സാമ്പത്തികവിദഗ്‌ധരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കുറിച്ചു വിലയിരുത്തുമ്പോൾ ഉപയോഗിക്കുന്ന പ്രധാന പദങ്ങളാണ് ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവത്‌കരണം എന്നൊക്കെ. ഇത്തരം നിയോലിബറൽ നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവർ ഉണ്ടാകാം. രാജ്യങ്ങളെയെല്ലാം ഒരു ‘കുടക്കീഴിലാക്കാൻ’ ലോകബാങ്കും ലോക വ്യാപാരസംഘടനയും  വികസിതരാജ്യങ്ങളും മുന്നോട്ടുെവച്ച സിദ്ധാന്തമായോ, നയങ്ങളായോ ഇവയെ വ്യാഖ്യാനിക്കുകയും ചെയ്യാം. എന്തുതന്നെയായാലും ഇത്തരം നിയോലിബറൽ നയങ്ങളും ഇത് യാഥാർഥ്യമാക്കാനുള്ള വ്യാപാരകരാറുകളും രാജ്യത്തെ സാധാരണ ജനത്തെ എങ്ങനെ ബാധിച്ചു എന്നും ഭാവിയിൽ എങ്ങനെയൊക്കെ ബാധിക്കും എന്നും പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ആഗോളീകരണം, ഉദാരീകരണം, സ്വകാര്യവത്കരണം എന്നിവ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുമെന്നും ഇതിലൂടെ ദാരിദ്ര്യം തുടച്ചു നീക്കപ്പെടുമെന്നും നമ്മുടെ രാജ്യത്തിന് സാമ്പത്തിക പുരോഗതി ഉണ്ടാകുമെന്നും സാധാരണ ജനത്തെ വിശ്വസിപ്പിച്ചു കൂടെനിർത്തി വിദേശകരാറുകൾ ഒപ്പിട്ടു മത്സരിക്കുകയായിരുന്നു ഇതുവരെ ഭരിച്ച  കേന്ദ്ര സർക്കാരുകൾ. 1990 മുതൽ ഇന്ത്യയും ഇത്തരം നയങ്ങളെ അംഗീകരിക്കുകയും വിവിധ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറുകൾ ഉൾപ്പെടെയുള്ള പലതരം കരാറുകളിൽ ഒപ്പിടാനും തുടങ്ങി.

തുടർന്ന് വ്യവസായവാണിജ്യരംഗം, ആരോഗ്യം, വിവരസാങ്കേതികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായതായി അവകാശപ്പെട്ടു. രാജ്യത്തിെന്റ ആഭ്യന്തര ഉത്‌പാദനത്തിന്റെ സൂചിക മേൽപ്പോട്ടുകുതിച്ചു, ഓഹരവിപണി സൂചിക അഞ്ച് അക്കത്തിലേക്ക്‌ കടന്നു. ബഹുനില കെട്ടിടങ്ങളും മേൽപ്പാലങ്ങളും മെട്രോകളും വൻകിട വ്യാപാരശാലകളും രാജ്യത്ത് വ്യാപകമാകാൻ തുടങ്ങി. എവിടെയും ‘വികസനത്തിന്റെ’ അലയൊലികൾ. ഇന്ത്യ വികസിതരാജ്യമെന്ന പട്ടികയിൽ കടക്കാൻ ഇനി അധിക ദൂരമില്ല എന്ന് ഭരണകർത്താക്കളും അവരെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്‌ധരും ജനതയെ വിശ്വസിപ്പിച്ചു. എന്നാൽ, ശരിക്കും ഈ വികസനത്തിന്റെ ഗുണഭോക്താക്കൾ ആരാണ്? നമ്മുടെ രാജ്യത്തിന്റെ സമ്പത്തിന്റെ 73 ശതമാനവും കൈയാളുന്ന കേവലം ഒരു ശതമാനംവരുന്ന ധനികരോ? അതോ, രാജ്യത്ത്‌ 70 ശതമാനത്തോളം വരുന്ന ഗ്രാമീണജനതയോ? 

വികസനത്തിന്റെയും പുരോഗതിയുടെയും അളവുകോൽ സമ്പന്നന്മാരുടെ ജീവിതസാഹചര്യത്തെയും വൻവ്യവസായികളുടെ പ്രവർത്തനലാഭങ്ങളുടെയും മറ്റ് ഭൗതിക സൗകര്യങ്ങളുടെയും അടിസ്ഥാനത്തിലാക്കി എന്നു വേണം കരുതാൻ. എന്നാൽ, വികസനവും പുരോഗതിയും പെരുപ്പിച്ചു കാട്ടുമ്പോൾ അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്. 

