1998. അന്നാണ് ബി.ജെ.പി. തങ്ങളുടെ പ്രകടനപത്രികയിൽ ആദ്യമായിഏകീകൃത വ്യക്തിനിയമം എന്നെഴുതിച്ചേര്‍ക്കുന്നത്. അന്നു മുതൽ ഇന്നുവരെ, അതായതു കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി ഏറിയും കുറഞ്ഞും നിറപ്പകിട്ടാര്‍ന്ന, ചൂടേറിയ ചര്‍ച്ചകള്‍ക്കു വിധേയമായ വിഷയമാണ് ഏകീകൃത വ്യക്തിനിയമം. അന്നു  തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികളുടെ എതിര്‍പ്പും ഒരു കുറവുമില്ലാതെ ഇന്നും നിര്‍ബാധം തുടരുന്നു.

2016-ലാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതിന്റെ സാധ്യതകളെക്കുറിച്ചു പരിശോധിക്കാന്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ 21-ാം നിയമകമ്മിഷനോടു നിര്‍ദേശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അവരും പടിയിറങ്ങി. അത്ര ലളിതമായി അവരുടെ പടിയിറക്കത്തെ വിശേഷിപ്പിക്കാനുമാകില്ല. പോകുന്നതിനുമുമ്പു കേന്ദ്രസര്‍ക്കാരിന്, അല്ലെങ്കില്‍ എക്കാലവും ഏകീകൃത വ്യക്തിനിയമത്തിനുവേണ്ടി അഹോരാത്രം പണിയെടുത്ത ബി.ജെ.പിക്കും സംഘപരിവാറിനും അവര്‍ ശക്തമായ പ്രഹരം നല്കി. ഈ ഘട്ടത്തില്‍ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം അത്യാവശ്യമോ അഭികാമ്യമോ അല്ലെന്നായിരുന്നു നിയമ കമ്മിഷന്റെ റിപ്പോര്‍ട്ട്.

എന്താണ് ഏകീകൃത വ്യക്തിനിയമം

ജാതി-മത-വര്‍ഗ ഭേദമെന്യേ രാഷ്ട്രത്തിലെ ഏതു പൗരന്റെയും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ജീവനാംശം എന്നിവയെ സംബന്ധിക്കുന്ന പൊതുവായ നിയമനിർമാണമാണ് ഏകീകൃത വ്യക്തിനിയമം കൊണ്ടുദ്ദേശിക്കുന്നത്. നിലവില്‍ വ്യക്തിനിയമങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയില്‍ പിന്തുടരുന്നത്.

വിവാഹം സാധുവാകണമെങ്കില്‍ ഓരോ വ്യക്തിനിയമങ്ങള്‍ക്കും അനുസൃതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആവശ്യമാണ്. വിവാഹപ്രായം, വിവാഹമോചനത്തിന്റെ കാരണങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിവ വ്യത്യസ്തമായി നിലനിൽക്കുന്നു. മരണപത്രം എഴുതിവെയ്ക്കാതെ ഏതെങ്കിലും ഒരു വ്യക്തി മരിക്കുകയാണെങ്കില്‍ പിന്തുടര്‍ച്ചാവകാശികള്‍ ആരാണെന്ന കാര്യത്തിലും മരണപത്ര വ്യവസ്ഥകളുടെ കാര്യത്തിലും ജീവനാംശം കൊടുക്കേണ്ട സാഹചര്യങ്ങളിലും വിവിധതരത്തിലുള്ള വ്യവസ്ഥകളാണ് ഇന്നു നിലനില്ക്കുന്നത്.

എന്നാല്‍, ഒരു രാഷ്ട്രമെന്ന നിലയില്‍ പൗരന്മാര്‍ക്കിടയില്‍ വിവേചനമില്ലാത്ത ഏകീകൃത നിയമനിര്‍മാണം ആവശ്യമാണെന്ന് ഒരു വിഭാഗവും, ഇങ്ങനെ നിയമനിര്‍മാണം നടത്തുന്നതു ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിനും അവകാശങ്ങൾക്കും എതിരാണെന്നു മറ്റൊരു വിഭാഗവും വാദിക്കുന്നു. ഈ സാഹചര്യത്തിലാണു ഭരണഘടനയും ജുഡീഷ്യറിയും എന്തു പറയുന്നുവെന്നു പരിശോധിക്കേണ്ടത്.

