ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അലോപ്പതി ചികിത്സക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം യോഗഗുരു ബാബ രാംദേവിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് രാംദേവ് ആരോപണം ഉന്നയിക്കുന്നതെന്നും ഐ.എം.എ ആരോപിച്ചു. 

അലോപ്പതിക്കെതിരെ യോഗഗുരു രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇതിനോട് പ്രതികരിച്ചുകൊണ്ട് ഐഎംഎ പത്രക്കുറിപ്പിറക്കി. ഒന്നുകില്‍ കേന്ദ്ര ആരോഗ്യമന്ത്രി ആരോപണം അംഗീകരിച്ച് ആധുനിക മെഡിക്കല്‍ ചികിത്സാ സൗകര്യം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെിനെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയോ വേണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ബാബ രാംദേവ് ആധുനിക അലോപ്പതി ഒരു പരാജയപ്പെട്ട ശാസ്ത്രമാണെന്ന് പറയുന്ന കാര്യം ഐ.എം.എ. പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു. രാംദേവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെയും അലോപ്പതി ഡോക്ടര്‍മാരെ കൊലപാതകികളെന്ന് ബാബ രാംദേവ് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിളിച്ചിട്ടുണ്ടെന്ന് ഐ.എം.എ. പറഞ്ഞു. എന്നിരുന്നാലും, രാംദേവും കൂട്ടാളിയായ ബാല്‍കൃഷ്ണയും രോഗബാധിതരാകുമ്പോള്‍ അലോപ്പതി ചികിത്സ സ്വീകരിച്ചിട്ടുണ്ടെന്നത് പലര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും ഐ.എം.എ. കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Book him under Epidemic Act': IMA asks Centre to take action against Ramdev for remarks against allopathy