ഹ്യനില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി കേരളത്തെ നനയ്ക്കുന്ന നദികളില്‍ സഹ്യന് കിഴക്കുള്ളവര്‍ കണ്ണുവെച്ച ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് വഴി അവര്‍ വെള്ളം തങ്ങള്‍ പറയുന്നിടത്തേയ്ക്ക് തിരിച്ചു വിട്ടു. അതുകഴിഞ്ഞപ്പോള്‍ പെരിയാറിന്റെ ഉറവിടം വെട്ടി കിഴക്കോട്ട് ഒഴുക്കാനായി ശ്രമം. മൂന്ന് തുണ്ടങ്ങളായി (തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍) കിടക്കുന്ന മലയാളക്കരയില്‍ ആരും തങ്ങളെ എതിര്‍ക്കാനുണ്ടാകില്ലെന്ന് മദിരാശിയിലിരുന്നവര്‍ കണക്കു കൂട്ടി. 

സമര്‍ത്ഥമായ ചരടുവലിയവര്‍ അതിനായി നടത്തിക്കൊണ്ടിരുന്നു. ഇടുക്കിയില്‍ അണ പണിത് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നതാണെങ്കിലും വന്‍ സാമ്പത്തികച്ചെലവ് കാരണം തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഉപേക്ഷിച്ചിരുന്നു. ഇതും മദിരാശിക്കാര്‍ നന്നായി മുതലെടുത്തു. മലകള്‍ തുരന്ന് കിഴക്കോട്ട് വെള്ളമെന്ന പദ്ധതി തയ്യാറാക്കി ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു അവര്‍. 

കൃഷിയും വൈദ്യുതി ഉത്പാദനവുമായിരുന്നു മദിരാശിക്കാരുടെ ലക്ഷ്യം. ഒരു ഘട്ടത്തില്‍ അതിനവകാശം അവര്‍ക്ക് ലഭിച്ചേക്കുമെന്ന സ്ഥിതി വരെയുണ്ടായി. എന്നാല്‍ രണ്ടാം ലോകയുദ്ധകാലത്ത് സാമ്പത്തിക ബാധ്യത കാരണം ബ്രിട്ടീഷുകാര്‍ വന്‍കിട പദ്ധതികള്‍ തത്കാലം വേണ്ടെന്ന് വെച്ചു. ബ്രിട്ടീഷുകാര്‍ പോയിട്ടും പഴയ മദിരാശിക്കാര്‍ ശ്രമം തുടര്‍ന്നു. തങ്ങളുടെ ആഗ്രഹം നടപ്പാക്കാന്‍ അവര്‍ ഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ആസൂത്രണ ബോര്‍ഡിന്റെ മുന്നില്‍വരെ കാര്യമെത്തിച്ചു. ഇതറിഞ്ഞ കുറേപ്പേര്‍ കൊച്ചിയില്‍ മറു പണി തുടങ്ങിയിരുന്നു. 

കൊച്ചിക്കാരുടെ നിവേദനം

വിദഗ്ദ്ധരും അല്ലാത്തവരുമായുള്ള ഒരു സംഘം കൊച്ചിക്കാര്‍ ഇവിടെ എത്തുന്ന ആസൂത്രണ മന്ത്രി ഗുല്‍സാരിലാല്‍ നന്ദയ്ക്ക് നല്‍കുവാനായി ഒരു നിവേദനം തയ്യാറാക്കി. സഹ്യന്റെ മടിത്തട്ടില്‍ നിന്നൊഴുകുന്ന പെരിയാറിനെ മല തുരന്ന് കിഴക്കോട്ട് ഒഴുക്കിയാല്‍ മലയാളക്കരയിലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അവര്‍ നിവേദനത്തില്‍ അക്കമിട്ട് നിരത്തി. തിരുവിതാംകൂറിലും കൊച്ചിയിലുമുള്ള രാഷ്ട്രീയ പ്രക്ഷുബ്ധത കാരണം രണ്ട് സര്‍ക്കാരുകള്‍ക്കും മദിരാശിക്കാരുടെ നീക്കത്തെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പെരിയാറിന്റെ ഉത്ഭവ സ്ഥാനത്തിനടുത്തുള്ള അണക്കെട്ട് കൊച്ചിക്കു ചുറ്റുമുണ്ടാക്കുന്ന കാര്‍ഷിക സമൃദ്ധിയെക്കുറിച്ച് വിസ്തരിച്ച നിവേദനത്തില്‍ വൈദ്യുതി ഉത്പാദനത്തില്‍ നല്‍കേണ്ട മുന്‍ഗണനയും എടുത്തുകാട്ടി. 

