'സ്ത്രീകളുടെ വിജയത്തെ ഭയപ്പെടണമെന്ന് പുരുഷന്മാരെ പഠിപ്പിക്കുന്ന മനോഭാവം മാറ്റേണ്ടിയിരിക്കുന്നു' -യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ


ക്കഴിഞ്ഞ മഴക്കാലസമ്മേളനത്തില്‍ ഒട്ടേറെ ബില്ലുകള്‍ ബഹളത്തെ അവഗണിച്ചുകൊണ്ട് പാസാക്കപ്പെട്ട അന്തരീക്ഷത്തിലാണ് അനാഥമായിക്കിടക്കുന്ന വനിതാസംവരണബില്ലിനെപ്പറ്റി ഞാന്‍ ചിന്തിച്ചത്. ഈ ബില്‍ പാര്‍ലമെന്റിനുമുന്നിലെത്തിയിട്ട് കാല്‍നൂറ്റാണ്ടാകുന്നു. എന്നാല്‍, ഇനിയും അതിന് ശാപമോക്ഷം കിട്ടിയിട്ടില്ല. വനിതാബില്‍ ഓരോ തവണയും പാര്‍ലമെന്റില്‍ തടയപ്പെട്ടത് നിക്ഷിപ്തതാത്പര്യക്കാരില്‍നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണ് എന്നതാണ് സത്യം.

അല്പം ചരിത്രം

1996 സെപ്റ്റംബര്‍ 12-ന് ദേവഗൗഡ സര്‍ക്കാരിന്റെ കാലത്താണ് 81-ാമത് ഭരണഘടനാഭേദഗതിയായി, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നിര്‍ദേശിക്കുന്ന ബില്‍ ആദ്യമായി ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. എന്റെ പിതാവ് എം.പി. വീരേന്ദ്രകുമാര്‍ അന്ന് മന്ത്രിസഭയില്‍ അംഗമായിരുന്നു. ചര്‍ച്ചയ്ക്കിടയില്‍വന്ന അഭിപ്രായങ്ങളെത്തുടര്‍ന്ന് കൂടുതല്‍ കൃത്യതവരുത്താനായി ബില്‍ ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു. ഡിസംബറോടെ കമ്മിറ്റി പാര്‍ലമെന്റിന് റിപ്പോര്‍ട്ടുനല്‍കിയെങ്കിലും ബില്‍ സഭയില്‍ എടുക്കുന്നതിനുമുമ്പ് പതിനൊന്നാം ലോക്സഭ പിരിച്ചുവിടപ്പെട്ടു.

തുടര്‍ന്ന് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ 1998 ഡിസംബറിലും അതേ നിര്‍ദേശങ്ങളോടെ ബില്‍ കൊണ്ടുവന്നു. പക്ഷേ, ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ വീണപ്പോള്‍ 12-ാം ലോക്സഭ പിരിച്ചുവിടപ്പെട്ടു. അങ്ങനെ ആ ശ്രമം ഒരിക്കല്‍ക്കൂടി പാഴായി. 1999 ഡിസംബര്‍ 23-ന് വാജ്പേയി സര്‍ക്കാര്‍തന്നെ മറ്റൊരു ശ്രമംകൂടി നടത്തി. എന്നാല്‍, രാഷ്ട്രീയസമന്വയമില്ലെന്ന കാരണം പറഞ്ഞ് ആ ഉദ്യമവും ഉപേക്ഷിക്കപ്പെട്ടു.

