ലായിരുന്നു. റോഡിലെ കുഴികള്‍ ഉത്തര്‍പ്രദേശിന്റെ പ്രതീകമായിരുന്നു. കാളകള്‍ക്കും പോത്തുകള്‍ക്കും പോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരുന്നു. പരിഷ്‌കൃതരായ മനുഷ്യര്‍ പോലും രാത്രി തെരുവിലൂടെ നടക്കാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതാണോ സ്ഥിതി?, യോഗി ചോദിച്ചു. ഇപ്പോള്‍ സ്ത്രീകളും കാളകളും പോത്തുകളും സംസ്ഥാനത്ത് ഒരുപോലെ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് എപ്പോഴെങ്കിലും സുരക്ഷിതത്വം അനുഭവപ്പെടുമോ എന്ന് ഞങ്ങളുടെ പ്രവര്‍ത്തകരോട് എപ്പോഴും കുടുംബത്തിലെ സ്ത്രീകള്‍ ചോദിക്കുമായിരുന്നു. പണ്ട് നമ്മുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു. കിഴക്കന്‍ യുപിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ടിടങ്ങളിലും ഒരുപോലെയാണ്. എവിടെയും പ്രശ്നങ്ങളില്ല, ആദിത്യനാഥ് പറഞ്ഞു.

Content Highlights: "Buffalos, Bulls Or Women", All Safe In UP Today: Yogi Adityanath