പെരിയാറിന്റെ തുടക്കമായിരുന്ന കുറത്തിപ്പാറയ്ക്ക് കുറുകെ അണകെട്ടിയാല്‍ ഇരുന്നൂറ് ചതുരശ്ര നാഴിക വിസ്താരമുള്ള ജലാശയം നിര്‍മിക്കാമെന്നും ഇതിനനുബന്ധമായി ചെറുതോണിയില്‍ മറ്റൊരു അണക്കെട്ട് നിര്‍മിക്കുമ്പോഴുണ്ടാകുന്ന ജലാശയവും കൂടി ചേര്‍ന്നാല്‍ വൈദ്യുതി ഉത്പാദനത്തില്‍ രാജ്യത്ത് തന്നെ പ്രഥമ സ്ഥാനം ഈ നാടിന് കൈവരുമെന്നും ഇവര്‍ കണക്കുകള്‍ നിരത്തി സമര്‍ത്ഥിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമാകുമിത്. ചില പുല്‍മേടുകളല്ലാതെ കാട്ടു പ്രദേശങ്ങള്‍ മുങ്ങിപ്പോകില്ല. 

Idukki
ഇടുക്കി അണക്കെട്ട് നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം

ജനവാസമില്ലാത്തതിനാല്‍ ആ പ്രശ്നവുമുദിക്കുന്നില്ല. ഭാവിയില്‍ ഒരു വന്‍നഗരമായിപ്പോലും വികസിക്കുമിവിടം. നാടുകാണിമല തുരന്നാല്‍ എണ്ണായിരം അടി നീളത്തില്‍ തുരങ്കമുണ്ടാക്കാം. ഇതുവഴി കൊടത്തൂര്‍ പുഴയിലേയ്ക്ക് വെള്ളമൊഴുക്കി 2300 അടി ഉയരമുള്ള ജലപാതയുണ്ടാക്കാം. അറക്കുളം ക്ഷേത്രത്തിന് സമീപമാകണം പവര്‍ഹൗസ്. ഈ ജലപാതം ഉപയോഗിച്ച് ടര്‍ബന്‍ പ്രവര്‍ത്തിപ്പിക്കാം. ഈ പ്രദേശത്ത് പ്രതിവര്‍ഷം ഇരുന്നൂറ് ഇഞ്ച് വരെ മഴ ലഭിക്കുന്നുണ്ട്. ജല ദൗര്‍ലഭ്യം മൂലമുള്ള വൈദ്യുതി ഉത്പാദന തകര്‍ച്ച ഒരിക്കലുമുണ്ടാകില്ലെന്ന് ഇത് ഉറപ്പാക്കുന്നു. തേക്കടി പോലുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രം സ്വാഭാവികമായി ഉയരുന്ന ഇവിടെ സഞ്ചാരികള്‍ക്കെത്താന്‍ കൊച്ചിയില്‍ നിന്ന് മധുരയിലേയ്ക്ക് തീവണ്ടിപ്പാത നിര്‍മിക്കണം. 

ഇടുക്കി ഡാം കൊച്ചിക്കുണ്ടാക്കുന്ന വളര്‍ച്ചയും പ്രവചിക്കുന്നുണ്ട് നിവേദനത്തില്‍. കൊച്ചിക്ക് ചുറ്റും ചെറുനഗരങ്ങള്‍ ഉയരുന്നുമെന്നും അവര്‍ ദീര്‍ഘ ദര്‍ശനം ചെയ്യുന്നു നിവേദനത്തില്‍. എന്ന് മാത്രമല്ല കൊച്ചിക്കാവശ്യമായ കുടിവെള്ളം വരെ ഇടുക്കിയില്‍ നിന്ന് പൈപ്പുകള്‍ വഴി എത്തിക്കാം. വൈദ്യുതിക്കും കുടിവെള്ളത്തിനുമാവശ്യമായത് കഴിഞ്ഞുള്ള ജലം കൊച്ചിക്കു ചുറ്റും കുന്നത്തുനാട്ടിലും മൂവാറ്റുപുഴയിലും വൈക്കം താലൂക്കിന്റെ വടക്കന്‍ ഭാഗങ്ങളിലുമുള്ള നിലവിലെ നെല്‍കൃഷി മുപ്പൂവാക്കി ഉയര്‍ത്തും. 

