രയും പ്രധാനപ്രതിയും മരിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട്  ഉത്തരവിടുക എന്ന സവിശേഷതയ്ക്ക് ഈറോഡിലെ ഗോപിചെട്ടിപ്പാളയം കോടതി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചു. നടന്‍ രാജ്കുമാര്‍ ആയിരുന്നു ആ ഇര. തട്ടികൊണ്ടുപോകല്‍ കേസില്‍ മുഖ്യപ്രതി വീരപ്പനും!!

അന്ന് നടന്നത്.....

2000 ജൂലൈ 30. തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഗാഞ്ചനൂര്‍. രാത്രി 9 മണികഴിഞ്ഞു. തോക്കുധാരികളായ പന്ത്രണ്ടുപേര്‍ ഫാം ഹൗസിലേക്ക് ഇരച്ചു കയറി. രാജ്കുമാറിനേയും ഒപ്പമുണ്ടായിരുന്ന മരുമകന്‍ ഗോവിന്ദരാജ്, ബന്ധു നാഗേഷ്, സഹ സംവിധായകന്‍ നാഗപ്പ എന്നിവരെയും ബന്ദികളാക്കി. രാജ്കുമാറിന്റെ ഭാര്യ പാര്‍വമ്മയുടെ കയ്യില്‍ ഒരു കാസറ്റ് നല്‍കി അത് കര്‍ണാടക മുഖ്യമന്ത്രി എസ്എം കൃഷ്ണയെ ഏല്‍പ്പിക്കണം എന്ന് നിര്‍ദേശിച്ചു. ബന്ദികളേയും കൊണ്ട് വീരപ്പനും സംഘവും കാടുകയറി. പുലര്‍ച്ചെ രണ്ടു മണിയോടെ ബംഗളൂരുവിലെത്തിയ പാര്‍വതമ്മ മുഖ്യമന്ത്രിയെക്കണ്ട് സംഭവം പറഞ്ഞു. പിറ്റേന്ന് ഇരുവരും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തി. കാസറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

''ഇപ്പോള്‍ ഞാന്‍തട്ടിക്കൊണ്ടുപോയിട്ടുള്ള വ്യക്തികളെ മോചിപ്പിക്കണമെങ്കില്‍ ഒരു പ്രധാനപ്പെട്ട ദൂതനെ എട്ടു ദിവസത്തിനുള്ളില്‍ അയച്ചിരിക്കണം. ആ ദൂതന്‍ മുഖേന ബന്ദി മോചനത്തിനുള്ള എന്റെ നിബന്ധനകള്‍ പറഞ്ഞയയ്ക്കുന്നതാണ്. ഉപാധികള്‍ നിറവേറ്റിയശേഷം ബന്ദികളെ നിങ്ങള്‍ക്ക് മോചിപ്പിക്കാം. ഇതിനു പകരം കര്‍ണാടക-തമിഴ്നാട് പോലീസിനെ നിയോഗിച്ച് ബന്ദി മോചനത്തിന് ശ്രമിച്ചാല്‍ അത് സാഹസമായിരിക്കും. കാരണം എന്തെന്നോ, ഇതുവരെ വീരപ്പന്‍ ബന്ധികളെയാരെയും കൊന്നിട്ടില്ലെന്നും അവന്‍ അവരെ ഉപാധികളില്ലാതെ മോചിപ്പിക്കും എന്നും നിങ്ങള്‍ കരുതുന്നുണ്ടാവും. ഈ ബന്ദി പ്രശ്നം വീരപ്പന്റെ ഒരു അടവായി കാണാതിരിക്കുക. അവരെ അത്ര പെട്ടെന്ന് വിട്ടയയ്ക്കുമെന്ന് കരുതേണ്ട. പണ്ട് ബന്ദികളോട് കാണിച്ച സമീപനം ഇപ്പോള്‍ നടക്കുകില്ല.'' വീരപ്പന്‍ നിലപാട് വ്യക്തമാക്കി.

തെരുവുകള്‍ കലാപകലുഷിതമാകുന്നു....

