ദിൻരാത് എന്ന ബംഗാളി ടെലിവിഷൻ ചാനലിന്റെ ലേഖകനായിരുന്നു, ശന്തനു ഭൗമിക്. കഴിഞ്ഞ സെപ്റ്റംബർ 20-നാണ് ആ യുവമാധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊന്നത്. ഗോത്രവർഗക്കാർക്കായി ത്വിപ്ര ലാൻഡ് എന്ന പേരിൽ പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്ന ഇൻഡിജനസ് പീപ്പിൾ ഫ്രന്റ് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി.) മാണ്ഡായിൽ നടത്തിയ റോഡ്‌ ഉപരോധം റിപ്പോർട്ടുചെയ്യാൻ പോയപ്പോഴായിരുന്നു ആസൂത്രിതമായ ആക്രമണം. 

മാധ്യമപ്രവർത്തകന്റെ അരുംകൊല ദേശീയതലത്തിൽത്തന്നെ ചർച്ചാ വിഷയമായി. കൊലപാതകം അന്വേഷിച്ച പ്രത്യേകസംഘം 12 ഐ.പി.എഫ്.ടി. പ്രവർത്തകരെ പ്രതികളാക്കി കേസെടുത്തു. ആ കേസിൽ മുഖ്യപ്രതികളിലൊരാളായ ധീരേന്ദ്ര ദെബ്ബർമയാണ് ഈ തിരഞ്ഞെടുപ്പിൽ മാണ്ഡായി മണ്ഡലത്തിൽ ഐ.പി.എഫ്.ടി.- ബി.ജെ.പി. സഖ്യത്തിന്റെ സ്ഥാനാർഥി.
ശന്തനുവിന്റെ കൊലപാതകത്തിനുമുൻപ്‌ മാണ്ഡായി വാർത്തകളിൽ നിറഞ്ഞത് 1980 ജൂൺ എട്ടിനുണ്ടായ കൂട്ടക്കൊലയെത്തുടർന്നാണ്. ഔദ്യോഗിക കണക്കുപ്രകാരം 255 ബംഗാളികളാണ് അന്ന് കൊല്ലപ്പെട്ടത്. നാനൂറോളം പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഗോത്രസംഘടനകളായ ത്രിപുര ഉപജാതി ജുബ സമിതിയും ത്രിപുര നാഷണൽ െവാളന്റിയേഴ്‌സുമായിരുന്നു രാജ്യത്തെ നടുക്കിയ കൂട്ടക്കൊലയ്ക്കു പിന്നിൽ. 

ത്രിപുരയിലെ ഗോത്രവർഗ തീവ്രവാദസംഘടനയായിരുന്ന നാഷണൽ ലിബറേഷൻ ഫ്രന്റ് ഓഫ് ത്രിപുര(എൻ.എൽ.എഫ്.ടി.)യുടെ പിന്തുണയോടെ 2000-ലെ സ്വയംഭരണ ജില്ലാകൗൺസിൽ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയതോടെയാണ് ഇപ്പോഴത്തെ ഐ.പി.എഫ്.ടി. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 1980-ലെ കൂട്ടക്കൊലയ്ക്ക് നേതൃത്വംനൽകിയ ത്രിപുര ഉപജാതി ജുബ സമിതിയും ത്രിപുര നാഷണൽ െവാളന്റിയേഴ്സും ഐ.പി.എഫ്.ടി. യിൽ ലയിച്ച് 2002-ൽ ഇൻഡിജനസ് നാഷണൽ പാർട്ടി ഓഫ് ത്രിപുര(ഐ.എൻ.പി.ടി.)യ്ക്ക് രൂപംകൊടുത്തു. ത്രിപുരപിടിക്കാനുറച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2003-ലെയും 2008-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇവരുമായാണ് സഖ്യമുണ്ടാക്കിയത്. ഐ.എൻ.പി.ടി.ക്ക്‌ കുറച്ചു സീറ്റു കിട്ടിയെങ്കിലും കോൺഗ്രസിന് ഭരണം കിട്ടിയില്ല. ഐ.എൻ.പി.ടി. പിളർന്ന് പിന്നീട് നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ത്രിപുര(എൻ.എസ്.പി.ടി.)യും നാഷണൽ കോൺഫറൻസ് ഓഫ് ത്രിപുര(എൻ.സി.ടി.)യും വന്നു. അവശേഷിച്ചവർ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ പഴയ ഐ.പി.എഫ്.ടി. 