അത് വഴി മറ്റൊരു നെല്ലറ കൊച്ചിക്ക് ചുറ്റും രൂപപ്പെടും. കാര്‍ഷിക സമൃദ്ധിയുടെ നടുവിലൊരു നഗരമെന്ന പട്ടം പേറാന്‍ കൊച്ചിയെ പ്രാപ്തമാക്കും കുറത്തിപ്പാറയിലേയും ചെറുതോണിയിലേയും അണക്കെട്ടുകള്‍. 125 ചതുരശ്ര മൈല്‍ വിസ്തൃതിയിലുള്ള മുപ്പൂ കൃഷിപ്പാടങ്ങളും അതിന് നടുവിലെ കൊച്ചി നഗരവുമായിരുന്നു നിവേദകര്‍ വിഭാവനം ചെയ്തിരുന്നത്. കൊച്ചിയില്‍ നിന്ന് 37 മൈല്‍ അകലെയുള്ള ഇടുക്കി ജലാശയത്തെ നാവിക സേനയ്ക്ക് പോലും ഉപയോഗിക്കാമെന്ന നിര്‍ദേശവും നിവേദകര്‍ക്കുണ്ടായിരുന്നു.
കേരള സംസ്ഥാനം നിലവില്‍ വന്നതോടെ തമിഴ് നാട്ടില്‍ നിന്നുള്ള ആവശ്യം കെട്ടടങ്ങി. അതിനു മുന്‍പ് (1955) ഗുല്‍സാരിലാല്‍ നന്ദയ്ക്ക് നല്‍കിയ നിവേദനം തയ്യാറാക്കിയ ആ കൊച്ചിക്കാര്‍ ഇന്നും അജ്ഞാതം. തിരുകൊച്ചിയിലെ പൗരപ്രമുഖരെ ആയിരുന്നു നിവേദനത്തില്‍ പറഞ്ഞിരുന്നത്. 

അതേ സമയം ഇടുക്കി ജല വൈദ്യുത പദ്ധതിയെന്ന ആശയത്തിന് രണ്ടാം ലോക യുദ്ധത്തിന് മുന്‍പ് തന്നെ മുളപൊട്ടിയിരുന്നു. ഒരു യൂറോപ്യന്‍ എന്‍ജിനീയര്‍ (ഇദ്ദേഹം ഇറ്റലിക്കാരനാണെന്നും അതല്ല ജര്‍മന്‍കാരനാണെന്നും രണ്ടഭിപ്രായമുണ്ട്) ആയിരുന്നു ഇടുക്കിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റും വിധത്തില്‍ അണ നിര്‍മിക്കാമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പണച്ചെലവും ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റഴിക്കാനുമുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് ഈ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. 

Idukki
ഇടുക്കി അണക്കെട്ട് നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലം

പള്ളിവാസല്‍ പദ്ധതി കൈക്കൊതുങ്ങുമെന്ന അഭിപ്രായമായിരുന്നു തിരുവിതാംകൂര്‍ ഗവണ്‍മെന്റിനുണ്ടായിരുന്നത്.
1940 കളില്‍ ഡബ്ല്യൂ.ജെ. ജോണ്‍, ജോസഫ് ജോണ്‍ എന്നീ എന്‍ജിനീയര്‍മാര്‍ ഇടുക്കി പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ഇരുപത്തിയാറ് കോടി രൂപയായിരുന്നു അവര്‍ കണക്കാക്കിയ പദ്ധതിച്ചെലവ്. 

ലോകയുദ്ധം കാരണം അസംസ്‌കൃത സാധനങ്ങള്‍ക്കുണ്ടായ വിലക്കയറ്റമാണ് ചെലവ് ഇത്രയുമുയര്‍ത്തിയത്. യുദ്ധാനന്തരം വിലയിടിയുമെന്നും അപ്പോള്‍ പതിനെട്ട് മുതല്‍ ഇരുപത് കോടി രൂപ വരെ മാത്രമേ ചെലവുണ്ടാകൂവെന്നും അവര്‍ കണക്ക് സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കി. പക്ഷേ സാമ്പത്തികച്ചെലവ് ഭയന്ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ടിന്റെ മേലും കൈവെച്ചില്ല. എങ്കിലും സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഇടുക്കി പദ്ധതിയെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരുന്നു. 

അന്നത്തെ ഗവണ്‍മെന്റിന്റെ നിര്‍ദേശ പ്രകാരം പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ ആദ്യ സംഘം കൊച്ചിയില്‍ നിന്ന് 1947ല്‍ ഇടുക്കിയിലേക്ക് പോയിരുന്നു. കേരളത്തെ വെളിച്ചത്തിലേക്ക് നയിക്കുന്ന ആദ്യ ചുവടു വെയ്പായിരുന്നു അത്.