2008 മേയിലാണ് തിരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാനായി മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്ത് വീണ്ടുമൊരു നീക്കമുണ്ടായത്. കൂടുതല്‍ വ്യക്തതവരുത്താനായി ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കുവിട്ടു. കമ്മിറ്റിറിപ്പോര്‍ട്ടിനുശേഷം തിരിച്ചുവന്ന ബില്‍ 2010-ല്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് രാജ്യസഭയില്‍ പാസായി. എന്നാല്‍, ലോക്സഭയിലേക്കയക്കപ്പെട്ട ബില്‍, 15-ാമത് ലോക്സഭാകാലാവധി കഴിയുന്നതുവരെ അവതരിപ്പിക്കപ്പെടാതിരുന്നതിനാല്‍ അസാധുവായി. തുടര്‍ന്നിങ്ങോട്ട് ബില്ലിന്റെ കാര്യത്തില്‍ ക്രിയാത്മകമായ ഒരു സമീപനവുമുണ്ടായിട്ടില്ല.

എതിര്‍പ്പുകളും കൈയാങ്കളികളും

ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു സംഭവം ഞാനോര്‍ത്തുപോവുകയാണ്. 2008 മേയില്‍ കടുത്ത പ്രതിഷേധത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലവതരണം തടസ്സപ്പെടുത്താന്‍ എസ്.പി. അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് പാഞ്ഞെത്തി. അന്നത്തെ നിയമമന്ത്രിയായിരുന്ന എച്ച്.ആര്‍. ഭരദ്വാജില്‍നിന്ന് ബില്ലിന്റെ കോപ്പി തട്ടിപ്പറിക്കാന്‍ എസ്.പി. നേതാവ് അബു അസിം ആസ്മിയും കൂട്ടരും ശ്രമിച്ചു. വനിതാ-ശിശു ക്ഷേമ മന്ത്രിയായിരുന്ന രേണുക ചൗധരി ആസ്മിയെ തള്ളിമാറ്റി. നടുവിലത്തെ ട്രഷറിബെഞ്ചിലിരുന്ന മന്ത്രിയുടെ ഇരുവശത്തുമായി വനിതാമന്ത്രിമാരായ കുമാരി ഷെല്‍ജയും അംബിക സോണിയുമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ വനിതാ പാര്‍ലമെന്റേറിയന്മാരായ ജയന്തി നടരാജനും അല്‍ക ബല്‍റാം ക്ഷത്രിയയും കൂടുതല്‍ സുരക്ഷനല്‍കാന്‍ മന്ത്രിക്കരികിലെത്തി.

രണ്ടുപതിറ്റാണ്ടുമുമ്പ് ഈ ബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതുമുതല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ പ്രതിപക്ഷപാര്‍ട്ടികളില്‍നിന്ന് എത്രമാത്രം എതിര്‍പ്പും സഭാചട്ടങ്ങള്‍ക്കുവിരുദ്ധമായ ഭാഷയും കൈയാങ്കളിയുമൊക്കെ നേരിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ഞാനിത് ഓര്‍മിച്ചെടുത്തത്. പൊതുനിലപാടുകള്‍ക്കപ്പുറം രാജ്യത്തെ രാഷ്ട്രീയ ഇടങ്ങള്‍ പ്രത്യയശാസ്ത്രവ്യത്യാസമില്ലാതെ പുരുഷാധിപത്യ, പുരുഷമേല്‍ക്കോയ്മവാദ സ്വഭാവമുള്ളതാണെന്നതു വ്യക്തമാണ്.

ഈ അവസരത്തില്‍ മറ്റുപല എം.പി.മാരും ഉന്നയിച്ച ഒരു സുപ്രധാന വിഷയം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാര്‍ലമെന്റിന്റെ ഇക്കഴിഞ്ഞ മഴക്കാലസമ്മേളനത്തില്‍ അംഗീകരിച്ച 18 ബില്ലുകളില്‍ 16 എണ്ണവും പാസാക്കിയെടുക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഓരോന്നിനും പത്തുമിനിറ്റിലേറെയെടുത്തില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തുകയെന്ന ജനാധിപത്യമര്യാദ സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഒരു കറുത്ത ഏട്.

