ന്യൂഡല്‍ഹി:18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ്-19 വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാന്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. 

നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്‌സിന്‍ വിതരണം ചെയ്യണണെന്ന് ഐഎംഎ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

വാക്‌സിന്‍ വിതരണത്തില്‍ കൂടുതൽ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തണണെന്നും ഇത് വാക്‌സിന്‍ യജ്ഞത്തിന് കരുത്ത് പകരമെന്നും കത്തില്‍ പറയുന്നുണ്ട്. 

പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമ തീയറ്റര്‍, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്. 

Content Highlights:‘All citizens above 18 years should be permitted to receive Covid-19 vaccination’: IMA writes to PM