ആരാധനാ മൂര്‍ത്തിയെ വീരപ്പന്‍ റാഞ്ചിയതറിഞ്ഞ കന്നട സമൂഹം തെരുവുകള്‍ കയ്യടക്കി. ബംഗളൂരുവില്‍ തമിഴര്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. കര്‍ണാടകത്തില്‍ വിദ്യാലയങ്ങള്‍ ഒരാഴ്ചയോളമാണ് അടഞ്ഞു കിടന്നത്. സിനിമ ഉള്‍പ്പെടെ വ്യവസായമേഖല സ്തംഭിച്ചു. അന്ന് വരെ കര്‍ണാടകത്തില്‍ നിന്ന് ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയ ഒരു നടനേ ഉണ്ടായിരുന്നുള്ളു അത് രാജ്കുമാറാണ്. ലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ നെഞ്ചേറ്റിയത്. തമിഴ്നാട്ടില്‍ വെച്ച് പ്രിയപ്പെട്ടവനെ വീരപ്പന്‍ റാഞ്ചി എന്നറിഞ്ഞത് പ്രതിഷേധത്തിന്റെ ചൂട് തമിഴര്‍ക്കെതിരെ തിരിയാന്‍ കാരണമായി.  

സന്ധിസംഭാഷണത്തിനായി നക്കീരന്‍ ഗോപാലന്‍ പുറപ്പെടുന്നു...

rajkumar
വീരപ്പനും നക്കീരന്‍ ഗോപാലും

ഇതിനിടെ വീരപ്പനുമായി സന്ധി സംഭാഷണത്തിനുള്ള ശ്രമങ്ങള്‍ കര്‍ണാടക- തമിഴ്നാട് സര്‍ക്കാരുകള്‍ സംയുക്തമായി ആലോചിക്കുന്നുണ്ടായിരുന്നു. നക്കീരന്‍ മാസികയുടെ പത്രാധിപര്‍ ആര്‍ആര്‍ ഗോപാലിനെ ദൂതനായി തിരഞ്ഞെടുത്തു. വീരപ്പനുമായി നേരത്തെ തന്നെ ഗോപാലിനുള്ള ബന്ധം ഗുണമാവുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. അങ്ങനെ ആഗസ്ത് മൂന്നിന് ഗോപാലന്‍ കാട്ടിലേക്ക് തിരിച്ചു. 10 ആവശ്യങ്ങളടങ്ങിയ ഒരു ടേപ്പ് വീരപ്പന്‍ ഗോപാലിന്റെ കയ്യില്‍ കൊടുത്തുവിട്ടു. കര്‍ണാടകയില്‍ തടവില്‍ കഴിയുന്ന 121 ടാഡ തടവുകാരെയും തമിഴ്നാട്ടിലെ ജയിലിലുള്ള 5 തമിഴ് തീവ്രവാദികളേയും പുറത്തുവിടണം എന്നതായിരുന്നു പ്രധാന ആവശ്യം. 

കാവേരി നദീജല കരാര്‍ നടപ്പിലാക്കുക. തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ തമിഴ്മാധ്യമം നിര്‍ബന്ധമാക്കുക. കര്‍ണാടകയില്‍ തമിഴ് രണ്ടാംഭാഷയാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. വ്യക്ത്യാധിഷ്ഠിതമായ നേട്ടങ്ങള്‍ക്കപ്പുറത്ത് രാഷ്ട്രീയ ആവശ്യങ്ങള്‍ കൂടി വീരപ്പന്‍ മുന്നോട്ടുവെച്ചത് കൂടുതല്‍ ചര്‍ച്ചകളിലേക്ക് കാര്യങ്ങളെ കൊണ്ടുപോയി. തീവ്ര തമിഴ് സംഘടനകളായ തമിഴ് ലിബറേഷന്‍ ആര്‍മി, തമിഴ് ലിബറേഷന്‍ ഫോഴ്സ് എന്നിവയുമായി വീരപ്പന് ബന്ധമുണ്ട് എന്നകാര്യം വെളിപ്പെട്ടു. 

പുതിയ തന്ത്രങ്ങളുമായി സര്‍ക്കാര്‍...

