കേള്‍വിയുടെ ലോകത്തു നിന്നും നമ്മള്‍ ദൃശ്യങ്ങളുടെ വലിയ ലോകത്തേക്കുള്ള യാത്രതുടങ്ങുന്നത് ടെലിവിഷനില്‍ നിന്നാണ്. അതിശയിപ്പിക്കുന്ന ലോകത്തെ കണ്‍മുന്നില്‍ കാണിച്ച ബ്ലാക്ക്  ആന്റ് വൈറ്റ് കാലത്തു നിന്നും കളര്‍ടെലിവിഷനിലൂടെ, എല്‍സിഡിയും എല്‍ഇഡി ടെലിവിഷനുമുള്ള പുതിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ടെലിവിഷന്‍ ഞങ്ങള്‍ കാണാറേയില്ല എന്ന് തുറന്നുപറയുന്ന ഒരു വലിയകൂട്ടം നമുക്കു മുന്നിലുണ്ട്. സാങ്കേതിക വിദ്യ സമൂഹത്തെ എങ്ങനെ സ്വാധീനിച്ചു എന്നു മനസ്സിലാക്കാന്‍ ടെലിവിഷന്റെ ഉദയം മുതലിങ്ങോട്ടുള്ള കാലം പരിശോധിച്ചാല്‍ മതിയാകും.

ടെലിവിഷന്‍ വരുന്നതിനു മുമ്പുള്ള ലോകം അനുഭവിച്ചിട്ടില്ലാത്തവരാണ് നമ്മളില്‍ പലരും. റേഡിയോ തരുന്ന ശബ്ദ ചിത്രങ്ങളിലൂടെ  ലോകകപ്പ്  മുതല്‍ ലോകമഹായുദ്ധം വരെ കണ്ട കാലം. അതിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം പത്രത്തില്‍ ചിത്രം അച്ചടിച്ചു വരുന്നതുവരെ കാക്കേണ്ടിവരും. അതും ബ്ലാക്ക് ആന്റ് വൈറ്റില്‍. ഈ കാലത്തേക്കാണ് ടെലിവിഷന്‍ പിറന്നുവീണത്. അമേരിക്കയും ബ്രിട്ടണും റഷ്യയും ജര്‍മനിയുമൊക്കെ ടെലിവിഷന്‍ കണ്ട് ഏറെ പഴകിയ ശേഷമാണ് ഇന്ത്യക്കാരന് മുന്നില്‍ ടെലിവിഷന്‍ എത്തുന്നത്.

1950 ലാണ് ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സെറ്റ് പ്രദര്‍ശിപ്പിച്ചത്. ചെന്നൈയിലെ തെയ്‌നാംപേട്ടില്‍ ബി.ശിവകുമാരന്‍ എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ടെലിവിഷന്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് കൊല്‍ക്കത്തയിലും ടെലിവിഷന്‍ എത്തിയതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ട്. ഒരു കത്ത് ഫോട്ടോ എടുത്ത് ടെലിവിഷന്‍ സ്‌ക്രീനില്‍  പ്രദര്‍ശിപ്പിച്ചതായിരുന്നു ചെന്നെയില ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം. അന്നേക്ക് ഇന്നു കാണുന്ന തരത്തിലുള്ള ടെലിവിഷന്‍ വിപണിയിലെത്തിയിട്ട് പതിനാറ് വര്‍ഷം കഴിഞ്ഞിരുന്നു. 1934 ലാണ് ജര്‍മനിയില്‍ കാഥോഡ് റേ ട്യൂബ് ടെലിവിഷന്‍ ആദ്യമായി വ്യാവസായികാടിസ്ഥാനത്തില്‍ വിപണനം നടത്തിയത്. ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷനുകലായിരുന്നു അവ. 1936 ല്‍ ഫ്രാന്‍സിലും രണ്ട് വര്‍ഷം കഴിഞ്ഞ് അമേരിക്കയിലും ഇവ കച്ചവടം ചെയ്തു തുടങ്ങി. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് വിട്ടുമാറിയ പുതിയ ലോകത്താണ് ടെലിവിഷന്‍ വികാസം പ്രാപിക്കുന്നത്.

