തകർന്നുപോയ ജീവിതം
സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു രൂപംനല്കിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ മികച്ച മുൻനിര ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു നമ്പി നാരായണൻ. ഒരുകൂട്ടം പോലീസുദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരുംകൂടി ആ ശാസ്ത്രജ്ഞന്റെ ഔദ്യോഗികജീവിതത്തെയും ശാസ്ത്രനേട്ടങ്ങളെയും പിച്ചിച്ചീന്തി. ഭീകരമായ മർദനമുറകളായിരുന്നു അദ്ദേഹം നേരിട്ടത്. തിരുവനന്തപുരത്ത് പെരുന്താന്നിയിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും പുറത്തിറങ്ങാൻ വയ്യാത്ത സ്ഥിതിയായി. രാജ്യത്തെ ഒറ്റിക്കൊടുത്ത 'ചാരന്റെ' ഭാര്യ വീട്ടിനുള്ളിലേക്കൊതുങ്ങിക്കൂടി.

കെട്ടിച്ചമച്ച കാരണങ്ങൾ
ഒരു ഉപഗ്രഹത്തെ 36,000 കിലോമീറ്റർ  അകലെയുള്ള ജിയോ സിൻക്രോണസ് ഭ്രമണപഥത്തിലെത്തിക്കാനുള്ള ക്രയോജനിക് സാങ്കേതികവിദ്യയിൽ വിദഗ്ധനായിരുന്നു നമ്പി നാരായണൻ. റഷ്യയിൽനിന്ന് ഈ സാങ്കേതികവിദ്യ ഇന്ത്യ വാങ്ങുന്നത് അമേരിക്ക തടഞ്ഞിരുന്നു. ക്രയോജനിക് എൻജിൻ സംബന്ധിച്ച് ഐ.എസ്.ആർ.ഒ.യും റഷ്യയിലെ ഗ്ലാവ്‌കോസ്മോസും തമ്മിൽ 1992 ജനുവരിയിൽ കരാർ ഒപ്പുവെച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. 1993-ൽ അമേരിക്ക ഐ.എസ്.ആർ.ഒ.-ഗ്ലാവ്‌കോസ്മോസ് കരാറിനെ കരിമ്പട്ടികയിൽ പെടുത്തി. എതിർക്കാൻ റഷ്യയ്ക്ക് കരുത്തുണ്ടായിരുന്നില്ല. നമ്പി നാരായണന്റെ നേതൃത്വത്തിൽ ഒരുസംഘം ബഹിരാകാശ ശാസ്ത്രജ്ഞന്മാർ അരയും തലയും മുറുക്കി രംഗത്തിറങ്ങി. അമേരിക്കക്കാരറിയാതെ ഗ്ലാവ്‌കോസ്മോസ് ഈ സംഘത്തെ സഹായിച്ചു. 1996 ഡിസംബർ 17-നാണ് ഐ.എസ്.ആർ.ഒ. ആദ്യത്തെ ക്രയോജനിക് എൻജിന്റെ പരീക്ഷണം നടത്തിയത്. വെറും പത്തുസെക്കൻഡ് മാത്രം നീണ്ടുനിന്ന തീരേ ചെറിയൊരു പരീക്ഷണമായിരുന്നു അത്. നമ്പിനാരായണനെ അറസ്റ്റുചെയ്ത് ഏതാണ്ട് 26 മാസങ്ങൾക്കുശേഷം. നമ്പി നാരായണനും കൂട്ടരും ക്രയോജനിക് എൻജിൻ സാങ്കേതികവിദ്യ മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയാ ഹസൻ എന്നിവർ വഴി  പാകിസ്താനിലേക്ക്‌ കടത്തിയെന്നതായിരുന്നു ഐ.ബി. കെട്ടിച്ചമച്ച ചാരക്കേസിന്റെ അടിസ്ഥാനം. അതിസങ്കീർണമായ സാങ്കേതികവിദ്യ അത്രകണ്ട്‌ വിദ്യാഭ്യാസമൊന്നുമില്ലാത്ത മാലിസ്ത്രീകൾ വഴി കടത്തിയെന്ന്‌ കഥ.

പോരാട്ടത്തിന്റെ വഴികൾ
സത്‌പേരും മാനവും സ്വന്തം ജോലിയും അത്‌  നൽകിയിരുന്ന വലിയ സാധ്യതകളുമെല്ലാം നഷ്ടപ്പെട്ട നമ്പി നാരായണൻ പക്ഷേ, അടിപതറാതെ നിന്നു. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ സി.ബി.ഐ. കണ്ടെത്തി. നുണക്കഥകളും കേട്ടുകേൾവികളുമൊക്കെ നിരത്തിവെച്ച്‌ കേരളാപോലീസിലെ ചില ഉദ്യോഗസ്ഥർക്ക്‌ എങ്ങനെ ഇതുപോലൊരു കേസ്‌ കെട്ടിപ്പൊക്കാനായി എന്നത്‌ ഇനിയും ഉത്തരംകിട്ടാത്ത ചോദ്യം. ഇതിന്‌ ഉത്തരവാദിത്വമേൽക്കാൻപോലും ആരുമില്ലാത്ത സ്ഥിതിയും വന്നിരിക്കുന്നു. അന്ന്‌ ഐ.ജി. ആയിരുന്ന രമൺ ശ്രീവാസ്തവയെ സസ്പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ അന്നത്തെ ഐ.ബി. ഉദ്യോഗസ്ഥരായ മാത്യുജോണും കെ.ബി. ശ്രീകുമാറും അന്നത്തെ ഡി.ജി.പി. ടി.വി. മധുസൂദനനെ നേരിൽക്കണ്ട്‌ ആവശ്യപ്പെട്ടിരുന്നു. മതിയായ തെളിവുകളില്ലാതെ, ഐ.ജി.യായ ശ്രീവാസ്തവയെ സസ്പെൻഡ്‌ ചെയ്യാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ക്ഷുഭിതരായി കാലുകൾ ആഞ്ഞുചവിട്ടിയാണ്‌ ഐ.ബി. ഉദ്യോഗസ്ഥർ പുറത്തിറങ്ങിയത്‌.  ഇതേ ആവശ്യവുമായി രണ്ടുപേരും ക്ലിഫ്‌ഹൗസിലെത്തി മുഖ്യമന്ത്രി കെ. കരുണാകരനെയും കണ്ടു. കരുണാകരന്‌ ഏറ്റവുമടുപ്പമുള്ള ഉദ്യോഗസ്ഥരിലൊരാളായിരുന്നു ശ്രീവാസ്തവ. സസ്പെൻഡ്‌ ചെയ്യാനാവില്ലെന്നു പറഞ്ഞ്‌ കരുണാകരനും അവരെ മടക്കി.