അര്‍ഥമില്ലാത്ത വാദങ്ങള്‍

വനിതാസംവരണം സംബന്ധിച്ച പ്രധാന എതിര്‍പ്പ്, സംവരണത്തിന് പിന്നാക്കസമുദായത്തിലും പട്ടികജാതി വര്‍ഗത്തിലുംപെടുന്ന സ്ത്രീകള്‍ക്ക് സംവരണമുണ്ടായിരിക്കണമെന്ന ആവശ്യമാണ്. പ്രസ്തുത ക്വാട്ട വിവിധ ജാതികള്‍ക്കും വര്‍ഗങ്ങള്‍ക്കും തുല്യമായി ഭാഗിക്കപ്പെടണമെന്ന ഈ കൗശലപരമായ ന്യായത്തിന്മേലാണ് ബില്‍ എതിര്‍ക്കപ്പെടുന്നത്. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംവേണമെന്ന ആവശ്യം സ്ത്രീകളുടെ വിഷയത്തില്‍മാത്രമേ ഉയര്‍ന്നുകേള്‍ക്കാറുള്ളൂ. എന്തുകൊണ്ട് പുരുഷന്മാരുടെ പ്രാതിനിധ്യ വിഷയത്തിലേക്കുകൂടി ഈ പരിഗണനയുടെ കരങ്ങള്‍ നീട്ടിക്കൂടാ? ഒരു മണ്ഡലം സ്ഥിരമായി സ്ത്രീകള്‍ക്ക് സംവരണംചെയ്യുന്നതിനുപകരം ഓരോ തിരഞ്ഞെടുപ്പിലും സംവരണമണ്ഡലങ്ങള്‍ മാറുന്നതാണ് ബില്ലിലെ വ്യവസ്ഥ. ലിംഗാടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിമാറുന്നത് മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലുള്ള സ്ഥാനാര്‍ഥിയുടെ താത്പര്യം കുറയ്ക്കുമെന്ന ഒരു വാദമുണ്ട്.

സ്ത്രീകളുടെ ക്വാട്ട ബന്ധുക്കളും ശക്തരായ രാഷ്ട്രീയനേതാക്കളുടെ ബിനാമികളും ചേര്‍ന്ന് തട്ടിയെടുക്കും എന്നതാണ് മറ്റൊരു വാദം. ഇത് ഉന്നയിക്കുന്നവര്‍ പുരുഷന്മാരുടെ കാര്യത്തിലും ഇത് സാധ്യമാണെന്ന കാര്യം സൗകര്യപൂര്‍വം മറന്നു.

2014-ലും 2019-ലും ബി.ജെ.പി. അവരുടെ തിരഞ്ഞെടുപ്പുപ്രകടനപത്രികയില്‍ വനിതാസംവരണബില്‍ വാഗ്ദാനംചെയ്തിരുന്നതാണ്. തര്‍ക്കങ്ങള്‍ നിറഞ്ഞതും വിവാദപരവുമായ ബില്ലുകള്‍ വലിയ സാഹസത്തോടെ സഭയിലവതരിപ്പിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ് പാസാക്കിയ ബി.ജെ.പി. സര്‍ക്കാര്‍ വനിതാസംവരണബില്ലിന്റെ കാര്യത്തില്‍ മൗനംപാലിക്കുന്നത് എന്തുകൊണ്ടാണ്. അഭിപ്രായ ഐക്യമില്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. ഇക്കഴിഞ്ഞ മഴക്കാലസമ്മേളനത്തില്‍ പാസാക്കിയ എത്ര ബില്ലുകളില്‍ അഭിപ്രായ ഐക്യമുണ്ടായിരുന്നു.