ബ്രിട്ടണില്‍ ബിബിസി ആദ്യത്തെ സംപ്രേഷണം തുടങ്ങി 23 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ആദ്യത്തെ ടെലിവിഷന്‍ കേന്ദ്രം തുടങ്ങുന്നത്. 1959 സെപ്തംബര്‍ പതിനഞ്ചിനാണ് ഡല്‍ഹിയില്‍ ദൂരദര്‍ശന്റെ പരീക്ഷണ സംപ്രേഷണം തുടങ്ങിയത്.  സ്ഥിരമായി സംപ്രേഷണം തുടങ്ങാന്‍ ദൂരദര്‍ശന് 1965 വരെ കാത്തിരിക്കേണ്ടി വന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായിരുന്നു അത്. വിദ്യാഭ്യാസ പരിപാടികളും വാര്‍ത്തയും മാത്രം ചെയ്ത അന്നു മുതലാണ് ഇന്ത്യയുടെ ടെലിവിഷന്‍ ചരിത്രം തുടങ്ങുന്നത്.

TV

സിആര്‍ടി ടെലിവിഷനും ഭൂതല സംപ്രേഷണവും

പിന്നോട്ടു തള്ളിയ വലിയ ചതുരപ്പെട്ടി, പുരപ്പുറത്ത് ഘടിപ്പിച്ച മുള്ളുപോലുള്ള ആന്റിന, നമ്മുടെ ഓര്‍മയിലുള്ള ആദ്യത്തെ ടെലിവിഷന്റെ ചിത്രം അതാവും. ഡല്‍ഹിയില്‍ നിന്നുള്ള ദൂരദര്‍ശന്‍ ദേശീയ സംപ്രേഷണം, അതിനിടക്ക് അനുവദിച്ച സമയത്ത് തിരുവനന്തപുരം കേന്ദ്രത്തില്‍ നിന്നുള്ള മലയാള സംപ്രേഷണം. ഗൃഹാതുരമായ ദൂരദര്‍ശന്റെ കറങ്ങുന്ന ലോഗോ ഒപ്പം പാശ്ചാത്തല സംഗീതം, സന്ധ്യക്കുള്ള വാര്‍ത്ത, സീരിയലുകള്‍, ഞായറാഴ്ച വൈകിട്ടുള്ള സിനിമ, രാമാനന്ദ് സാഗറിന്റെ രാമായണം സീരീസ്, ബി.ആര്‍ ചോപ്രയുടെ മഹാഭാരതം... തിരുവനന്തപുരത്തു നിന്നുള്ള ഭൂതല സംപ്രേഷണം അവസാനിക്കുന്നു എന്ന അറിയിപ്പും പരിചിതമായിരിക്കും.

ഭൂമിയിലെ സംപ്രേഷണകേന്ദ്രത്തില്‍ നിന്നും റേഡിയോ സിഗ്‌നലുകള്‍ വഴി ശബ്ദവും ദൃശ്യങ്ങളും ടെലിവിഷന്‍ സെറ്റിലെത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഭൂതല സംപ്രേഷണം (Terrestrial transmission). നിശ്ചിത പരിധിയിലുള്ള ടെലിവിഷനുകള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള സംപ്രേഷണം. വീടിന് മുകളില്‍ സ്ഥാപിച്ച മുള്ളുപോലുള്ള ആന്റിനയില്‍ നിന്ന് നാടപോലുള്ള കേബിളിലൂടെ ബൂസ്റ്ററിലെത്തി, അവിടെ നിന്നും ബൂസ്റ്റ് ചെയ്ത സിഗ്‌നല്‍ ടെലിവിഷനിലെത്തും. ഇടക്ക് തടസ്സമുണ്ടായാല്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ നിറയെ ഗ്രെയിന്‍സ് വരും, അത് കിടന്ന് ഓളം വെട്ടും...  ഓര്‍മകളിലെ ഭൂതല സംപ്രേഷണം ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ്. ഏഷ്യന്‍, യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ടെറസ്ട്രിയല്‍ ട്രാന്‍സ്മിഷനെന്നു പറയുമ്പോള്‍ അമേരിക്കക്കാരന് അത് ഓവര്‍ ദ എയര്‍ സംപ്രേഷണമാണ്. പിന്നീട് സാറ്റലൈറ്റ്, കേബിള്‍ സംവിധാനങ്ങള്‍ വന്നതോടെയാണ് ഭൂതല സംപ്രേഷണത്തിനെ ആ പേരിട്ട് വിളിക്കാന്‍ തുടങ്ങിയത്.