പുനരുജ്ജീവിപ്പിച്ചു. അവരുമായി ചേർന്നാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. 
അടിസ്ഥാനവൈരുധ്യങ്ങൾ പലതുണ്ട് ഈ സഖ്യത്തിൽ. ത്രിപുരയിലെ പ്രബല ക്രൈസ്തവ വിഭാഗമായ ബാപ്റ്റിസ്റ്റ് ചർച്ചിന്റെ പിന്തുണയോടെയാണ് എൻ.എൽ.എഫ്.ടി. രൂപംകൊണ്ടത്. സഭയുടെ പിന്തുണയുള്ള എൻ.എൽ.എഫ്.ടി.യെ എതിർത്തുകൊണ്ടാണ് കല്യാൺ ആശ്രം എന്ന പദ്ധതിയിലൂടെ ആർ.എസ്.എസ്. ത്രിപുരയിൽ വേരുപിടിപ്പിക്കുന്നതുതന്നെ. ത്രിപുരയെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ഐ.പി.എഫ്.ടി.ക്കും അവിഭക്ത ത്രിപുരയ്ക്കുവേണ്ടി നിലകൊള്ളുന്ന ബി.ജെ.പി.ക്കും എങ്ങനെ യോജിക്കാനാവുന്നു എന്ന ചോദ്യമാണ് പ്രചാരണരംഗത്ത് സി.പി.എം. ഉയർത്തുന്നത്. 

വടക്കുകിഴക്കുള്ള മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല ത്രിപുര. ഇവിടത്തെ ഗോത്ര മേഖലകൾ പ്രത്യേകം ഭൂഭാഗമല്ല. റബ്ബർ കൃഷിയിലൂടെ സമ്പന്നരായവരും ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ലാത്തവരുമുണ്ട് ഗോത്രവർഗക്കാരുടെ കൂട്ടത്തിൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 7,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുകയാണ് ത്രിപുര സ്വയംഭരണ ജില്ലാ കൗൺസിൽ. സംസ്ഥാനവിസ്തൃതിയുടെ 70 ശതമാനം വരുന്ന ഈ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുള്ളതാണ് ഐ.പി.എഫ്.ടി.യുടെ നിർദിഷ്ട സംസ്ഥാനം. ‘‘ഈ ചെറിയ സംസ്ഥാനം ഇനിയും വിഭജിക്കണമെന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്?’’ -സി.പി.എമ്മിന്റെ ഗോത്രവർഗ നേതാവും എം.പി.യുമായ ജിതേന്ദ്ര ചൗധരി ചോദിക്കുന്നു. ‘‘മറ്റേതൊരു സംസ്ഥാനത്തെക്കാളും നല്ല സ്ഥിതിയിലാണ് ഇവിടത്തെ ഗോത്രവർഗക്കാർ. മധ്യവർഗത്തിൽപ്പെട്ട ചില യുവാക്കൾ മാത്രമാണ് വിഘടനവാദികൾക്കൊപ്പമുള്ളത്’’-ജിതേന്ദ്ര ചൗധരി പറഞ്ഞു.

ദശരഥ് ദേബിനുശേഷം ഗോത്രവിഭാഗത്തിൽനിന്നു ത്രിപുരയ്ക്കു ലഭിച്ച മികച്ച നേതാവാണ് ജിതേന്ദ്ര ചൗധരി. 1978-ൽ സി.പി.എം. ആദ്യമായി ത്രിപുരയിൽ അധികാരത്തിൽവന്നപ്പോൾ ആദിവാസികൾക്കിടയിലെ അനിഷേധ്യനേതാവായ ദശരഥ് ദേബിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു സംസ്ഥാനഘടകത്തിന്റെ ആലോചന. പൊളിറ്റ്ബ്യൂറോ അംഗം പ്രമോദ് ദാസ് ഗുപ്തയുടെ ഇടപെടലിനെത്തുടർന്നാണത്രേ ബംഗാളിയായ നൃപൻ ചക്രവർത്തി മുഖ്യമന്ത്രിപദത്തിലെത്തിയത്.

ഇത് വലിയൊരബദ്ധമായിരുന്നുവെന്നും ദശരഥ് ദേബിനെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ ഗോത്രവിഭാഗങ്ങളുടെ പൂർണവിശ്വാസം ആർജിക്കാനാവുമായിരുന്നെന്നും ത്രിപുരയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കാരിൽ ഒരാളായ ബിരേൻ ദത്ത പറഞ്ഞിട്ടുണ്ട്. ഏറെ വൈകി 1993-ൽ ദശരഥ് ദേബ് മുഖ്യമന്ത്രി പദത്തിലെത്തിയതോടെ നൃപൻ ചക്രവർത്തി പാർട്ടിയുമായി അകലുകയും ചെയ്തു. ദശരഥ് ദേബിനു മുമ്പോ ശേഷമോ ഗോത്രവിഭാഗത്തിൽ നിന്നൊരാൾ ത്രിപുരയിൽ മുഖ്യമന്ത്രിപദത്തിലെത്തിയിട്ടില്ല. കോൺഗ്രസ് എക്കാലവും ബംഗാളികളുടെ പാർട്ടിയായിരുന്നു.