സ്ത്രീസംവരണം സ്വാഭാവികനീതി

ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് 2021 റിപ്പോര്‍ട്ട്, ഇന്ത്യയില്‍ സ്ത്രീകളുടെ രാഷ്ട്രീയശാക്തീകരണ സൂചിക 13.5 ശതമാനം താഴ്ന്നുവെന്ന് കാണിക്കുന്നു. വനിതാമന്ത്രിമാരുടെ എണ്ണം 2019-ല്‍ 23.1 ശതമാനമുണ്ടായിരുന്നത് 2021-ല്‍ 9.1 ശതമാനമായി കുറഞ്ഞു. നിയമസഭകളിലും പാര്‍ലമെന്റിലും സ്ത്രീകളുടെ എണ്ണം കുറവാണെന്ന് സര്‍ക്കാര്‍ സാമ്പത്തികസര്‍വേകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ പഞ്ചായത്തീരാജിലെ വനിതാപ്രതിനിധികള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കുറേക്കൂടി വിശാലമേഖലയില്‍ പ്രവര്‍ത്തിക്കണമെന്നുണ്ട്. പക്ഷേ, രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയഘടന അവര്‍ക്കുതടസ്സം സൃഷ്ടിക്കുന്നു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പരാധീനത, പുരുഷാധിപത്യം എന്നിവയാണ് രാഷ്ട്രീയാധികാരത്തിലേക്കുവരുന്നതില്‍ അവര്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍.

സ്ത്രീപുരുഷ തുല്യത, കഴിവ് പ്രകടിപ്പിക്കാനുള്ള സ്ത്രീകളുടെ അവകാശം, സ്വയം പ്രതിനിധാനം ചെയ്യാനും തീരുമാനമെടുക്കാനുമുള്ള അവളുടെ അധികാരം എന്നിവയാണ് സ്ത്രീശാക്തീകരണത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. രാജ്യത്തെ സംബന്ധിച്ച തീരുമാനങ്ങളില്‍ സ്ത്രീകളുടെ അഭിപ്രായത്തിന്റെ അഭാവം പ്രകടമാണ്. രാജ്യത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ സ്ത്രീകള്‍ വലിയതോതില്‍ പൊതുധാരയിലേക്കുവരുകയും പുതിയ തലമുറയെ രാഷ്ട്രനിര്‍മാണത്തിന്റെ ദേശീയധാരയിലേക്ക് ആകര്‍ഷിക്കുകയും വേണം.

പ്രചോദനം പഞ്ചായത്തീരാജ്

നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത്, 1992 ഡിസംബറില്‍ പാസാക്കിയ 73, 24 ഭരണഘടനാഭേദഗതികളാണ് സ്ത്രീശാക്തീകരണത്തിന് ലോക്സഭയിലും സംസ്ഥാനനിയമസഭകളിലും വനിതാസംവരണം വേണമെന്ന ആശയം കൊണ്ടുവന്നത്. തദ്ദേശസ്വയംഭരണ സമിതികളില്‍ മൂന്നിലൊന്ന് വനിതാ സംവരണം ഉറപ്പാക്കുന്നതാണ് ഈ ഭേദഗതിബില്ലുകള്‍. ത്രിതല പഞ്ചായത്തിന്റെ എല്ലാതലങ്ങളിലും അധ്യക്ഷന്മാരില്‍ മൂന്നിലൊന്ന് വനിതകളായിരിക്കണമെന്നും ആ ഭരണഘടനാഭേദഗതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനനിയമസഭകളിലും ലോക്സഭയിലും മൂന്നിലൊന്നുസീറ്റുകള്‍ വനിതകള്‍ക്ക് സംവരണംചെയ്യണം എന്ന ആവശ്യം ഈ നിയമനിര്‍മാണത്തിനുപിന്നാലെയാണ് ശക്തിപ്പെട്ടത്.

