ലഖ്‌നൗ: കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരായ ബിജെപി നേതാക്കളുടെ വിമര്‍ശനം തുടരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍പ്രദേശിലെ ഓരോ ഗ്രാമത്തിലും 10 പേര്‍ വീതമെങ്കിലും മരിച്ചുവെന്ന് പറഞ്ഞ ബിജെപി നേതാവ് ഒന്നാം തരംഗത്തില്‍ നിന്ന് യോഗി സര്‍ക്കാര്‍ പാഠം പഠിച്ചില്ലെന്ന് കുറ്റപ്പെടുത്തി. ബിജെപി വര്‍ക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാല്‍ സിങാണ് യോഗി സര്‍ക്കാരിനെതിരെ രംഗത്തെത്തിയ പുതിയ ബിജെപി നേതാവ്.

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ നിന്ന് ആരോഗ്യ വകുപ്പ് ഒരു പാഠവും പഠിച്ചില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തരംഗത്തില്‍ നിരവധി ആളുകള്‍ മരിച്ചു. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും ചുരുങ്ങിയത് 10 പേര്‍ വീതമെങ്കിലും മരിക്കുയുണ്ടായിയെന്നും രാം ഇഖ്ബാല്‍ സിങ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സത്യം പുറത്ത് കാണിച്ചില്ല. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കണം. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ യോഗി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എംഎല്‍എമാരടക്കം നിരവധി ബിജെപി നേതാക്കള്‍ ഇതേ പാത സ്വീകരിച്ചിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മിക്ക നേതാക്കളുടേയും വിമര്‍ശനം. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തുമോയെന്നും സിതാപുര്‍ എംഎല്‍എ പരിഹസിക്കുകയുമുണ്ടായി.