ഹൈദരാബാദ്: കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി പന്ത്രണ്ടാം ക്ലാസ്സുകാരന്റെ ആത്മഹത്യാ ശ്രമം. ഹൈദരാബാദിലെ മീര്‍പ്പെട്ടിലാണ് സംഭവം. താമസസ്ഥലത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടിയ പതിനേഴുകാരന്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. 

മീര്‍പ്പെട്ടിലെ സ്വകാര്യ കോളേജില്‍ പ്ലസ് ടു വിദ്യാര്‍ഥിയായ പതിനേഴുകാരന്‍ ക്ലാസ് മുറിയിലെ ബെഞ്ചില്‍ സഹപാഠിയായ പെണ്‍കുട്ടിയെ കുറിച്ച് അശ്ലീലം എഴുതിവയ്ക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.. ഇതിനെ തുടര്‍ന്ന് ആണ്‍കുട്ടിയെ വൈസ് പ്രിന്‍സിപ്പാളും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്ന് മുറിയിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ കുട്ടിയെ മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ചുകൊണ്ട് വന്നതിനു ശേഷം മാത്രം ക്ലാസ്സിലേക്ക് തിരിച്ചു കയറിയാല്‍ മതിയെന്നും ആവശ്യപ്പെട്ടു. ഇത്തരം പെരുമാറ്റങ്ങള്‍ തുടര്‍ന്നാല്‍ സ്‌കൂളില്‍ നിന്നും പറഞ്ഞു വിടുമെന്നും വൈസ് പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തി. 

സംഭവത്തിനു പിന്നാലെ വീട്ടിലെത്തിയ ആണ്‍കുട്ടി വൈസ് പ്രിന്‍സിപ്പാള്‍ തന്നെ മര്‍ദ്ദിച്ചുവെന്നും അതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നും പിതാവിനെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് താമസസ്ഥലത്തിന്റെ അഞ്ചാം നിലയില്‍ നിന്നും താഴേത്ത് ചാടി. കാലിനും ശരീരഭാഗത്തും ഗുരുതരമായ പരിക്കുകളേറ്റതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവം അറിഞ്ഞാല്‍ രക്ഷിതാക്കള്‍ തന്നെ ശാസിക്കുമെന്ന പേടിയിലാണ് കുട്ടി ഇത്തരത്തില്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാളിനെതിരേയും രണ്ട് അധ്യാപകര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.