ഭരണഘടനയുടെ 44-ാം ഖണ്ഡികയില്‍ ഏകീകൃത വ്യക്തിനിയമം ഇന്ത്യയിൽ നടപ്പാക്കുന്നതിനുള്ള ശ്രമം രാഷ്ട്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു പറയുന്നു. എന്നാല്‍ സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ പതിപ്പിക്കാതെ വന്നപ്പോള്‍ സുപ്രീംകോടതിതന്നെ ഇക്കാര്യം പലപ്പോഴായി ആവശ്യപ്പെട്ടു. 

shabanu beegum
image: satyagrah.in
  • ഷബാനു ബീഗം കേസ് (1985)

മുഹമ്മദ് അഹമ്മദ് ഖാനെന്ന നിയമജ്ഞൻ തന്റെ ഭാര്യ ഷബാനു ബീഗത്തെ ശരിയത്ത് നിയമപ്രകാരം മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി ബന്ധമൊഴിഞ്ഞു. എന്നാൽ ഷബാനു ബീഗം തനിക്കു ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ടു ക്രിമിനൽ നടപടി നിയമത്തിലെ 125-ാം വകുപ്പു പ്രകാരം കോടതിയിൽ അപേക്ഷ നല്കി.

കീഴ്‌ക്കോടതികൾ ഷബാനു ബീഗത്തിന് അനുകൂലമായി വിധിയെഴുതിയപ്പോൾ മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചു. താൻ മുസ്ലീമാണെന്നും ശരിയത്ത് നിയമമാണു തനിക്കു ബാധകമെന്നും ക്രിമിനൽ നടപടിച്ചട്ടത്തിലെ ജീവനാംശം സംബന്ധിക്കുന്ന 125-ാം വകുപ്പ് പ്രകാരം പ്രവർത്തിക്കുന്നതിനു തനിക്ക് ബാധ്യതയില്ലെന്നും ഖാൻ നിലപാടെടുത്തു.

എന്നാല്‍, വ്യക്തിനിയമപ്രകാരം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാലും മുസ്ലിം സ്ത്രീകള്‍ക്കു ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും വ്യത്യസ്തങ്ങളായ വ്യക്തി നിയമങ്ങള്‍ക്ക് ഉപരിയായി ദേശീയ താല്‍പര്യങ്ങൾ പരിഗണിക്കുന്ന ഏകീകൃത വ്യക്തിനിയമം രാജ്യത്തിനാവശ്യമാണെന്നും കേസിന്റെ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഢ് എഴുതി. അന്നതു വിവിധ മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനും പ്രതിഷേധത്തിനും ഇരയാക്കി.

  • സരള മുഗ്ദൾ കേസ് (1995)

ഷബാനു ബീഗം കേസിന്റെ അലയൊലി അടങ്ങിയിരുന്ന സമയത്താണ് ഏകീകൃത വ്യക്തിനിയമത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു സുപ്രീം കോടതി സരള മുഗ്ദൾ കേസിൽ വിധി പറഞ്ഞത്.

ഹിന്ദുവായ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചു ശരിയത്ത് നിയമപ്രകാരം രണ്ടാമതും വിവാഹം കഴിക്കുന്നതിന്റെ സാധുതയാണ് ഈ കേസില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വ്യക്തിനിയമം അനുസരിച്ചു ബഹുഭാര്യത്വം അനുവദനീയമാണെന്ന വാദം കോടതി തള്ളി. ഹിന്ദുവായി വിവാഹംചെയ്ത വ്യക്തി മതപരിവര്‍ത്തനം നടത്തിയാലും ഹിന്ദു വിവാഹ നിയമപ്രകാരം ബന്ധം വേര്‍പെടുത്താതെ മറ്റു വിവാഹബന്ധത്തില്‍ ഏര്‍പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നു കോടതി കണ്ടെത്തി. ഏകീകൃത വ്യക്തിനിയമം രാജ്യത്തു നടപ്പാക്കണമെന്നും നിർദേശിച്ചു.

