കൊല്‍ക്കത്ത: മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ക്കു മുന്നില്‍ പശ്ചിമ ബംഗാള്‍ തലകുനിക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ഷക വിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

ബംഗാളിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പുറത്തുനിന്നുള്ളവരെ അനുവദിക്കില്ല. മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ക്കു മുന്നില്‍ പശ്ചിമബംഗാള്‍ ഒരിക്കലും തലകുനിക്കില്ല. ബിജെപിയുടെ ദുര്‍ഭരണം സഹിച്ച് മിണ്ടാതിരിക്കുന്നതിനേക്കാള്‍ ജയിലില്‍ കഴിയാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.

എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും നമ്മുടെ നയങ്ങള്‍ മോശപ്പെട്ടതായി മുദ്രകുത്തപ്പെടുകയാണ്. അവരെ സംബന്ധിച്ച്, റഫാല്‍ ഇടപാടില്‍ മോശമായൊന്നുമില്ല. പി.എം കെയേഴ്‌സ് ഫണ്ടില്‍ മോശമായൊന്നുമില്ല. എന്നാല്‍ അംഫന്‍ ചുഴിലിക്കാറ്റ് ഇവിടെയുണ്ടാക്കിയ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവര്‍ക്ക് കണക്കു ലഭിക്കണം, ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മമത പറഞ്ഞു.

Content Highlights: 'Bengal will never bow its head to murderers of Mahatma Gandhi': Mamata Banerjee