എന്നാല്‍ രാജ്കുമാറിനെ മോചിപ്പിക്കാന്‍ കമാന്‍ഡോ ഓപ്പറേഷന്‍വേണമെന്ന ആവശ്യം ഇരു സംസ്ഥാന സര്‍ക്കാരുകളും ആദ്യമേ തള്ളിക്കളഞ്ഞിരുന്നു. അടുത്തിടെയാണ് എസ്എം കൃഷ്ണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കമാന്‍ഡോ ഓപ്പറേഷനിടെ രാജ്കുമാറിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന ബോധമാണ് എസ്എം കൃഷ്ണ സമാധാനത്തിന്റെ വഴി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും എസ്എം കൃഷ്ണയും പലതവണ സാഹചര്യം വിലയിരുത്തി. കമാന്‍ഡോ ഓപ്പറേഷന്‍ തന്നെ വേണമെന്നത് ജയലളിത രാഷ്ട്രീയ ആവശ്യമായി ഉന്നയിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരാഴ്ച പിന്നിട്ടിട്ടും നടപടികള്‍ കാര്യമായി മുന്നോട്ടു പോകാതായതോടെ ബംഗളൂരുവിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും വീണ്ടും പ്രശ്നങ്ങള്‍ ആരംഭിച്ചു. തമിഴര്‍ക്കെതിരെ വീണ്ടും അക്രമങ്ങള്‍ അരങ്ങേറി. വീരപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കരുണാനിധി തീരുമാനിച്ചു. സമാധാന ദൂതുമായി ഗോപാല്‍ ആഗസ്ത് 13ന് വീണ്ടും കാടു കയറി. വീരപ്പന്‍ അഴഞ്ഞില്ല. ഒടുവില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വീരപ്പന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ടാഡ കേസിലെ തടവുകാരെ പുറത്തുവിടാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് ഇടയാക്കി. പ്രതികളെ പുറത്തുവിടാനുള്ള വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നു. മുന്‍പ് വീരപ്പന്‍ വെടിവെച്ചു കൊന്ന ഷക്കീല്‍ അഹമ്മദ് എന്ന പോലീസുകാരന്റെ അച്ഛന്‍ അബ്ദുള്‍ കരീമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വാദപ്രതിവാദങ്ങള്‍ ആരംഭിച്ചു. 

അതിനിടെ ആഗസ്ത് 16, 24 തിയതികളില്‍ ഗോപാല്‍ വീണ്ടും വീരപ്പനെ കണ്ടു. അതിനുശേഷം വീരപ്പനെതിരായ എല്ലാ കേസും പിന്‍വലിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പരന്നു. എന്നാല്‍ അതുണ്ടായില്ല. സുപ്രീം കോടതിയില്‍ നിന്ന് കര്‍ണാടക സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു. സെപ്റ്റംബര്‍ ആദ്യം കര്‍ണാടകയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. തീരുമാനങ്ങള്‍ അറിയിക്കാന്‍ സെപ്റ്റംബര്‍ 21ന് ഗോപാല്‍ വീണ്ടും വീരപ്പനെ കണ്ടു. പക്ഷേ നിര്‍ദേശങ്ങള്‍ വീരപ്പന്‍ തള്ളി. ഇതിനിടെ ബന്ധികളിലൊരാളായ നാഗപ്പന്‍ സപ്തംബര്‍ 26ന് ഓടി രക്ഷപ്പെട്ടു. അനിശ്ചിതത്വം തുടര്‍ന്ന സാഹചര്യത്തില്‍ വീരപ്പന്റെ കൂട്ടാളികളെ വിട്ടയയ്ക്കാനുള്ള സന്നദ്ധത കേന്ദ്ര സര്‍ക്കാരും പ്രകടിപ്പിച്ചു. 

സമാധാനദൗത്യം നെടുമാരനിലേക്ക്.....