  • ഫാ. ജോൺ വള്ളമറ്റം കേസ് (2003)

ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു ബാധകമായിട്ടുള്ള പിന്തുടര്‍ച്ചാ നിയമത്തിലെ 118-ാം വകുപ്പില്‍ മതപരമോ ധാര്‍മികമോ ആയ കാര്യങ്ങള്‍ക്കായി ഏതെങ്കിലും വ്യക്തി മരണപത്രം എഴുതി വയ്ക്കുകയാണെങ്കിൽ അതു സാധുവാകാനുള്ള നിബന്ധനകൾ വിവേചനപരമാണെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫാ. ജോൺ വള്ളമറ്റം സുപ്രീം കോടതിയെ സമീപിച്ചു. അതു സുപ്രീം കോടതി ശരിവെച്ചു. ഈ അവസരത്തിലും ഏകീകൃത വ്യക്തിനിയമ നിര്‍മാണം നടത്തുന്നതിനു പാര്‍ലമെന്റ് നടപടിയെടുക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

ഏകീകൃത സംവിധാനം ആവശ്യംതന്നെ, പക്ഷേ..

ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ പരമാധികാര രാഷ്ട്രമാണെന്നാണു ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. രാഷ്ട്രത്തിന് ഒരു മതവുമില്ല. എന്നാല്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും മതപരവും ധാർമികവുമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിനും അവകാശമുണ്ടെന്നു ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളില്‍ പൗരന് ഉറപ്പുനൽകുന്നു.

എന്നാല്‍, ഭരണഘടനയില്‍ത്തന്നെ പറയുന്ന മറ്റൊരു ഭാഗമിതാണ്- ''പൊതുജീവിതത്തിലെ ക്രമത്തിനും മൂല്യബോധത്തിനും പൊതുജനാരോഗ്യത്തിനും അനുസൃതമായ തരത്തിലായിരിക്കണം ഈ അധികാരങ്ങള്‍ വിനിയോഗിക്കപ്പെടേണ്ടത്. മതവിശ്വാസത്തിന്റെ പേരില്‍ പൗരന്മാരോടു വിവേചനം കാണിക്കാത്തതാണു മതനിരപേക്ഷത''.

ഇതുപ്രകാരം വ്യക്തികളുടെ വിശ്വാസങ്ങളും ആ വിശ്വാസത്തെ രൂപപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുകൊണ്ടുതന്നെ സ്വത്തിന്മേലുള്ള അവകാശം, ജീവനാംശം, വിവാഹം എന്നിവയ്ക്ക് ഏകീകൃതമായ നിയമസംവിധാനം സാധ്യമാക്കുകയാണ് വേണ്ടത്. എന്നാല്‍ അതിനുള്ള ഉചിതമായ സമയമാണോ ഇതെന്നു ചിന്തിക്കണം. അതിനു ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കേണ്ടതുണ്ട്.

ചരിത്രത്തിലേക്ക്..

സ്വാതന്ത്രത്തിനുശേഷം ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കാനുള്ള സമിതിയില്‍ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരുന്നതിനെക്കുറിച്ചു കാര്യമായ രീതിയില്‍ത്തന്നെ ചര്‍ച്ച നടന്നു. എന്നാല്‍ സമവായം ഏഴയല്‍പ്പക്കത്തേക്കു പോലും വന്നില്ല. അങ്ങനെയായപ്പോള്‍ 44-ാം അനുച്ഛേദത്തിനകത്തെ നിർദ്ദേശകതത്വങ്ങളിൽ ഈ വിഷയം ഉള്‍പ്പെടുത്തുകയായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണു ഹിന്ദുനിയമങ്ങള്‍ പുരോഗമനപരമായി നവീകരിക്കാൻ നെഹ്‌റുവും ഭരണഘടനാ ശില്പിയും ആദ്യ നിയമമന്ത്രിയുമായ ബി.ആര്‍. അംബേദ്കറും തീരുമാനിച്ചത്. ബഹുഭാര്യത്വം അവസാനിപ്പിക്കുക, പിതാവിന്റെ സ്വത്തില്‍ മകനോടൊപ്പം ഭാര്യക്കും മകള്‍ക്കും തുല്യാവകാശം നല്‍കുക, വിവാഹമോചനം നടക്കുമ്പോള്‍ സ്ത്രീക്കു നീതി ഉറപ്പുവരുത്തുക എന്നിങ്ങനെയുളള വ്യവസ്ഥകളാണു ഹിന്ദു കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബില്ലിനെതിരേ ആദ്യം പ്രതിഷേധിച്ചത്, വിരോധാഭാസമാണ്, എങ്കിലും പറയട്ടെ, ആര്‍.എസ്.എസാണ്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ചു ഹിന്ദുക്കള്‍ പിന്തുടരേണ്ടതു ധര്‍മശാസ്ത്രങ്ങളാണെന്ന നിലപാടായിരുന്നു അവരുടേത്.

