che guera
photo: mathrubhumi library

ചെ ഗുവേരയെന്ന വിപ്ലവകാരി അമേരിക്കയുടെ മാത്രം ആശങ്കയായിരുന്നില്ല. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മുതൽ ആഫ്രിക്കൻ വൻകര വരെ വിപ്ലവത്തീ പടർത്താൻ തീരുമാനിച്ച ആ വിപ്ലവകാരിയെ നിശ്ശബ്ദനാക്കുക എന്നത് ഒരുപാടുപേരുടെ ആവശ്യമായിരുന്നു.

1967 ഒക്ടോബർ 10-ന് ചെ വധിക്കപ്പെടുമ്പോഴുള്ള സാഹചര്യത്തെക്കുറിച്ച് വ്യത്യസ്തമായ കാര്യങ്ങളാണ് ബൊളീവിയൻ സൈന്യം പുറത്തു പറഞ്ഞത്. എന്നാൽ, അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ. തയ്യാറാക്കിയ (ഡീബ്രീഫിങ്) റിപ്പോർട്ടിൽ ചെയെ എങ്ങനെയാണ് കൊന്നതെന്ന കാര്യം വിശദമായി പറയുന്നുണ്ട്. 

പ്രസ്തുത റിപ്പോർട്ടിൽ നിന്ന് ചെയുടെ അന്ത്യനിമിഷങ്ങൾ:‘1967 ഒക്ടോബർ 30-ന് ബൊളീവിയയിലെ ലാ എസ്പിരാൻസയിലെ ഒരു ചെറിയ പവലിയനിൽ വെച്ച് ചെഗുവേരയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കമ്പനി ബി., സെക്കൻഡ് റേഞ്ചർ ബറ്റാലിയനിലെ ലഫ്. റാൽ എസ്പിനോസ് ലോർഡ് ഇനി പറയും വിധം മൊഴി നൽകി. 

ചൂറോ റാവിനിലെ പോരാട്ടത്തിനുശേഷം ഗുവേരയെയും ‘വില്ലി’യെയും ഒക്ടോബർ എട്ടിന് ഉച്ചയ്ക്കുശേഷം ഹിഗ്വേരയിലേക്ക് തിരിച്ചു കൊണ്ടുപോയി. പിടിക്കപ്പെടുമ്പോൾ ഗുവേരയുടെ മുട്ടിനുതാഴെ കണങ്കാലിനു മുകളിലായി ഒരു ചെറിയ മുറിവുണ്ടായിരുന്നു. ഇത് ലാ ഹിഗ്വേരയിൽ എത്തിയശേഷം ചികിത്സിച്ചു. ലഫ്. എസ്പിനോസ ഗുവേരയുമായി ദീർഘനേരം സംസാരിച്ചെങ്കിലും അദ്ദേഹത്തിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒരു സൈനികനെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും എസ്പിനോസയ്ക്ക് ഗുവേരയോട് അതിയായ ബഹുമാനം തോന്നി. ആ വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകവും എസ്പിനോസയ്ക്കുണ്ടായി. എല്ലാ ചോദ്യങ്ങൾക്കും ഗുവേര ‘ആയിരിക്കാം’, ‘സാധ്യതയുണ്ട്’ എന്നിങ്ങനെയായിരുന്നു മറുപടി നൽകിയിരുന്നത്. 

ഒക്ടോബർ ഒമ്പതിന് അതിരാവിലെ സംഘത്തിന് ഗുവേരയെയു കൂട്ടാളികളെയും കൊല്ലാനുള്ള ഉത്തരവ് ലഭിച്ചു. അതിനുമുമ്പ് എട്ടാം ഡിവിഷന്റെ കമാൻഡർ കേണൽ സന്റാനയ്ക്ക് തടവുകാരെ ജീവനോടെ സൂക്ഷിക്കാനായിരുന്നു നിർദേശം ലഭിച്ചിരുന്നത്. പുതിയ ഉത്തരവ് എവിടെ നിന്നാണ് ഉദ്‌ഭവിച്ചത് എന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് മനസ്സിലായില്ലെങ്കിലും അത് ഉന്നതകേന്ദ്രങ്ങളിൽ നിന്നാണ് വരുന്നതെന്ന് അവർ ഊഹിച്ചു. ക്യാപ്റ്റൻ ഫ്രാഡോ, ഗുവേരയെ കൊല്ലാനുള്ള ചുമതല ലഫ്. പെരെസിനു നൽകി. പക്ഷേ, ഉത്തരവ് നിർവഹിക്കാനാകാതെ പെരെസ് ഇത് കമ്പനി ബി.യിലെ സാർജെന്റ് ടെറാന് കൈമാറി.

