ന്യൂഡല്‍ഹി: ഇ-കോമേഴ്‌സ് വമ്പന്മാരായ ആസമോണിനെ 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0' എന്ന് വിശേഷിപ്പിച്ച് ആര്‍എസ്എസ് ബന്ധമുള്ള പാഞ്ചജന്യ മാസിക. സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ ആമസോണ്‍ കോടിക്കണക്കിന് രൂപ കൈക്കൂലിയായി നല്‍കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്‌.

  ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പതിപ്പിലാണ് അമേരിക്കന്‍ കമ്പനിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാഞ്ചജന്യ കവര്‍ സ്റ്റോറി ചെയ്തിരിക്കുന്നത്. മാസികയുടെ കവര്‍ ചിത്രം മാസികയുടെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഇന്ത്യ പിടിച്ചടക്കാന്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി എന്തൊക്കെ ചെയ്തിരുന്നോ അതുതന്നയാണ് ഇപ്പോള്‍ ആമസോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് 'ഈസ്റ്റ് ഇന്ത്യ കമ്പനി 2.0'എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ കുത്തകാവകാശം സ്ഥാപിക്കാന്‍ ആമസോണ്‍ ശ്രമിക്കുകയാണ്. ഇതുവഴി പൗരന്മാരുടെ സാമ്പത്തിക, രാഷ്ട്രീയ, വ്യക്തി സ്വാന്ത്ര്യത്തിലേക്ക് കടന്നുകയറാനുള്ള പദ്ധതികള്‍ അവര്‍ ആരംഭിച്ചതായും പാഞ്ചജന്യ പറഞ്ഞു. 

ആമസോണിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിനെതിരെയും പാഞ്ചജന്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായ സിനിമകളും ടെലിവിഷന്‍ സീരീസുകളുമാണ് പ്രൈം റിലീസ് ചെയ്യുന്നതെന്നും പാഞ്ചജന്യ ആരോപിച്ചു. ആമസോണ്‍ രാജ്യത്ത് നരവധി വ്യാജ സ്ഥാപനങ്ങളെ നിയമച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നയങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ കോടികളുടെ കോഴ നല്‍കിയെന്നും മാസിക ആരോപിക്കുന്നു.

റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ നിയമക്കുരുക്കിലാണ് നിലവില്‍ ആമസോണ്‍. മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു.

Content Highlights: "Amazon - East India Company 2.0": RSS-Linked Magazine's Latest Target