ന്യൂഡല്‍ഹി: പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്താന് ഇന്ത്യ നല്‍കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും ജയശങ്കര്‍ പറഞ്ഞു. 

'ഇന്ത്യ തങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാന്‍ ജനതയ്ക്ക് അറിയാം. നമ്മള്‍ എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ക്കറിയാം. അതേ സമയത്ത് പാകിസ്താന്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അവര്‍ക്ക് ഓര്‍മയുണ്ടാകും'- ജയശങ്കര്‍ പറഞ്ഞു. 

താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ വാണിജ്യ സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിന്നിരുന്നു. 2019-20 കാലയളവില്‍ മാത്രം ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുണ്ടായത് 1.5 ബില്യണിന്റെ വ്യാപാര ഇടപാടുകളാണ്. അഫ്ഗാനിസ്താനെ സഹായിക്കാനായി വേറെയും ഒരുപാട് കാര്യങ്ങള്‍ ഇന്ത്യ ചെയ്തുവെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി,

'എല്ലാവര്‍ക്കും തങ്ങളുടെ അയല്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുക. പക്ഷെ ആ ബന്ധം ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം'- പാകിസ്താനോടുള്ള വിമര്‍ശനമായി ജയശങ്കര്‍ പറഞ്ഞു. ഭരണകൂടത്തിന്റെ ഉപകരണമായി പാകിസ്താന്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: ‘Afghans know who were better friends’: Jaishankar slams Pak for aiding terror