കരുണാകരന്റെ വീഴ്ച
രമൺ ശ്രീവാസ്തവയെ സസ്പെൻഡ്‌ ചെയ്യാൻ കരുണാകരൻ അന്ന്‌ തയ്യാറായിരുന്നുവെങ്കിൽ കേരളരാഷ്ട്രീയത്തിന്റെ വഴി മറ്റൊന്നാവുമായിരുന്നോ എന്ന ചോദ്യത്തിനും ഇന്ന്‌ പ്രസക്തിയുണ്ട്. കോൺഗ്രസിനുള്ളിൽ ആന്റണിപക്ഷം കടുത്ത കരുണാകരവിരുദ്ധവികാരം ഉണർത്തിവിട്ട സമയമായിരുന്നു അത്‌.  കരുണാകരൻ രാജ്യദ്രോഹിയാണെന്ന്‌ കോൺഗ്രസിലെ സമുന്നത നേതാക്കൾതന്നെ പ്രസംഗിച്ചുനടക്കാൻ തുടങ്ങി. കോൺഗ്രസിനുള്ളിലെ കരുണാകരവിരുദ്ധനീക്കത്തിന്‌ ചാരക്കേസും രമൺശ്രീവാസ്തവയുടെ പേരിലുണ്ടായ വിവാദങ്ങളും ആക്കംകൂട്ടി.  കരുണാകരനെതിരേ രാഷ്ട്രീയസമ്മർദം മുറുകി. 1995 മാർച്ച് 16-ന് കെ. കരുണാകരൻ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു രാജിവെച്ചു. മാർച്ച് 22-ാം തീയതി എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇഴഞ്ഞുനീങ്ങിയ നടപടികൾ
എസ്. വിജയൻ, കെ.കെ. ജോഷ്വ, സിബിമാത്യൂസ് എന്നീ കേരളാ പോലീസുദ്യോഗസ്ഥരുടെ പേരിലാണ് സുപ്രീംകോടതി അന്വേഷണം നിർദേശിച്ചിരിക്കുന്നത്. സി.ബി.ഐ. സംഘത്തിന്റെ ശുപാർശയാണ് ഇതിനടിസ്ഥാനം. ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയശേഷം രണ്ട് റിപ്പോർട്ടുകൾ സി.ബി.ഐ. തയ്യാറാക്കിയിരുന്നു. കേരള പോലീസിന്റെ വീഴ്ചകളെക്കുറിച്ചുള്ള റിപ്പോർട്ട് കേരളസർക്കാരിനും ഐ.ബി. ഉദ്യോഗസ്ഥരെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാരിനും സമർപ്പിക്കുകയായിരുന്നു. കേരളാപോലീസിന്റെ വീഴ്ചകളെപ്പറ്റിയുള്ള റിപ്പോർട്ടിൽ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവരുടെ പേരുകളാണുള്ളത്. 1996-ലെ നായനാർ സർക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മുമ്പിലെത്തിയതാണ്. സുപ്രീംകോടതി വിധി വന്നിട്ടു തീരുമാനമെടുക്കാം എന്ന് മുഖ്യമന്ത്രി ഫയലിൽ കുറിച്ചു. 1998 ഏപ്രിലിൽ സുപ്രീംകോടതിവിധി വന്നുവെങ്കിലും സർക്കാർ ഇതുസംബന്ധിച്ച് തീരുമാനമൊന്നുമെടുത്തില്ല. ചാരക്കേസ് നടക്കുന്ന കാലത്ത് തിരുവനന്തപുരത്തു പത്രപ്രവർത്തകനായിരുന്ന ജെ. രാജശേഖരൻ നായർ ഹൈക്കോടതിയിൽ പരാതി നൽകി. കോടതി ഉത്തരവിനെത്തുടർന്ന് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ചീഫ് സെക്രട്ടറിയായിരുന്ന സി.പി. നായർ ഈ ഫയൽ മുഖ്യമന്ത്രിക്ക് നൽകി. 13 വർഷം കഴിഞ്ഞ കേസാണിതെന്നും ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥർക്കെതിരേ ഒരു കോടതിയും നടപടിയൊന്നും ആവശ്യപ്പെട്ടില്ലെന്നുമായിരുന്നു സി.പി. നായർ മുഖ്യമന്ത്രിക്കു നൽകിയ കുറിപ്പിൽ എഴുതിയിരുന്നത്. നടപടിയൊന്നും വേണ്ടെന്ന് ഉമ്മൻചാണ്ടി ഫയലിൽ രേഖപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ അപ്പീലുമായി നമ്പി നാരായണനാണ് സുപ്രീംകോടതിയിൽ പോയത്.
(മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ)