വാഷിങ്ടണ്‍: ഇറാന്‍ ഗുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ 'അന്ത്യനിമിഷം' നേരത്തെ തന്നെ യുഎസ് തീരുമാനിച്ചുറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ സൈനിക ജനറലായിരുന്നിട്ടും അമേരിക്കയുടെ കണ്ണുകളില്‍നിന്ന് രക്ഷപ്പെടാനോ അത് മുന്‍കൂട്ടി അറിയാനോ സുലൈമാനിക്കോ ഇറാന്‍ സേനയ്‌ക്കോ കഴിഞ്ഞില്ല.
ഇറാനില്‍ അത്രയേറെ ജനപ്രീതിയുള്ള സൈനിക ഉദ്യോഗസ്ഥനായിരുന്നു സുലൈമാനി. ഇത് ഒരുവിധത്തില്‍ യുഎസ് സൈന്യത്തിന് സഹായമാവുകയും ചെയ്തു. സുലൈമാനിയുടെ ഓരോദിവസത്തെ യാത്രകളെ കുറിച്ചും പോകുന്ന ഇടങ്ങളെ കുറിച്ചും യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.
ബെയ്‌റൂട്ടിലെ സൈനിക താവളത്തില്‍നിന്നാണ് യുഎസ് സൈന്യം ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത്. യാത്രയിലുടനീളം സുലൈമാനി അമേരിക്കന്‍ ഡ്രോണുകളുടെ നിരീക്ഷണത്തിലായിരുന്നു. സാധാരണ പൗരന്മാരെ ഒരുവിധത്തിലും ബാധിക്കാത്തരീതിയില്‍ ദൗത്യം പൂര്‍ത്തീകരിക്കണമെന്നതും യുഎസിന്റെ ആവശ്യമായിരുന്നു.
ബാഗ്ദാദ് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട സുലൈമാനിയുടെ വാഹനവ്യൂഹത്തില്‍ ആദ്യത്തെ കാറിലായിരുന്നു സുലൈമാനി. പിന്നീട് ഈ വാഹനം പിറകിലായെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഹെല്‍ഫയര്‍ മിസൈലുകള്‍ കാറിന് മുകളിലേക്ക് പതിച്ചു. കാറിനുള്ളില്‍ സാധരണക്കാരാരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം.
മറ്റെവിടെയും ഡ്രോണ്‍ ആക്രമണം നടത്തുന്നതിനെക്കാള്‍ എളുപ്പമായിരുന്നു ബാഗ്ദാദിലെ ആക്രമണമെന്നായിരുന്നു മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ ബ്രെറ്റ് വെലികോവിച്ചിന്റെ പ്രതികരണം. ഡ്രോണുകള്‍ക്ക് താഴ്ന്ന് പറക്കാനുള്ള സാഹചര്യവും ഡ്രോണുകള്‍ പറക്കുന്നതൊന്നും ഇറാഖിലെ ജനങ്ങള്‍ കാര്യമായി ശ്രദ്ധിക്കാത്തതും സൈന്യത്തെ സഹായിച്ചിട്ടുണ്ടാകാമെന്നും യുഎസ് സൈന്യത്തിന്റെ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ ദൗത്യത്തിലെ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന വെലികോവിച്ച് പറഞ്ഞു.
എംക്യു 9 റീപ്പര്‍ ഡ്രോണ്‍
എംക്യു 9 റീപ്പര്‍ എന്ന ആളില്ലാ യുദ്ധവിമാനമായിരുന്നു ഈ ദൗത്യത്തില്‍ യുഎസ് സൈന്യത്തിന്റെ നായകന്‍. 64 മില്യണ്‍ ഡോളര്‍(ഏകദേശം 460 കോടിയോളം രൂപ) വിലവരുന്ന ഒരു എംക്യു 9 ന്റെ വിങ്‌സ്പാന്‍(ചിറകറ്റങ്ങള്‍ തമ്മിലുള്ള അകലം) 20 മീറ്ററാണ്.
യുഎസിലെ ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ് ആണ് എംക്യു 9 വികസിപ്പിച്ചത്. ലേസര്‍ നിയന്ത്രിത ഹെല്‍ഫയര്‍ മിസൈലുകളാണ് എംക്യു 9 ലെ ആയുധം. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഈ ആളില്ലാ വിമാനത്തിന്റെ പ്രത്യേകതകളാണ്.
ഖാസിം സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ മിസൈല്‍ തൊടുക്കുന്നതിന് പത്തുമിനിറ്റ് മുമ്പ് തന്നെ എംക്യു 9 ന്റെ ക്യാമറക്കണ്ണുകളില്‍ അദ്ദേഹം പതിഞ്ഞിരുന്നു. കാറിനുള്ളിലെ മറ്റുള്ളവരെയും ഇതിലൂടെ തിരിച്ചറിഞ്ഞു. സുലൈമാനിയുടെ കാറിലെ ഇരിപ്പിടവും അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം പോലും എംക്യു 9 ലെ ക്യാമറകള്‍ ഒപ്പിയെടുത്തു. തൊട്ടുപിന്നാലെ സമയവും സാഹചര്യവും ഒത്തുവന്നതോടെ മണിക്കൂറില്‍ 370 കി.മീ വേഗത്തില്‍ പോകുന്ന ലേസര്‍ നിയന്ത്രിത ഹെല്‍ഫയര്‍ മിസൈലുകള്‍ വാഹനവ്യൂഹത്തിന് നേരെ. കണ്ണുംചിമ്മി തുറക്കുന്നതിന് മുമ്പേ എല്ലാം നിഷ്പ്രഭം.
Content Highlights: us army operation to kill iran commander qassem soleimani