ന്യൂഡല്‍ഹി:  ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാനും സുരക്ഷാ സേനയെ സഹായിക്കാനുമായി കശ്മീരില്‍ ബ്ലാക്ക് ക്യാറ്റ് കമ്മാന്‍ഡോകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിന്യസിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ സേനയായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബ്ലാക്ക് ക്യാറ്റ് കമ്മാന്‍ഡോകളെയാണ് കശ്മീരില്‍ വിന്യസിക്കുക. ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് സാധാരണക്കാര്‍ ബന്ധികളാക്കപ്പെടുന്ന സാഹചര്യങ്ങള്‍ നേരിടാനാണ് പുതിയ നീക്കം. നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. 

നിലവില്‍ സിആര്‍പിഎഫ്, കരസേന, സംസ്ഥാന പോലീസ് എന്നിവരാണ് കശ്മീരിലെ ഭീകരവാദികളെ നേരിടുന്നത്. ഭീകരവിരുദ്ധ നീക്കങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ചവരായതുകൊണ്ടാണ് എന്‍എസ്ജി കമ്മാന്‍ഡോകളെ വിന്യസിക്കാന്‍ ആലോചിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതാദ്യമായല്ല എന്‍എസ്ജി കമ്മാന്‍ഡോകളെ കശ്മീരില്‍ വിന്യസിക്കുന്നത്. ഇതിനു മുമ്പും ഭീകരവിരുദ്ധ നടപടികള്‍ക്ക് എന്‍എസ്ജിയുടെ സഹായം തേടിയിട്ടുണ്ട്. 

ഒളിയിടങ്ങളില്‍ വളരെ പെട്ടന്ന് കടന്നുകയറുക, ബന്ധികളെ സുരക്ഷിതമായി മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളതിനാല്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വിജയകരമായി അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. തെലങ്കാനയില്‍ അടുത്തിടെ നടന്ന എന്‍സ്ജിയിടെ പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം  സൂചിപ്പിച്ചിരുന്നു. 

അഞ്ച് പേരടങ്ങുന്ന ചെറുസംഘമായിട്ടാണ് പലപ്പോഴും ബ്ലാക്ക് ക്യാറ്റ് കമ്മാന്‍ഡോകള്‍ സൈനിക നീക്കം നടത്തുന്നത്. അത്യാധുനിക ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് കമ്മാന്‍ഡോകള്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ നടത്തുക. കശ്മീരില്‍ ഭീകര്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന വിവരങ്ങളേ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം.

Content Highlights: National Security Guard (NSG), Kashmir Terrorism