തുടര്‍ന്ന് 1949-ല്‍ ആര്‍.എസ്.എസ്. മുന്‍കയ്യെടുത്ത് അഖിലേന്ത്യാ ഹിന്ദു കോഡ് ബിൽ വിരുദ്ധസമിതി രൂപവത്കരിച്ചു. ദ്വാരക ശങ്കരാചാര്യര്‍, സ്വാമി കര്‍പാത്രിജി മഹാരാജ് എന്നീ സന്യാസികളും ശ്യാമപ്രസാദ് മുഖർജി ഉള്‍പ്പെടെയുളള ജനസംഘം നേതാക്കളും സമിതിയുടെ തലപ്പത്തുവന്നു. അവര്‍ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തിച്ചു. 1949 ഡിസംബർ 11-നു ദില്ലിയിലെ രാംലീലാ മൈതാനിയിൽ ആർ.എസ്.എസ്. സംഘടിപ്പിച്ച റാലിയെ അഭിസംബോധനചെയ്ത ഇവര്‍ ബില്ലിനെ വിശേഷിപ്പിച്ചത് ഇങ്ങനെ- 'ഹിന്ദുക്കൾക്ക് മേൽ പതിക്കാന് പോവുന്ന ആറ്റം ബോബ്' എന്ന്.

കർപാത്രിജി മഹാരാജിന്റെ കടന്നുവരവായിരുന്നു ഏറ്റവും ശ്രദ്ധേയം. അംബേദ്കറുടെ ജാതിയായിരുന്നു കര്‍പാത്രിജിയെ ആശങ്കയിലാഴ്ത്തിയത്. ബ്രാഹ്മണരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍  അവര്‍ണന് എന്താണ് അവകാശം എന്നുവരെ കര്‍പാത്രിജി ചോദിച്ചു. ഹിന്ദു സ്ത്രീക്കു പിതാവിന്റെ സ്വത്തിന്റെ എട്ടിലൊന്നിൽ മാത്രമേ അവകാശമുളളൂവെന്നും മറ്റൊരു ജാതിയിൽപ്പെട്ട കുട്ടിയെ ദത്തെടുക്കാൻ അനുവദിക്കരുതെന്നും കര്‍പാത്രിജി വാദിച്ചു.

കോണ്‍ഗ്രസും പിറകിലല്ല

കോണ്‍ഗ്രസിലെ ഹിന്ദുത്വ ലോബിക്കും ഇക്കാര്യത്തില്‍ ആര്‍.എസ്.എസിന്റെ അതേ നിലപാടായിരുന്നു. വല്ലഭ് ഭായി പട്ടേലും ഡോക്ടര്‍  രാജേന്ദ്രപ്രസാദുമെല്ലാം ബില്ലിനെ ശക്തമായി എതിര്‍ത്തു. അതോടെ ബിൽ പാസാക്കിയെടുക്കാനുളള നടപടികൾ ഇഴയാൻ തുടങ്ങി. എന്തു വിലകൊടുത്തും ബിൽ പാസാക്കിയേ തീരൂ എന്ന ഉറച്ച നിലപാടെടുത്തിരുന്ന അംബേദ്കര്‍ നെഹ്‌റുവിന്റെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ചാണു മന്ത്രിസഭയിൽനിന്നു രാജിവെക്കുന്നത്. അംബേദ്കറിനോടു യോജിച്ചുകൊണ്ടു കമ്മ്യൂണിസ്റ്റുകാരും രംഗത്തെത്തിയതോടെ 1955, 56 വർഷങ്ങളിലായി പ്രതിഷേധങ്ങൾക്കിടയിൽതന്നെ ഹിന്ദുവിവാഹ നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം, ദത്തെടുക്കല്‍ നിയമം എന്നിവ പാര്‍ലമെന്റ് പാസാക്കി.

മതനിരപേക്ഷതയുടെ കടയ്ക്കലെ കത്തിവെപ്പോ?

