ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ രഹസ്യാന്വേഷണബ്യൂറോ 20 കൊല്ലം നിരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനുദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരസഹമന്ത്രി ഹരിഭായി പരതിഭായി ചൗധരി ലോക്‌സഭയില്‍ അറിയിച്ചു. നേതാജിയുമായി ബന്ധപ്പെട്ട ഒട്ടേറെ ഫയലുകള്‍ രഹസ്യരേഖകളുടെ പട്ടികയില്‍നിന്ന് മാറ്റി നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ ഭാഗമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഖോസ്ല, മുഖര്‍ജി കമ്മീഷനുകളുമായി ബന്ധപ്പെട്ടവയും ഇതിലുള്‍പ്പെടും. ചില ഫയലുകള്‍ ഇപ്പോഴും രഹസ്യരേഖകളായി കേന്ദ്രസര്‍ക്കാറിന്റെയും പശ്ചിമബംഗാള്‍ സര്‍ക്കാറിന്റെയും പക്കലുണ്ട് -അദ്ദേഹം പറഞ്ഞു.

ജവാഹര്‍ലാല്‍ നെഹ്രു സര്‍ക്കാറിന്റെ കാലത്ത് 20 കൊല്ലം രഹസ്യാന്വേഷണ ബ്യൂറോ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ചതിന്റെ രേഖകളാണ് അടുത്തിടെ പുറത്തുവന്നത്.