ലോകത്ത് ആദ്യമായി വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയ ടെലിവിഷന്‍ കാഥോഡ് റേ ട്യൂബ് അടിസ്ഥാനമാക്കിയുള്ള സിആര്‍ടി ടെലിവിഷനാണ്. പിക്ചര്‍ ട്യൂബ് എന്നറിയപ്പെടുന്ന ഒരു വാക്വം ട്യൂബ് അതില്‍ നിന്നു വരുന്ന ഇലക്ട്രോണ്‍ ബീമുകള്‍ ഫ്‌ളൂറസന്റ് സ്‌ക്രീനില്‍ ദൃശ്യങ്ങളെത്തിക്കും. ഡയനോര, കെല്‍ട്രോണ്‍, ഇസി, ഒനിഡ, വീഡിയോകോണ്‍ അങ്ങനെ സിആര്‍ടി ടെലിവിഷനുകളുടെ നീണ്ട നിര തന്നെ നമുക്കു മുന്നിലുണ്ടായിരുന്നു. ആദ്യത്തെ ടെലിവിഷനായ മെക്കാനിക്കല്‍ ടെലിവിഷനില്‍ നിന്നും കാതലായ മാറ്റമുണ്ട് സി.ആര്‍.ടി ടെലിവിഷന്.  1928 മുതല്‍ 1934 വരെയുള്ള കാലഘട്ടമാണ് മെക്കാനിക്കല്‍ ടെലിവിഷന്‍ കാലഘട്ടം. യു.എസ്, യു.കെ, റഷ്യ എന്നീ രാജ്യങ്ങള്‍ കടന്ന് മെക്കാനിക്കല്‍ ടെലിവിഷന്‍ പോയിട്ടില്ല എന്നു തന്നെ പറയാം. റേഡിയോ സംവിധാനത്തിനൊപ്പം ദൃശ്യം കാണാനുള്ള ഒരു സംവിധാനവും. നിയോണ്‍ ട്യൂബും അതിനൊപ്പം യന്ത്രമുപയോഗിച്ച് കറങ്ങുന്ന ഒരു ഡിസ്‌കുമുണ്ട്. സ്റ്റാമ്പിന്റ വലിപ്പമുള്ള സ്‌ക്രീനില്‍ വരുന്ന ദൃശ്യങ്ങള്‍ ലെന്‍സുപയോഗിച്ച് വലുതായി കാണും- അതായിരുന്നു മെക്കാനിക്കല്‍ ടെലിവിഷന്‍.

കളര്‍ ടെലിവിഷന്‍ കാലം

എല്‍സിഡി വിപ്ലവം വരുന്നതുവരെ സി.ആര്‍.ടി ടെലിവിഷനുകളില്‍ കാലാനുസൃതമായ മാറ്റം വന്നു കൊണ്ടിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തു നിന്നും കളര്‍ ടിവിയിലേക്കുള്ള മാറ്റമായിരുന്നു എടുത്തു പറയേണ്ടത്. ടെലിവിഷന്‍ വിലപ്പിടിപ്പുള്ള വസ്തുവായി. ലോകത്ത് ആദ്യമായി കളര്‍ ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ കളര്‍ ടെലിവിഷന്‍ എത്തുന്നത്. 1982 ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് കാലത്ത്. അതിന് തൊട്ടു മുമ്പ് ബംഗാളി സിനിമാ സംവിധായകന്‍ പ്രബീര്‍ റോയ് കൊല്‍ക്കത്തയിലെ ഏദന്‍ ഗാര്‍ഡനില്‍ നടന്ന നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പകര്‍ത്തി കളര്‍ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഏപ്രില്‍ 25നാണ് ദൂരദര്‍ശന്‍ ആദ്യത്തെ കളര്‍ സംപ്രേഷണം നടത്തിയത്. ഗെയിംസ് തുടങ്ങുന്ന നവംബറിനുള്ളില്‍ അര ലക്ഷം കളര്‍ ടെലിവിഷന്‍ സെറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായിരുന്നു ടെലിവിഷന്‍ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്ന് . 15,000 രൂപയായിരുന്നു ഒരു സെറ്റിന്റെ വില. ഇന്ത്യയിലേക്ക് കയറ്റി അയക്കേണ്ടി വന്നതോടെ ഹോങ്കോങിലേയും സിംഗപ്പൂരിലേയും ദുബായിലേും ടെലിവിഷന്‍ വില്പന കേന്ദ്രങ്ങളില്‍ കളര്‍ ടെലിവിഷനുകള്‍ കിട്ടാനില്ലാതായി.