മൂന്നുപതിറ്റാണ്ടിലേറെയായി പഞ്ചായത്തീരാജ് സംവിധാനം സമൂഹത്തിലെ താഴേക്കിടയിലുള്ള സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. ചില സംസ്ഥാനങ്ങള്‍ സ്ത്രീകള്‍ക്ക് പഞ്ചായത്തുകളില്‍ 50 ശതമാനംവരെ സംവരണം നല്‍കുന്നുണ്ട്. പാര്‍ട്ടികള്‍ സംഘടനാതലത്തില്‍ ഇതുമായി ബന്ധപ്പെട്ടുനടത്തുന്ന പരിഷ്‌കാരങ്ങള്‍ സ്ത്രീസംവരണബില്ലിന് ശക്തിപകരും. ഇന്ത്യന്‍ സാഹചര്യത്തില്‍ സംവരണം സാമൂഹികവളര്‍ച്ചയ്ക്ക് ഉത്തേജകശക്തിയാണ്. ശതാബ്ദങ്ങളായുള്ള അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയില്‍നിന്ന് അവശ വിഭാഗങ്ങളെ ഉദ്ധരിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണിത്.

നിയമനിര്‍മാണത്തിലെ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെയും അതുവഴി ഭരണനിയന്ത്രണത്തില്‍ പങ്കാളിയാക്കുന്നതിലൂടെയുമാണ് സ്ത്രീശാക്തീകരണം യഥാര്‍ഥത്തില്‍ നടപ്പാകുക. സാമൂഹിക-ലിംഗ നീതി ഉറപ്പുവരുത്തുന്നതുമാത്രമല്ല, സ്ത്രീകളാണ് രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതിയോളം വരുന്നതെന്ന് അംഗീകരിക്കുകകൂടിയാവുമിത്. ഈയൊരൊറ്റ മാനദണ്ഡംമതി അവര്‍ക്ക് ആനുപാതികമായുള്ള പ്രാതിനിധ്യത്തിനുള്ള യോഗ്യത നേടാന്‍. ഭരണനിര്‍വഹണത്തില്‍ പുരുഷന്മാരെപ്പോലും പിന്നിലാക്കിക്കൊണ്ട് വനിതകള്‍ നയിക്കുന്ന ഒട്ടേറെ പഞ്ചായത്തുകള്‍മതി ഇതിനു തെളിവായി. ഈ പശ്ചാത്തലത്തില്‍വേണം ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച ഒബാമയുടെ വാക്കുകള്‍ സ്മരിക്കാന്‍.

പിന്‍കുറിപ്പ്: സ്ത്രീശാക്തീകരണമാണ് വനിതാസംവരണത്തിന്റെ ആത്യന്തികലക്ഷ്യം. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നുതോന്നുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം: സ്ത്രീകളുടെ വസ്ത്രങ്ങളില്‍ പോക്കറ്റുകള്‍ പ്രത്യക്ഷപ്പെട്ടത് സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നായാണ് സാമൂഹികശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിനുശേഷമായിരുന്നു ഈ പരിഷ്‌കാരം. സാമ്പത്തികമായി സ്ത്രീയും സ്വതന്ത്രമാവുന്നു എന്നതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ആ പോക്കറ്റുകള്‍. പുരുഷനില്‍നിന്നുള്ള സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ അടയാളമാണവ. അതുകൊണ്ടുതന്നെ പാന്റ്സിലോ ചുരിദാറിലോ ജാക്കറ്റിലോ ഏതൊരു വസ്ത്രത്തിലോ തുന്നിപ്പിടിപ്പിച്ച പോക്കറ്റുകള്‍ ശാക്തീകരിക്കപ്പെട്ട ബോധം അവള്‍ക്കുനല്‍കുന്നു. ഒരു പോക്കറ്റിന് സ്ത്രീകളില്‍ ഇത്രമാത്രം ആത്മവിശ്വാസം പകരാനാകുമെങ്കില്‍ പാര്‍ലമെന്റില്‍ അവര്‍ക്ക് ലഭിക്കുന്ന അര്‍ഹതപ്പെട്ട സംവരണം സ്ത്രീയെ എത്രമാത്രം ശക്തിപ്പെടുത്തുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ!

 

 

Content Highlights: Women's Reservation Bill, M.V. Shreyams Kumar M.P. writes