എന്തുകൊണ്ട് പട്ടിണിമരണങ്ങളും കർഷക ആത്മഹത്യകളും വർധിക്കുന്നു? എന്തുകൊണ്ട് പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള സാമ്പത്തിക അന്തരം  കൂടുന്നു? എന്തുകൊണ്ട് തൊഴിലില്ലായ്മ കൂടുന്നു? എന്തുകൊണ്ട് ഗ്രാമീണജനത നഗരങ്ങളിലേക്ക് കുടിയേറുന്നു? എന്തുകൊണ്ട് കാർഷികരംഗം മുരടിക്കുന്നു? എന്തുകൊണ്ട് ഗ്രാമീണ മേഖലയിലെ കുട്ടികൾക്കും സ്ത്രീകൾക്കും പോഷകമൂല്യമുള്ള ആഹാരം ലഭിക്കുന്നില്ല? ഈ സാഹചര്യങ്ങളെല്ലാം നിലനില്ക്കുമ്പോൾ വികസനം അവകാശപ്പെടാനുള്ള അർഹത നമുക്കുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം വിവിധ ഉത്തരങ്ങൾ ഉണ്ടെങ്കിലും. അതിൽ പരമപ്രധാനമായായി എടുത്തുപറയാനുള്ളത് രാജ്യ താത്‌പര്യത്തിനു വിരുദ്ധമായുള്ള വിദേശനയങ്ങളാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം മാറി മാറി ഭരിച്ച കേന്ദ്ര സർക്കാരുകൾ ലോക ബാങ്ക്, ലോകവ്യാപാര സംഘടന, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവരുടെ  സമ്മർദത്തിനു വഴങ്ങി രാജ്യത്തിനു ഗുണത്തെക്കാൾ ദോഷങ്ങളുണ്ടാക്കുന്ന കരാറുകൾ അംഗീകരിക്കാൻ തുടങ്ങി. ഇതിന്റെ ഭവിഷ്യത്തുകൾ അനുഭവിച്ചതാകട്ടെ കർഷകരും ചെറുകിട കച്ചവടക്കാരും ഉൾപ്പെടുന്ന സാധാരണ ജനതയാണ്.

1
ഏതൊരു രാജ്യത്തിനും പുരോഗതിയുണ്ടാകാൻ മറ്റു രാജ്യങ്ങളുടെ സഹായവും  സഹകരണവും അനിവാര്യമാണ്. അതിനായി പലതരം കരാറിലേർപ്പെടേണ്ടതും അത്യാവശ്യം തന്നെയാണ്. പക്ഷേ, ഇത്തരം കരാറുകൾ സഹായത്തിനുപകരം രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന രീതിയിലാകാതെ ശ്രദ്ധിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. എന്നാൽ, ഇന്ത്യ ഇതുവരെ ഒപ്പിട്ട കരാറുകളിൽ ഇതു പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കാരണം ഇത്തരം കരാറുകളുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കാർഷികരംഗത്തും ചെറുകിട മേഖലയിലുമാണ്. ഇവയാണ്   രാജ്യത്തെ സാധാരണ ജനതയെ നിലനിർത്തുന്നത്.

എന്നാൽ, ഇന്ന് ഇതെല്ലാം പൂർണമായി തകർച്ചയുടെ വക്കിൽ എത്തി നിൽക്കുകയാണ്. സാമ്പത്തിക അസമത്വം വർധിക്കുന്നു, തൊഴില്ലായ്മയും കർഷക ആത്മഹത്യയും പെരുകുന്നു, ഗ്രാമീണ മേഖലയിൽനിന്നും തൊഴിലിനായി കൃഷി ഉപേക്ഷിച്ച് ജനങ്ങൾ നഗരങ്ങളിലേക്ക് കുടിയേറുന്നു. ഇത്തരം മാറ്റങ്ങൾ രാജ്യത്തിൽ സാമൂഹിക അസന്തുലിത സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യം വികസനപാതയിൽ എന്ന് എങ്ങനെ അവകാശപ്പെടാൻ സാധിക്കും? അപ്പോൾ വികസനം എന്ന് അവകാശപ്പെടുന്നതിന്റെ അളവുകോൽ നേരത്തേ സൂചിപ്പിച്ചതുപോലെ കുത്തകകളുടെ വളർച്ച മാത്രമാണ്.  ഇന്നത്തെ അവസ്ഥയിൽ ഈ രാജ്യം തന്നെ  കോർപ്പറേറ്റുകൾക്കായി തീറെഴുതി നൽകിയോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റം പറയാനാവില്ല.