പിന്നീട് കളര്‍ ടെലിവിഷന്‍ ഇന്ത്യന്‍ കുടുംബത്തിന്റെ സ്റ്റാറ്റസ് സിംബലായി. കേരളത്തില്‍ ഗള്‍ഫ്, യൂറോപ്യന്‍, അമേരിക്കന്‍ വിദേശ ഇന്ത്യക്കാരുടെ വീട്ടിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി കളര്‍ ടി. വി മാറി.  കളര്‍ ടെലിവിഷനൊപ്പം വീഡിയോ കാസ്റ്റ് പ്ലെയര്‍ (വി.സി.പി), വീഡിയോ കാസറ്റ് റെക്കോര്‍ഡര്‍ (വി.സി.ആര്‍) അവക്കൊപ്പം ദീര്‍ഘ ചതുരാകൃതിയിലുള്ള വി.എച്ച്.എസ് കാസറ്റുകള്‍ സജീവമായി. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ഇത്തരം കാസറ്റുകളും വിസിആറുമൊക്കെ വാടകക്ക് കൊടുക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ടായി. വൈകാതെ അവ കോംപാക്ട് ഡിസ്‌കുകളും സിഡി പ്ലെയറുകളും വാടകക്കുകൊടുക്കുന്ന സ്ഥാപനങ്ങളായി രൂപാന്തരം പ്രാപിക്കുകയും മൊബൈല്‍ ആധിപത്യം തുടങ്ങിയതോടെ അവയൊക്കെ അടച്ചുപൂട്ടുകയും ചെയ്തു.

ഡിഷും ഡിടിഎച്ചും

ഭൂതല സംപ്രേഷണത്തിനു മേല്‍ സാറ്റലൈറ്റ് സംപ്രേഷണം ആധിപത്യമുറപ്പിക്കുന്നതാണ് തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും നമ്മള്‍ കണ്ടത്. വീടിനുമുകളില്‍ മീന്‍ മുള്ളുപോലുള്ള ആന്റിനക്ക് പകരം ഡിഷ് ആന്റിന വന്നു. മലയാളമടക്കം നാനാ ഭാഷയിലുള്ള ചാനലുകള്‍ ഇഷ്ടം പോലെ ലഭിച്ചു തുടങ്ങി. ഇന്ത്യന്‍ സാറ്റലൈറ്റായ ഇന്‍സാറ്റിനോടൊരു വല്ലാത്ത അടുപ്പം നമുക്കുണ്ടായ കാലഘട്ടമായിരുന്നു അത്. സാറ്റലൈറ്റ് ഡിഷുകളുടെ കാലത്ത്  തന്നെ കേബിള്‍ ടിവിയും സജീവമായി. ഇലക്ട്രിക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ പടര്‍ന്ന കേബിള്‍ ടിവി വിപ്ലവവും ഈ കാലത്താണ്. 2000 നവംബറില്‍ ഡയറക്ട് ടു ഹോം ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഇന്ത്യയിലെ ടെലിവിഷന്‍ലോകത്തെ മറ്റൊരു ദിശയിലേക്ക് നയിച്ച സംഭവം.

2003 ഒക്ടോബര്‍ രണ്ടിന് രാജ്യത്തെ ആദ്യത്തെ ഡിടിഎച്ച് നെറ്റ്വര്‍ക്കായ ഡിഷ് ടിവി തുടങ്ങി. അടുത്ത വര്‍ഷം ഡിസംബറില്‍ ഡിഡി ഫ്രീ ഡിഷ് എന്ന പേരില്‍ സൗജന്യ ഡിടിഎച്ച് സേവനവുമായി പ്രസാര്‍ഭാരതിയുമെത്തി. എയര്‍ടെലും, സണ്‍ടിവിയും, ഡിടുഎച്ച്, ടാറ്റാ സ്‌കൈ  തുടങ്ങിയ ഡിടിഎച്ച് സേവനങ്ങള്‍ ഇന്നുണ്ട്. 2016 ലെ കണക്കനുസരിച്ച് 1600 ടി വി ചാനലുകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ ഡിടിഎച്ച് മാര്‍ക്കറ്റാണ് ഇന്ത്യ. 2017 ലെ കണക്കനുസരിച്ച് 67.56 മില്ല്യണ്‍ പേരാണ് കാശുമുടക്കി ഇന്ത്യയില്‍ ഡിടിഎച്ച് ഉപയോഗിക്കുന്നവര്‍.