നാല്തവണ വീരപ്പനെ കണ്ടിട്ടും ഗോപാലിന് ഫലമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അഞ്ചാം തവണ ദൗത്യം പി നെടുമാരനാണ് ഏറ്റെടുത്തത്. തമിഴ് ദേശീയ ഇഴക്കം നേതാവും എല്‍ടിടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയ ആളുമാണ് നെടുമാരന്‍. ആ അര്‍ഥത്തില്‍ വീരപ്പന് സ്വീകാര്യനുമായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവര്‍ത്തകരായ കല്യാണ വില്ലുപുരവും പുതുവൈ ജി സുകുമാറും ഗെപാലും അദ്ദേഹത്തോടൊപ്പം വീരപ്പനെ കണ്ടു. കൂടെയുണ്ടായിരുന്ന ഭാനു എന്ന ഡോക്ടര്‍ രാജ്കുമാറിനെ പരിശോധിച്ചു. അവര്‍ ചര്‍ച്ച നടത്തി. പക്ഷേ ഫലമുണ്ടായില്ല. ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കണം എന്ന നിലപാടില്‍ വീരപ്പന്‍ ഉറച്ചു നിന്നത് കീറാമുട്ടിയായി. കാട്ടുവാസം കൊണ്ട് രോഗശയ്യയിലായ രാജ്കുമാറിന്റെ മരുമകന്‍ ഗോവിന്ദരാജുവിനെ ഒക്ടോബര്‍ 16ന് വീരപ്പന്‍ വെറുതെ വിട്ടു. തൊട്ടടുത്ത ദിവസം കര്‍ണാടക - തമിഴ്നാട് സര്‍ക്കാരുകളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൊള്ളക്കാരന് വഴങ്ങി എന്തും ചെയ്ത് കൊടുക്കുമോ എന്ന് കോടതി ഇരു സര്‍ക്കാരുകളോടും ചോദിച്ചു. അനിശ്ചിതത്വം തുടര്‍ന്നു. 

veerappan
മാതൃഭൂമി 2000 നവംബര്‍ 8/ മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

സര്‍ക്കാരുകളെ ഞെട്ടിച്ച് സുപ്രീംകോടതി വിധി...

ഒടുവില്‍ നവംബര്‍ ഏഴിന് സുപ്രീം കോടതി സുപ്രധാനമായ വിധി പുറപ്പെടുവിച്ചു. വീരപ്പന്റെ കൂട്ടാളികളെ വെറുതെവിട്ടയയ്ക്കില്ലെന്ന വിധിയില്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ ഞെട്ടി. ഇനിയെന്ത് എന്ന് അവര്‍ ആലോചിച്ചു തുടങ്ങി. തമിഴ്നാട് നിയമസഭയില്‍ ടിഎംസി നേതാവ് ബാലകൃഷ്ണന്‍ തന്നെ ദേശദ്രോഹി എന്ന് വിളിച്ചതിനാല്‍ നെടുമാരന്‍ തന്റെ രണ്ടാം ദൗത്യം റദ്ദാക്കുക കൂടി ചെയ്തത് സര്‍ക്കാരുകള്‍ക്ക് ഇരുട്ടടിയായി. എന്നാല്‍ രാജ്കുമാറിന്റെ കുടുംബത്തിന്റേയും സര്‍ക്കാരുകളുടേയും സിനിമാ നടന്‍ രജനീകാന്തിന്റേയും അഭ്യര്‍ത്ഥനമാനിച്ച് നെടുമാരന്‍ വീണ്ടും കാടു കയറാന്‍ തീരുമാനിച്ചു. പക്ഷേ ഇത്തവണ ഗോപാല്‍ ഒപ്പമുണ്ടായിരുന്നില്ല. കല്യാണി വില്ലുപുരവും ജി സുകുമാരനും അദ്ദേഹത്തോടൊപ്പം പോയി. രാജ് കുമാറിന്റെ മോചനം ഇത്തവണ ഉറപ്പാണെന്ന് പുറപ്പെടു മുന്‍പേ നെടുമാരന്‍ പറഞ്ഞിരുന്നു. 

108ാം ദിവസം മോചനം...