ആരോപണങ്ങളും പ്രത്യാരോപണങ്ങളും കളം നിറയുമ്പോഴും പ്രധാനചോദ്യം ഇന്നും ഉത്തരംകിട്ടാതെ നില്‍ക്കുന്നു. മതനിരപേക്ഷത എന്ന ഭരണഘടനാ തത്വം ഏകീകൃത വ്യക്തിനിയമപ്രകാരം ബലി കഴിക്കപ്പെടുമോ?

നെഹ്രുവിന്റെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ചുള്ള സജീവചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത്രയധികം ആശങ്കയുയര്‍ത്തിയിരുന്നോ എന്നു സംശയമാണ്. അന്ന് രാജ്യം ഭരിച്ചിരുന്നത് മതേതര സർക്കാരുകളായിരുന്നുവെന്നു പൂര്‍ണമായി സ്ഥാപിക്കാനാകില്ലെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അങ്ങനൊരു വിശ്വാസം നിലനിന്നിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. സ്ഥിതി മാറി. ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയുടെ നിഴലിലായി. ഹിന്ദുത്വ അജന്‍ഡയിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയായി സ്വയം അവരോധിക്കപ്പെട്ട ബി.ജെ.പി. അധികാരമേറ്റെടുത്തു. അതോടെ കാലങ്ങളായി ആര്.എസ്.എസ് നെഞ്ചോടു ചേര്ത്തുപിടിക്കുന്ന ഏകീകൃത വ്യക്തിനിയമം എന്ന സ്വപ്നം പൂവണിയാൻ സമയമായെന്നു മോദി ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല.

പ്രധാന ആശങ്ക ഏകീകൃത വ്യക്തിനിയമം എന്നപേരിൽ ഹിന്ദുനിയമം അടിച്ചേല്‍പ്പിക്കുമോ എന്നതാണ്. പ്രത്യേകിച്ച്, സംഘപരിവാറിന്റെ ശക്തമായ എതിർപ്പ് മറികടന്നു ഹിന്ദു വ്യക്തിനിയമങ്ങൾ രാജ്യത്തു നടപ്പാക്കിയെങ്കിലും പ്രായോഗികതലത്തിൽ പലയിടങ്ങളിലും ഇവ നടപ്പിലാകുന്നില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍. അനൗദ്യാഗികമായി പലയിടങ്ങളിലും ഇപ്പോഴും ബഹുഭാര്യത്വം നടക്കുന്നു. പിതാവിന്റെ സ്വത്തിലെ അർഹമായ വിഹിതം പല പെണ്മക്കൾക്കും ലഭിക്കുന്നുമില്ല. പലപ്പോഴും ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതു ജാതി- ഖാപ് പഞ്ചായത്തുകളാണ്. ഒട്ടുമിക്ക ദുരഭിമാനഹത്യകളും നടക്കുന്നതു ജാതി പഞ്ചായത്തുകളുടെ കല്പനകളെത്തുടർന്നായിരുന്നു. ഹരിയാണയിലെ കുപ്രസിദ്ധമായ ഖാപ് പഞ്ചായത്തുകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായപ്പോഴെല്ലാം ആർ.എസ്.എസും ബി.ജെ.പി.യും അവയുടെ സംരക്ഷകരായി മാറുകയായിരുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമെന്നാണു ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ ഖാപ് പഞ്ചായത്തുകളെ വിശേഷിപ്പിച്ചത്.

ഇത്തരം നിയമവിരുദ്ധ സംവിധാനങ്ങളുടെ സംരക്ഷകർ എങ്ങനെ രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പിലാക്കും? അതൊരു ചോദ്യംതന്നെയാണ്. നിരന്തരം ചോദിച്ചുകൊണ്ടിരിക്കേണ്ട ചോദ്യം. ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സംരക്ഷണം നിരാകരിക്കപ്പെടുന്നിടത്തു ഭൂരിപക്ഷാധിപത്യം ഉടലെടുക്കും. അവിടെനിന്നു ഫാസിസത്തിലേക്കുള്ള ദൂരം വളരെ കുറവാണ്. ഇപ്പോഴെങ്കിലും വിയോജിപ്പിന്റെ സ്വരമുയര്‍ത്തിയില്ലെങ്കില്‍ പിന്നെന്തു ജനാധിപത്യം

content highloghts: uniform civil code, In Depth