കാർഷികരംഗം ഉൾപ്പെടെ സാധാരണക്കാരനെ ബാധിക്കുന്ന വിവിധ മേഖലയിൽ  നേരിടുന്ന പ്രതിസന്ധികളുടെ പ്രധാന കാരണം ഇത്തരം കരാറുകളുടെ ഭവിഷ്യത്തുകളാണ്. 1975 മുതൽ സ്വതന്ത്രവ്യാപാരകരാർ ഉൾപ്പെടെ പതിനേഴോളം വ്യാപാരകരാറുകളാണ് മറ്റു രാജ്യങ്ങളുമായി ഇന്ത്യ ഇതുവരെ ഒപ്പുെവച്ചിട്ടുള്ളത്. ഇതിൽ കാർഷികമേഖലയ്ക്ക് ഏറ്റവും ദോഷം ചെയ്തത് ആസിയാൻ (ASEAN) കരാറാണ്. 

2003-ൽ വാജ്‌പേയി സർക്കാർ, കരാറിന്റെ കരട് അംഗീകരിച്ചുവെങ്കിലും തുടർന്നു വന്ന യു. പി.എ. സർക്കാർ കരാർ പൂർണമായി പ്രാബല്യത്തിൽ വരുത്തുകയാണുണ്ടായത്. ഈ കരാർ ഏറ്റവും ദോഷമായി ബാധിച്ചത് കേരളത്തെയാണ്. 489 ഇനം ഉത്‌പന്നങ്ങളെ കരാറിലെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രം ആദ്യം സമ്മതിച്ചെങ്കിലും സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഉത്‌പന്നങ്ങളൊന്നും നെഗറ്റീവ് ലിസ്റ്റിൽ ഇടംപിടിച്ചില്ല. അവയിൽ പ്രധാനമാണ് റബ്ബർ, കാപ്പി, കുരുമുളക്, തേയില, നാളികേരം തുടങ്ങിയവ. കേരളത്തിന്റെ സമ്പദ്‌ഘടനയും നട്ടെല്ലായിരുന്ന റബ്ബറിന്റെ ഇന്നത്തെ അവസ്ഥയ്ക്ക്‌ ഇതു തന്നെയാണ് കാരണവും. വിയറ്റ്‌നാമിൽ നിന്നുള്ള കുരുമുളക് ശ്രീലങ്ക വഴിയേ നമ്മുടെ രാജ്യത്തിലേക്ക് ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ കുരുമുളകിന്റെ വില ഇടിഞ്ഞതും ഈ കരാറിന്റെ മറ്റൊരു പ്രത്യാഘാതമാണ്. 

കരാർ  പ്രാബല്യത്തിലായതോടു കൂടി നിലംപരിശായത് നമ്മുടെ മത്സ്യമേഖലയാണ്. സംസ്ഥാനത്തെ 90 ശതമാനത്തോളം മത്സ്യങ്ങളും പട്ടികയുടെ പുറത്തായി. വിദേശത്തുനിന്നുള്ള മത്സ്യങ്ങൾ കുറഞ്ഞവിലയ്ക്ക് ലഭിക്കാൻ തുടങ്ങിയപ്പോൾ  പ്രാദേശിക മത്സ്യവിപണി തകർന്നടിഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുത്ത പലരുടെയും തൊഴിലുകൾ നഷ്ടപ്പെട്ടു. ഇതിന്റെ ഫലമായി നമുക്ക് ലഭിക്കുന്നത് ഫോർമാലിനും അമോണിയയും മറ്റുമടങ്ങിയ രാസവസ്തുക്കൾ പ്രയോഗിച്ച മത്സ്യങ്ങളെയാണ്. ഇതു സമീപകാലത്തായി നമുക്ക് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ, ഈ അവസ്ഥ ഇവിടം കൊണ്ടവസാനിക്കുന്നില്ല. ഇതിനെക്കാളും ഭയാനകരമായ അവസ്ഥയ്ക്ക് വഴിതുറക്കാൻ പോവുകയാണ്. നരേന്ദ്രമോദി നേതൃത്വം നല്കുന്ന എൻ.ഡി.എ. സർക്കാർ. ആർ.സി.ഇ.പി. (റീജണൽ കോംപ്രിഹൻസീവ് എക്കണോമിക് പാർട്ണർഷിപ്) എന്ന സ്വതന്ത്ര വ്യാപാര  കരാറിലൂടെ. 

(നിയമസഭാ സാമാജികനാണ്‌ ലേഖകൻ)

നാളെ: ഇന്ത്യയും ആർ.സി.ഇ.പി. കരാറും