ന്യൂഡല്‍ഹി: സ്വന്തം മണ്ഡലമായ ഗാസിയാബാദിലെ കോവിഡ് ബാധിതനായ വ്യക്തിക്ക് വേണ്ടി സഹായം തേടിയ കേന്ദ്രമന്ത്രി വി.കെ. സിങ്ങിന്റെ ട്വീറ്റ് വിവാദമായി. കോവിഡ് സ്ഥിരീകരിച്ച രോഗിക്ക് ഗാസിയാബാദിലെ ഒരു ആശുപത്രിയിലും കിടക്ക ലഭിക്കാതെ വന്നതോടെയാണ് സഹായം തേടി സിങ് ട്വീറ്റ് ചെയ്തത്. "സഹായിക്കൂ, എന്റെ 'സഹോദരന്' കോവിഡ് ചികിത്സയ്ക്കായി ഒരു കിടക്ക ആവശ്യമാണ്. ഗാസിയാബാദില്‍ ഇപ്പോള്‍ കിടക്കകള്‍ ലഭ്യമല്ല." - ജില്ലാ കളക്ടറെ ടാഗ്ചെയ്തു കൊണ്ട് സിങ് ട്വീറ്റ് ചെയ്തു. 

എന്നാല്‍ ബന്ധുവിന് വേണ്ടിയാണ് കേന്ദ്ര സഹമന്ത്രി സഹായം അഭ്യര്‍ഥിച്ചതെന്ന രീതിയിലാണ് സോഷ്യല്‍ മീഡയില്‍ ചര്‍ച്ചകള്‍ നടന്നത്. മന്ത്രിയുടെ ബന്ധുക്കള്‍ പോലും ബുദ്ധിമുട്ടുന്ന രാജ്യത്തെ ആരോഗ്യ മേഖലയുടെ അവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. 

എന്നാല്‍ താനുമായി ബന്ധമുള്ള വ്യക്തിക്ക് വേണ്ടയല്ല സഹായം അഭ്യര്‍ഥിച്ചതെന്ന് വി.കെ.സിങ് പിന്നീട് വ്യക്തമാക്കി. സഹായം ആവശ്യമുള്ളയാള്‍ തന്റെ സഹോദരനല്ലെന്നും മറിച്ച് മനുഷ്യത്വത്തിന്റെ പേരിലുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. വിവാദമായതോടെ അദ്ദേഹം ട്വീറ്റ് നീക്കുകയും ചെയ്തു.

 

Content Highlight: 'Bed For My Brother': VK Singh Tweet Sparks Questions On Health System