ഇസ്താംബുള്‍: തുര്‍ക്കിയിലെ ഹസന്‍കെയ്ഫ് എന്ന പുരാതനനഗരം വെള്ളത്തിനടിയിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ഒരു അണക്കെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പൂര്‍ണമായും ഇല്ലാതാകുന്നത്. ഹസന്‍കെയ്ഫ് എന്ന 12000 വര്‍ഷം പഴക്കമുള്ള നഗരവും അവിടത്തെ പല ചരിത്രശേഷിപ്പുകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലാകും.

വൈദ്യുതി ഉത്പാദനവും തെക്കുകിഴക്കന്‍ മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് തുര്‍ക്കി ഭരണകൂടം ഇലിസു അണക്കെട്ടിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പക്ഷേ, ഹസന്‍കെയ്ഫ് എന്ന പുരാതന നഗരത്തെയും സമീപത്തെ നിരവധി ഗ്രാമങ്ങളെയും ഇല്ലാതാക്കുന്ന പദ്ധതിയായിരുന്നു അത്. അണക്കെട്ടിന്റെ റിസര്‍വോയിര്‍ നിറയുന്നതോടെ ഈ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലാകും. ഇതോടെ പ്രദേശവാസികളും ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും  പരിസ്ഥിതിവാദികളും പദ്ധതിയെ എതിര്‍ത്തു. തുര്‍ക്കിയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കേണ്ടതാണെന്ന് അവര്‍ ശക്തമായി വാദിച്ചു. പക്ഷേ, വര്‍ഷങ്ങള്‍ നീണ്ട ആ ചെറുത്തുനില്‍പ്പൊന്നും വകവയ്ക്കാതെയാണ് തുര്‍ക്കി ഭരണകൂടം അണക്കെട്ടിന്റെ നിര്‍മാണവുമായി മുന്നോട്ടുപോയത്. 

ഹസന്‍കെയ്ഫിന്റെ പ്രതാപം ഇല്ലാതാക്കുന്നതിന് പുറമേ 70000-ത്തിലധികം പേരുടെ കുടിയൊഴിപ്പിക്കലിനും വഴിവെക്കുന്നതായിരുന്നു ഇലിസു അണക്കെട്ട് നിര്‍മാണം. മാത്രമല്ല, വംശനാശം നേരിടുന്ന നിരവധി ജീവജാലങ്ങളെയും ഇത് ദോഷകരമായി ബാധിക്കും. ഒരു മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന നഗരമാണ് ഹസന്‍കെയ്ഫ്. ഏറെ പഴക്കംചെന്ന പാലങ്ങളും ഗുഹകളും ചുണ്ണാമ്പുപാറകളും അടങ്ങുന്ന ഒരു ചരിത്രമ്യൂസിയം. 12-ാം നൂറ്റാണ്ടിലെ അവശേഷിപ്പുകളാണ് ഇതില്‍ പലതും. 

അതേസമയം, അണക്കെട്ടിനെതിരെ പ്രതിഷേധം ശക്തമായിട്ടും തുര്‍ക്കി ഭരണകൂടം അതൊന്നും കണ്ടഭാവമേ നടിച്ചില്ല. കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണ് പദ്ധതിയെന്നതും പ്രതിഷേധിക്കുന്നത് കുര്‍ദുകളായതും ഈ മുഖംതിരിക്കലിന്റെ പ്രധാനകാരണമാണ്.  ലോകത്തെ പലഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതിവാദികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ 2000-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇലിസു അണക്കെട്ടിനുള്ള ധനസഹായം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2006-ല്‍ ചില യൂറോപ്യന്‍ ഏജന്‍സികള്‍ സഹായവുമായി വന്നെങ്കിലും 2009-ല്‍ അവരും പദ്ധതിയില്‍നിന്ന് പിന്മാറി. ഇതോടെ അണക്കെട്ട് നിര്‍മാണം തടയുന്നതില്‍ പ്രതിഷേധക്കാര്‍ വിജയിച്ചെന്ന് കരുതിയെങ്കിലും തൊട്ടടുത്ത വര്‍ഷം തുര്‍ക്കിഷ് ബാങ്കുകള്‍ ധനസഹായം വാഗ്ദാനം ചെയ്തതോടെ പദ്ധതിക്ക് വീണ്ടും ജീവന്‍വെയ്ക്കുകയായിരുന്നു. 

ഹസന്‍കെയ്ഫില്‍നിന്ന് ഒഴിപ്പിക്കുന്നവര്‍ക്കായി സമീപത്ത് ന്യൂഹസന്‍കെയ്ഫ് എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ പുതിയ നഗരം നിര്‍മിച്ചെടുത്തിട്ടുണ്ട്. പക്ഷേ, ഇവിടെ പരിമിതികളേറെയാണെന്നാണ് പ്രദേശവാസികളുടെ പരാതി. വെറും കുടിയൊഴിപ്പിക്കലിന്റെ മാത്രം പ്രശ്‌നമല്ല, ഒരു ചരിത്രത്തെ തന്നെ ഇല്ലാതാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും ഇവര്‍ പറയുന്നു. ഹസന്‍കെയ്ഫിലെ പല പുരാതനനിര്‍മിതികളും സര്‍ക്കാര്‍ പുതിയ നഗരത്തിലേക്ക് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം വളരെ ചുരുക്കം മാത്രമാണ്. 

ഇതിനുപുറമേ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ പുതിയൊരു പ്രശ്‌നത്തിനും ഈ അണക്കെട്ട് വഴിതുറന്നിടുന്നു. അണക്കെട്ടിന്റെ നിര്‍മാണത്തോടെ ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളില്‍നിന്ന് കൂടുതല്‍ വെള്ളം തടഞ്ഞുവെയ്ക്കുകയും ഇറാഖിലേക്കും സിറിയയിലേക്കും കൂടുതല്‍ വെള്ളം ഒഴുകുന്നത് തടയലും തുര്‍ക്കിയുടെ ലക്ഷ്യമാണ്. ഇത് രാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാക്കാനേ സഹായമാകൂ. 

ഇപ്പോള്‍ ഹസന്‍കെയ്ഫില്‍ സഞ്ചാരികളുടെ തിരക്കേറെയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലാകാന്‍ പോകുന്ന ഈ നഗരത്തെ അവസാനമായി കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധിപേര്‍ ഇവിടേക്കെത്തുന്നു. അതെ ഹസന്‍കെയ്ഫ് ഇനി ഓര്‍മകളില്‍ മാത്രമാകുന്ന ഒരു നഗരമാണ്. 

Content Highlights: turkey ilisu dam will soon submerge one of the most ancient town hasankeyf