‘‘1948-ൽ ത്രിപുരയിലെ ജനസംഖ്യയുടെ 80 ശതമാനവും ഗോത്രവർഗക്കാരായിരുന്നു. ഇപ്പോഴുള്ളത് 30 ശതമാനം മാത്രം. സംസ്ഥാനത്ത് ഞങ്ങളിപ്പോൾ ന്യൂനപക്ഷമാണ്. ഗോത്ര സ്വയംഭരണ പ്രദേശങ്ങളിലും ബംഗാളികൾ ഞങ്ങളെ പിന്തള്ളിക്കൊണ്ടിരിക്കുകയാണ്’’ -ഐ.പി.എഫ്.ടി. വൈസ് പ്രസിഡന്റ് സിന്ധുകന്യ ജമാതിയ പറഞ്ഞു. മുഖ്യധാരാ പാർട്ടികളുടെയും ഭരണത്തിന്റെയും നേതൃത്വം ബംഗാളികൾക്കായതോടെയാണ് ഗോത്രവർഗ തീവ്രവാദ സംഘടനകൾ ത്രിപുരയിൽ ശക്തിപ്പെട്ടത്. ബംഗാളികളും സി.പി.എമ്മിന്റെ ഗോത്രസംഘടനയായ ത്രിപുര രാജയേർ ഉപജാതി ഗണമുക്തി പരിഷത്തിന്റെ പ്രവർത്തകരുമായിരുന്നൂ തീവ്രവാദത്തിന്റെ  ഇരകൾ.

അതിർത്തിക്കപ്പുറം ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിച്ച ഗോത്രസംഘടനകൾ അടിക്കടി അക്രമം അഴിച്ചുവിട്ടപ്പോൾ 1997-ൽ ത്രിപുരയിൽ സായുധസേനയ്ക്ക് പ്രത്യേക അവകാശം നൽകുന്ന നിയമം(അഫ്‌സ്പ) നടപ്പാക്കി. സംഘർഷഭൂമിയായിരുന്ന ത്രിപുര സമാധാനത്തിലേക്ക് കയറിയത് മാണിക് സർക്കാറിന്റെ ഭരണകാലത്താണ്. അദ്ദേഹത്തിന്റെ ശുപാർശപ്രകാരമാണ് 2005-ൽ കേന്ദ്രം സായുധസേനാ നിയമം പിൻവലിച്ചത്. ഐ.പി.എഫ്.ടി.ക്ക് ബി.ജെ.പി.യും കേന്ദ്രസർക്കാറും നൽകുന്ന പിന്തുണ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് സി.പി.എം. പറയുന്നു. 

ഭരണം ലഭിച്ചാൽ സ്വയംഭരണ ജില്ലാ കൗൺസിലിനെ സംസ്ഥാന കൗൺസിലായി മാറ്റുമെന്നും നേരിട്ട് കേന്ദ്രഫണ്ട് ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നുമാണ് ബി.ജെ.പി.യുടെ വാഗ്ദാനം. ബി.ജെ.പി.യുടെ ഈ നിർദേശം തട്ടിപ്പാണെന്ന് 
പറഞ്ഞ് തള്ളിക്കളഞ്ഞയാളാണ് ഐ.പി.എഫ്.ടി. പ്രസിഡന്റ് എൻ.സി. ദെബ്ബർമ. പക്ഷേ, തിരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ അദ്ദേഹം നിലപാടു മാറ്റി ബി.ജെ.പി.യോടൊപ്പം ചേർന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷി സംസ്ഥാനത്തും അധികാരത്തിൽ വന്നാൽ അതിന്റെ പ്രയോജനം ലഭിക്കുക ഗോത്രവർഗക്കാർക്കാണെന്ന് ദെബ്ബർമ അവകാശപ്പെടുന്നു. സംസ്ഥാനം  വിഭജിക്കണമെന്ന സഖ്യകക്ഷിയുടെ ആവശ്യത്തെപ്പറ്റി ബി.ജെ.പി. നേതൃത്വം ഒന്നും പറയുന്നില്ല.

ഗോത്രവർഗ സംഘടനകൾ പലതുണ്ടെങ്കിലും അന്നും ഇന്നും ത്രിപുരയിലെ ആദിവാസികൾക്കിടയിലെ ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.ക്ക് സി.പി.എം. വിരുദ്ധരായ ഗോത്രവർഗക്കാരുടെപോലും പൂർണപിന്തുണ അവകാശപ്പെടാനാകില്ല. ഇൻഡിജനസ് നാഷണലിസ്റ്റ് പാർട്ടി ഓഫ് ത്രിപുരയും നാഷണൽ കോൺഫറൻസ്  ഓഫ് ത്രിപുരയും സഖ്യമുണ്ടാക്കി 14 സീറ്റിൽ മത്സരിക്കുന്നുണ്ട്. ഒരേസമയം, സി.പി.എമ്മിനെയും ബി.ജെ.പി.യും എതിർക്കുകയാണ് അവർ. സംസ്ഥാനനിയമസഭയിൽ ഗോത്രവർഗക്കാർക്ക്‌ സംവരണം ചെയ്ത 20 സീറ്റും ഇപ്പോൾ സി.പി.എമ്മിെന്റ െൈകയിലാണ്. ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് കൗൺസിലിലെ (ടി.ടി.എ.എ.ഡി.സി.) 90 ശതമാനം സീറ്റും സി.പി. എമ്മിനാണ്.