ഈ സമയം പെരെസ് ഗുവേരയോട് മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും ആഗ്രഹങ്ങൾ സാധിക്കാനുണ്ടോ എന്ന് ചോദിച്ചു. ഗുവേരയുടെ മറുപടി ‘നിറഞ്ഞ വയറോടെ മരിക്കണം’ എന്നായിരുന്നു. തുടർന്ന് ഭക്ഷണം മാത്രം ചോദിച്ച ഗുവേര ഒരു ഭൗതികവാദിയാണോ എന്ന് പെരെസ് വീണ്ടും ചോദിച്ചു. പ്രശാന്ത ഭാവം പൂണ്ട്‌ ഗുവേര ഇതിന് ‘ആയിരിക്കാം’ എന്ന് വീണ്ടും മറുപടി നൽകി. ‘പാവം തെമ്മാടി’ എന്ന് പറഞ്ഞ് പെരെസ് മുറിയിൽ നിന്ന് പുറത്തുപോയി. 

ഇതിനിടെ സാർജെന്റ് ടെറാൻ കുറേയധികം ബിയറുകൾ കഴിച്ച്, ധൈര്യം സംഭരിച്ച് ഗുവേരയെ തടവുകാരനാക്കിയിരിക്കുന്ന മുറിയിലേക്ക് കടന്നു. ടെറാൻ പ്രവേശിച്ച് ഉടൻ തന്നെ കൈ മുന്നിൽ കെട്ടിയിടപ്പെട്ട ഗുവേര എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നിങ്ങളെന്തിനാണ് വന്നതെന്ന് എനിക്കറിയാം, ഞാൻ തയ്യാറാണ്’’. കുറച്ചു നിമിഷം അദ്ദേഹത്തെ നോക്കിനിന്ന് ടെറാൻ മറുപടി നൽകി: ‘‘നിങ്ങൾക്ക് തെറ്റി, ഇരിക്കൂ.’’ എന്നിട്ട് ടെറാൻ കുറച്ചു നിമിഷത്തേക്ക് പുറത്തുപോയി. 

ചെഗുവേരയ്ക്കൊപ്പം പിടിയിലായ ‘വില്ലി’യെ തൊട്ടപ്പുറത്തുള്ള ഒരു വീട്ടിലായിരുന്നു തടവുകാരനായി സൂക്ഷിച്ചിരുന്നത്. ടെറാൻ പുറത്തുനിന്ന് ധൈര്യം സംഭരിക്കുന്ന അതേ സമയത്ത് സാർജെന്റ് ഹുവാക്ക അവിടെ വില്ലിയെ വെടിവെച്ചുകൊന്നു. ക്യൂബൻ പൗരനായ വില്ലി ബൊളീവിയയിൽ ഖനിക്കാരുടെ കലാപം ആരംഭിക്കുന്നതിന് കാരണക്കാരനായിരുന്നു. വെടിയൊച്ച കേട്ട് ഗുവേര ആദ്യമായി ചകിതനായി കാണപ്പെട്ടു. സാർജെന്റ് ടെറാൻ മുറിയിലേക്ക് തിരിച്ചുവന്നു.

ഗുവേര എഴുന്നേറ്റ് അയാൾക്കഭിമുഖമായി നിന്നു. ടെറാൻ ഇരിക്കാൻ പറഞ്ഞെങ്കിലും വിസമ്മതിച്ച ഗുവേര ‘‘ഇതിന് ഞാൻ നിന്നുകൊള്ളാം’’ എന്നു പറഞ്ഞു. ദേഷ്യം പിടിക്കാൻ തുടങ്ങിയ ടെറാൻ ഗുവേരയോട് വീണ്ടും ഇരിക്കാൻ പറഞ്ഞെങ്കിലും മറുപടി ലഭിച്ചില്ല. ഒടുവിൽ ഗുവേര ഇങ്ങനെ പറഞ്ഞു: ‘‘നിങ്ങളിത് മനസ്സിലാക്കണം, നിങ്ങളൊരു മനുഷ്യനെ മാത്രമാണ് കൊല്ലുന്നത്.’’ ടെറാൻ തന്റെ എം.2 കാർബൈൻ തോക്കിൽനിന്ന് വെടിയുതിർത്തു. ഗുവേര വെടിയേറ്റ് ആ ചെറിയ വീട്ടിലെ മുറിയിലെ ചുമരിലേക്ക് തെറിച്ചുവീണു.’