ഹൈദരാബാദ്: തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണണെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഏവരുടെയും ആവശ്യം. ഇതിനിടെ പ്രിയപ്പെട്ട മകളെ നഷ്ടമായതിന്റെ വേദനയിലും അവളെ ഇല്ലാതാക്കിയ കാപാലികര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് ആ യുവഡോക്ടറുടെ അമ്മ. 

ആജ് തക് ടി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകളുടെ ജീവനെടുത്തവരെ അതേരീതിയില്‍ തന്നെ ശിക്ഷ നടപ്പാക്കണമെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടത്. 'എന്റെ മകളെ കത്തിച്ചതുപോലെ അവരെയും കത്തിക്കണം. അതാണ് എനിക്കുവേണ്ടത്'- അവര്‍ പറഞ്ഞു. 

സംഭവദിവസം മകള്‍ അവസാനമായി തന്നെ ഫോണില്‍ വിളിച്ചുപറഞ്ഞ കാര്യങ്ങളും അവര്‍ ഓര്‍ത്തെടുത്തു. 'വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് അവള്‍ പറഞ്ഞത്. നല്ല വിശപ്പുണ്ടെന്നും പഴങ്ങള്‍ അരിഞ്ഞുവെയ്ക്കണമെന്നും പറഞ്ഞിരുന്നു. പക്ഷേ, ടയര്‍ പഞ്ചറായതിനെക്കുറിച്ചോ മറ്റോ എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അവള്‍ക്ക് വേണ്ട ഭക്ഷണവും തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു ഞാന്‍'- നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞുനിര്‍ത്തി. 

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമങ്ങള്‍ വേണമെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പ്രതികരണം. 'മകളെ കാണാതായതിന്റെ പിറ്റേദിവസം രാവിലെ 7.30-നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. പക്ഷേ, പത്തുമണിയോടെയാണ് ഞങ്ങളെ വിവരമറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ചിലര്‍ ഇപ്പോള്‍ പറയുന്നുണ്ട് ആ സമയത്ത് മകള്‍ 100-ല്‍ വിളിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന്. പക്ഷേ, നൂറില്‍ വിളിച്ച് പരാതി പറയാന്‍ ഒരുപാട് കടമ്പകളുണ്ട്.' അല്ലെങ്കില്‍ നൂറില്‍ വിളിച്ചശേഷം ജീവന്‍ രക്ഷപ്പെട്ട ആരെങ്കിലും തെലങ്കാനയിലുണ്ടോ എന്നും പിതാവ് ചോദിക്കുന്നു. 

'ദിവസവും 14 മണിക്കൂറോളം പഠിച്ചാണ് അവള്‍ അവളുടെ സ്വപ്‌നങ്ങള്‍ നേടിയെടുത്തത്. പഠനത്തിനുശേഷം അവള്‍ ജോലിക്കുകയറി. മൂന്നുവര്‍ഷത്തോളം ജോലിചെയ്തു'- അദ്ദേഹം പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് തെലങ്കാനയിലെ യുവ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. യുവതിയുടെ സ്‌കൂട്ടര്‍ പഞ്ചറാക്കി വളരെ ആസൂത്രിതമായായിരുന്നു പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ നാലുപ്രതികളും നിലവില്‍ ജയിലിലാണ്. 

Content Highlights: telangana veterinary doctor rape and murder; country wide protest and her mother reaction