ഫ്‌ളാറ്റ് ടിവികളുടെ കാലം

TV

പുതിയ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലാണ് പഴയ സിആര്‍ടി ടെലിവിഷനുകള്‍ക്കു മേല്‍ ഫ്‌ളാറ്റ് സ്‌ക്രീന്‍ ടെലിവിഷനുകളായ എല്‍സിഡിയും എല്‍ഇഡിയും ആധിപത്യമുറപ്പിക്കുന്നത്. പിക്ചര്‍ ട്യൂബിന് പകരം ഡിജിറ്റല്‍ ലൈറ്റ് പ്രോസസിങ് സംവിധാനമാണ് ഇത്തരം ടെലിവിഷനുകളില്‍ ഉപയോഗിക്കുക. ഒരു വലിയ പെട്ടിക്ക് പകരം ചുമരില്‍ തൂക്കിയിടാവുന്ന സ്‌ക്രീനുകളായി ടെലിവിഷന്റെ വലിപ്പം കുറഞ്ഞു. പ്ലാസ്മ ടെലിവിഷനുകള്‍ വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. എല്‍സിഡി ടെലിവിഷനാണ് വിപ്ലവം കൊണ്ടുവന്നത്. അതോടെ സിആര്‍ടി ടെലിവിഷനുകളും രംഗം വിട്ടുതുടങ്ങി.

ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്‌ളേ ടെലിവിഷനുകളാണ് എല്‍സിഡി ടെലിവിഷനുകള്‍. കുറഞ്ഞ വൈദ്യുതി ചിലവും മികച്ച ദൃശ്യഭംഗിയും എല്‍സിഡി ടെലിവിഷന്റെ വളര്‍ച്ചക്ക് സഹായകമായി. 2007 ല്‍ സിആര്‍ടി ടെലിവിഷനുകളെ കടത്തിവെട്ടി എല്‍സിഡി ഒന്നാമതെത്തി.  എന്നിരുന്നാലും പിന്നാലെ വന്ന എല്‍ഇഡി ടെലിവിഷനുകളാണ് മാര്‍ക്കറ്റ് പിടിച്ചടക്കിയത്. 2010 ഓടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ടെലിവിഷന്‍ എന്ന ഖ്യാതി എല്‍ഇഡി ടെലിവിഷനുകള്‍ കരസ്ഥമാക്കി. കുറഞ്ഞ വൈദ്യുതി ചിലവും മിഴിവേറിയ ദൃശ്യങ്ങളും എല്‍ഇഡി ടെലിവിഷനുകള്‍ക്ക് തുണയായത്.

മൊബൈല്‍ തന്നെ ടിവി

ടെലിവിഷന്‍ സെറ്റുകളുടെ സാങ്കേതിക വിദ്യ മാറിയതിനൊപ്പം പുതിയ നൂറ്റാണ്ട് കണ്ടത് കാഴ്ചാ സംസ്‌കാരത്തേയും സാങ്കേതിക വിദ്യയുടെ പുരോഗതി മാറ്റിമറിക്കുന്നതാണ്. ഡിഷ് ആന്റിനകളുടെ കാലത്തു തന്നെ അനലോഗില്‍ നിന്ന് ഡിജിറ്റല്‍ സംപ്രേഷണത്തിന്റെ കാലത്തേക്ക് നമ്മുടെ ദൃശ്യസംസ്‌കാരം മാറിയിരുന്നു. ഡിടിഎച്ചും ഹൈ ഡെഫനിഷന്‍ ടെലിവിഷനും ഡിജിറ്റല്‍ കാലത്ത് നല്‍കുന്ന ദൃശ്യമിഴിവ് ചെറുതൊന്നുമല്ല. അതിനൊപ്പം ഓണ്‍ ഡിമാന്റ് എന്നറിയപ്പെടുന്ന സവിശേഷത ടെലിവിഷനിലും ഡിടിഎച്ച് റിസീവറിലും വന്നിരുന്നു. സമയമില്ലെങ്കില്‍ ഇഷ്ടമുള്ള പരിപാടികള്‍ ശേഖരിച്ച് വെച്ച് പിന്നീട് കാണുക എന്നതാണ് ഓണ്‍ ഡിമാന്‍ഡ് സംവിധാനങ്ങള്‍. പക്ഷേ മൊബൈല്‍ ഫോണ്‍ രംഗത്തെ വളര്‍ച്ച ടെലിവിഷന് വലിയ ഭീഷണിയായത് വളരെ പെട്ടെന്നാണ്.

