കൊല്‍ക്കത്ത:  ബെംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി അയഞ്ഞു.  മമത സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച മുന്‍മന്ത്രി സുവേന്ദു അധികാരിയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തിയതായി പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി. സുവേന്ദു അധികാരി പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കില്ലെന്നും അവര്‍ പ്രതികരിച്ചു. 

മമതാ ബാനര്‍ജി ചുമതലപ്പെടുത്തിയ മുതര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയി എംപിയും സുദീപ് ബാനര്‍ജിയും ചേര്‍ന്ന് സുവേന്ദു അധികാരിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. 

സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെ സുവേന്ദു സ്വന്തം നിലക്ക് റാലികള്‍ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളില്‍ ഉപയോഗിച്ചിരുന്നില്ല. 2007-08-ല്‍ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്ന് തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ പ്രധാനിയാണ് സുവേന്ദു. എന്നാല്‍ നേതൃനിരയില്‍ നിരന്തരം സുവേന്ദുവിനെ അവഗണിക്കുന്നുവെന്നാണ് പരാതി. 

2011-ല്‍ സുവേന്ദയെ മാറ്റിയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവനായ അഭിഷേക് ബാനര്‍ജിയെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനാക്കിയത്.

Content Highlights: "All Problems Solved": Trinamool Leaders After Meeting Suvendu Adhikari