ഒടുവില്‍ അനിശ്ചിതത്വങ്ങളുടെ 108 ദിവസങ്ങള്‍ക്കുശേഷം 2000 നവംബര്‍ 15ന് രാജ് കുമാറിനെ വീരപ്പന്‍ ഉപാധികളൊന്നുമില്ലാതെ വെറുതെവിട്ടു. 

veerapan
മാതൃഭൂമി 2000 നവംബര്‍ 16/മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

കോയമ്പത്തൂരിനടുത്തെ ഒരു ഗസ്റ്റ്ഹൗസിലിരുന്ന് രാജ്കുമാര്‍ ഇരു സംസ്ഥാന മുഖ്യമന്ത്രിമാരോടും സംസാരിച്ചു. രാജ്കുമാര്‍ രക്ഷപെട്ട വിവരം മുഖ്യമന്ത്രിമാര്‍ മാധ്യമങ്ങളെ അറിയിച്ചു. കലാപകലുഷിതമായിരുന്ന ബംഗളൂരു തെരുവുകളില്‍ ആഹ്ലാദ ന്യത്തങ്ങള്‍ തുടങ്ങി. സര്‍ക്കാരയച്ച ഹെലിക്കോപ്റ്ററില്‍ രാജ്കുമാര്‍ ബംഗളൂരുവിലെത്തി. മാധ്യമങ്ങളെകണ്ടു. വിധാന്‍സൗദയിലെ സമ്മേളനഹാളില്‍ തിങ്ങി നിറഞ്ഞ മാധ്യമപ്രവര്‍ത്തകരും മന്ത്രിമാരും ഉദ്യോഗസ്ഥരും നിശബ്ദരായി രാജ്കുമാറിനെ കേട്ടിരുന്നു. പക്ഷേ ഒരിടത്തുപോലും അദ്ദേഹം വീരപ്പനെ കുറ്റം പറഞ്ഞില്ല. ''കഴിഞ്ഞ മൂന്നുമാസത്തിലേറെയായി എനിക്ക് വീരപ്പനും അനുയായികളുമായിരുന്നു ബന്ധുക്കള്‍. അവര്‍ നല്ലവണ്ണം നോക്കി. പക്ഷേ വീട്ടിലെ മക്കളേയും കുഞ്ഞു കുട്ടികളേയും ഓര്‍ത്ത് പ്രയാസം തോന്നി. ഓരോ രാത്രിയും പകലും എങ്ങനെയോ തള്ളിനീക്കുകയായിരുന്നു. പത്തുപന്ത്രണ്ട് ദിവസം കഴിയുമ്പോള്‍ വിട്ടയയ്ക്കുമെന്നായിരുന്നു കരുതിയത്. പക്ഷേ മൂന്നു മാസങ്ങള്‍ കടന്നുപോയി. കാ്ട്ടില്‍ അറുപതോളം സ്ഥലങ്ങളിലാണ് മാറിമാറി താമസിച്ചത്.''  അദ്ദേഹം വിശദീകരിച്ചു. 

സംഭവബഹുലമായ 108 ദിവസങ്ങള്‍. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ ഈറോഡ് ജില്ലാ കോടതി വിധി പറഞ്ഞിരിക്കുകയാണ്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഈറോഡ് ജില്ലാ കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് എല്ലാ പ്രതികളേയും വെറുതെ വിടുന്നെന്ന് വിധി പറഞ്ഞു. വീരപ്പന്‍ മരിച്ച് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി വരുന്നത്. 12 വര്‍ഷം മുന്‍പ് രാജ്കുമാറും മരിച്ചു. വീരപ്പന്റെ അടുത്ത കൂട്ടാളികളായിരുന്ന സേത്തുക്കുഴി ഗോവിന്ദന്‍, രംഗസ്വാമി, എന്നിവരും വിചാരണയ്ക്കിടെ മരിച്ചു. ഗോവിന്ദരാജ്, ആന്തില്‍, പശുവണ്ണ, കുപ്പുസ്വാമി, കല്‍മാഡി രാമന്‍ എന്നിവരാണ് വിചാരണ നേരിട്ട് ജയിലില്‍ കഴിഞ്ഞത്. അങ്ങനെ രാജ്യം ഉറ്റുനോക്കിയ ഒരധ്യായം അവിടെ അവസാനിച്ചു.