പെദപരിമി: ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ തീവണ്ടിയില്‍ ലോറിയിടിച്ച് കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. വെങ്കിടേശ് നായ്ക്ക്(79) ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. മുപ്പതോളംപേര്‍ക്ക് പരിക്കേറ്റു. പെനുഗൊണ്ടയ്ക്ക് 14 കിലോമീറ്റര്‍ അകലെ മദഗശിര റെയില്‍വേ ഗേറ്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. കരിങ്കല്ല് കയറ്റിയ ലോറി ബെംഗളൂരു-നാന്ദേഡ് എക്‌സ്​പ്രസില്‍ ഇടിക്കുകയായിരുന്നു.

ഗേറ്റ് അടച്ചിടുകയും ചുവന്നവിളക്ക് തെളിക്കുകയും അലാറം മുഴക്കുകയും ചെയ്തിരുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, വേഗത്തില്‍ വന്ന ലോറി ഗേറ്റ് തകര്‍ത്ത് തീവണ്ടിയുടെ എ.സി. കോച്ചില്‍ ഇടിക്കുകയായിരുന്നു. ഈ കോച്ചിന്റെ ഒരുഭാഗം തകര്‍ന്നു. ഇതും അടുത്തുള്ള മൂന്നു കോച്ചുകളും പാളംതെറ്റി. അപകടം പ്രദേശത്തെ റെയില്‍ഗതാഗതത്തെ ബാധിച്ചു. പല തീവണ്ടികളും പാത തിരിച്ചുവിട്ടു.
തീവണ്ടിയാത്രക്കാരായ എം.എല്‍.എ.യുള്‍പ്പെടെ മൂന്നുപേരും ലോറിയിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. പരിക്കേറ്റത് തീവണ്ടിയാത്രക്കാര്‍ക്കാണ്. സാരമായ പരിക്കുള്ള അഞ്ചുപേരെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്കു കൊണ്ടുപോയി. കര്‍ണാടകത്തിലെ റായ്ച്ചുര്‍ ജില്ലയിലെ ദേവദുര്‍ഗ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ.യാണ് വെങ്കിടേശ് നായ്ക്ക്. മുമ്പ് ലോക്‌സഭാംഗമായിരുന്നു. ബെംഗളൂരുവില്‍നിന്ന് മണ്ഡലത്തിലേക്കു പോവുകയായിരുന്നു അദ്ദേഹം.