ഇന്ന് ടെലിവിഷനുകളേക്കാള്‍ എത്രയോ മടങ്ങ് മൊബൈല്‍ ഫോണുകള്‍ രാജ്യത്തുണ്ട്. ത്രീജി കണക്ഷനുകളും അതിന് പിന്നാലെ വേഗതയുള്ള ഫോര്‍ജി കണക്ഷനുകളുമെത്തിയത് ടെലിവിഷന് വലിയ വെല്ലുവിളിയാണ് തീര്‍ത്തത്.  സൗജന്യമായി ഫോര്‍ജി സേവനം നല്‍കി ജിയോ കൂടി വന്നതോടെ ജനങ്ങളുടെ ദൃശ്യസംസ്‌കാരം ടെലിവിഷനില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക് ചേക്കേറി. ടെലിവിഷനു മുന്നില്‍ കൃത്യമായി ഹാജരാകാതെ ടെലിവിഷന്‍ പരിപാടികള്‍ മൊബൈലില്‍ കിട്ടുമെന്നായി. ഇക്കാര്യം നേരത്തേ മനസിലാക്കി മിക്ക ടെലിവിഷന്‍ ചാനലുകളും ഇന്റര്‍നെറ്റില്‍ സൗജന്യമായി സ്ട്രീമിങ് തുടങ്ങി.

എന്നാല്‍ അതിനൊപ്പമോ അതിനേക്കാളേറെയോ പ്രാധാന്യമുള്ളതാണ് നെറ്റ്ഫ്‌ലിക്‌സും ആമസോണ്‍ പ്രൈമും അടങ്ങുന്ന സ്ട്രീമിങ് ആപ്പുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. ടെലിവിഷന്റെ ചട്ടക്കൂടുകള്‍ക്കു പുറത്തുകടന്ന് ഇഷ്ടമുള്ളപ്പോള്‍ ചുരുങ്ങിയ തുകക്ക് കാണാന്‍ സ്വന്തം സീരിയലുകള്‍ അവര്‍ ഒരുക്കി. സൂപ്പര്‍ഹിറ്റ് ബ്ലോക് ബസ്റ്റര്‍ സിനിമകള്‍ അതുവഴി സ്ട്രീം ചെയ്തു തുടങ്ങി. ഡിടിഎച്ച് വഴി ടെലിവിഷന്‍ കാണുന്നതിനേക്കാള്‍ പുതിയ തലമുറ ഇഷ്ടപ്പെടുന്നത് സ്വന്തം സ്മാര്‍ട്‌ഫോണില്‍ ഒറ്റയാളെന്ന സ്വകാര്യതയിലിരുന്ന് സിനിമയും സീരിയലും ഡോക്യുമെന്ററികളും കാണാനാണെന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. ചാനലുകള്‍ മാറ്റാതെ സമയത്തിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ  ഏത് ഭാഷയിലുള്ള വീഡിയോയും നമുക്ക് മുന്നില്‍ ലഭ്യമാക്കാന്‍ സ്ട്രീമിങ് സേവനങ്ങള്‍ക്ക് കഴിയുന്നുണ്ട്.

സ്ട്രീമിങ് സാധ്യമായ സ്മാര്‍ട് ടെലിവിഷനുകളും ടെലിവിഷനില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങളും രംഗത്തുണ്ടെങ്കിലും വലിയ വരവേല്‍പ്പൊന്നും അവക്ക് ലഭിച്ചിട്ടില്ല എന്നത് ടിവി എന്ന ഉപകരണത്തിന്റെ ഭാവിക്കുമേല്‍ പതിഞ്ഞ ചോദ്യചിഹ്നമാണ്. ടെലിവിഷനു പകരം ആറോ ആറരയോ ഇഞ്ച് വലിപ്പമുള്ള സ്മാര്‍ട് ഫോണ്‍ ആസ്ഥാനം കയ്യടക്കുകയും ടെലികാസ്റ്റ്, ബ്രോഡ്കാസ്റ്റ് എന്നിവയുടെ സ്ഥാനത്ത് സ്ട്രീമിങ് എന്ന വിളിപ്പേര് സാധാരണമാകുകയും ചെയ്യുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്.  ദൃശ്യ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം പൂര്‍ണമാകാന്‍ അധികനാളുകള്‍ കാത്തിരിക്കേണ്ടി വരില്ല. 


മാതൃഭൂമി ജി.കെ.ആന്‍ഡ് കറന്റ് അഫയേഴ്‌സില്‍ പ്രസിദ്ധീകരിച്ചത്.